ഗുലാം നബിക്ക് കശ്മീരില്‍ പോവാന്‍ അനുമതി; യൂസഫ് താരിഗാമിക്കും മടങ്ങാമെന്ന് സുപ്രിംകോടതി

ശ്രീനഗര്‍, ബാരാമുള്ള, അനന്ത്‌നാഗ്, ജമ്മു എന്നിവിടങ്ങളില്‍ അദ്ദേഹത്തിന് സന്ദര്‍ശനം നടത്താമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കി. അതേസമയം, ഇവിടങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്നും സുപ്രിംകോടതി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. കശ്മീരില്‍ സന്ദര്‍ശനം നടത്താനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗുലാംനബി ആസാദ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇക്കാര്യം വ്യക്തമാക്കിയത്.

Update: 2019-09-16 07:10 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് ജമ്മു കശ്മീരിലേക്ക് പോവാന്‍ സുപ്രിംകോടതി അനുമതി നല്‍കി. ശ്രീനഗര്‍, ബാരാമുള്ള, അനന്ത്‌നാഗ്, ജമ്മു എന്നിവിടങ്ങളില്‍ അദ്ദേഹത്തിന് സന്ദര്‍ശനം നടത്താമെന്നാണ് സുപ്രിംകോടതി വ്യക്തമാക്കി. അതേസമയം, ഇവിടങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്നും സുപ്രിംകോടതി കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. കശ്മീരില്‍ സന്ദര്‍ശനം നടത്താനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഗുലാംനബി ആസാദ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിന്റെ അധികാരം എടുത്തുകളഞ്ഞതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും ചോദ്യംചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികളാണ് സുപ്രിംകോടതി പരിഗണിച്ചത്.

ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സും രാജ്യസഭാ എംപിയും എംഡിഎംകെ സ്ഥാപകനുമായ വൈക്കോ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് തുടങ്ങിയവരാണ് ഹരജികള്‍ സമര്‍പ്പിച്ചത്. കശ്മീരുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവെ, ആവശ്യമെങ്കില്‍ കശ്മീരില്‍ നേരിട്ട് സന്ദര്‍ശനം നടത്തുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കശ്മീരില്‍ ആറ് മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികളും കൗമാരക്കാരും നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് ആക്ടിവിസ്റ്റ് എനാക്ഷി ഗാംഗുലി നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രിംകോടതിയുടെ നിര്‍ണായക ഇടപെടല്‍. ഇക്കാര്യത്തില്‍ ജമ്മു കശ്മീര്‍ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപ്പോള്‍, ഹൈക്കോടതിയില്‍ പോവുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നായിരുന്നു ഗാംഗുലിയുടെ അഭിഭാഷകന്റെ മറുപടി.

കശ്മീര്‍ ഹൈക്കോടതിയിലേക്ക് പോവുന്നതുകൊണ്ട് എന്തുബുദ്ധിമുട്ടാണെന്ന് ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചു. അതെന്താണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസില്‍നിന്ന് അറിയണമെന്നും ആവശ്യമെങ്കില്‍ താന്‍ കശ്മീരിലേക്ക് പോവുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സിപിഎം നേതാവും എംഎല്‍എയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്ക് കശ്മീരിലേക്ക് മടങ്ങാനും സുപ്രിംകോടതി അനുമതി നല്‍കി. ഇഷ്ടമുള്ള ആശുപത്രിയില്‍ തരിഗാമിക്ക് ചികില്‍സ തേടാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കശ്മീരില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ അനുവദിക്കണമെന്ന തരിഗാമിയുടെ ആവശ്യം കോടതി തള്ളി. സപ്തംബര്‍ ഒമ്പതിനാണ് കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിഞ്ഞിരുന്ന തരിഗാമിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു തരിഗാമിയെ എയിംസിലേക്ക് മാറ്റിയത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹര്‍ജിയിന്‍മേലായിരുന്നു തരിഗാമിയെ എയിംസിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടത്. ഫറൂഖ് അബ്ദുല്ലയെ കാണാനില്ലെന്ന് കാണിച്ച് എംഡിഎംകെ നേതാവ് വൈക്കോ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനും ജമ്മു കശ്മീര്‍ ഭരണകൂടത്തിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ച് ഫറൂഖ് അബ്ദുല്ലയെ നിയമവിരുദ്ധമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിയുന്നില്ലെന്നും വൈക്കോയുടെ അഭിഭാഷകന്‍ ജി ആനന്ദശെല്‍വം സുപ്രിംകോടതിയെ അറിയിച്ചു.

കശ്മീര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും നിയമവിരുദ്ധവും ഏകപക്ഷീയവുമാണ്. ഫറൂഖ് അബ്ദുല്ലയുടെ അറസ്റ്റും തടങ്കലും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിന്റെ മൂലക്കല്ലായ അഭിപ്രായസ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നുകയറ്റമാണെന്നും വൈക്കോയുടെ അഭിഭാഷകന്‍ വാദിച്ചു. ഇതോടെ ഫറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലാണോ എന്ന് സുപ്രിംകോടതി ചോദിച്ചു. തുടര്‍ന്നാണ് കശ്മീര്‍ ഭരണകൂടത്തിന്റെയും കേന്ദ്രത്തിന്റെയും വിശദീകരണം തേടി നോട്ടീസ് അയക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചത്.  

Tags:    

Similar News