കശ്മീരും കശ്മീരികളും പതിയെ പതിയെ മരിക്കുകയാണ്: യൂസഫ് തരിഗാമി

Update: 2019-09-17 12:50 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ഇടപെടല്‍ മൂലം കശ്മീരിന്റെ സ്ഥിതി അതീവ ഗുരുതരമായി മാറിയെന്നു കശ്മീരിലെ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തരിഗാമിയുടെ പ്രതികരണം.

കശ്മീരും കശ്മീരികളും പതിയെ പതിയെ മരിക്കുകയാണ്. കശ്മീരിനെ സംരക്ഷിക്കേണ്ടവര്‍ തന്നെയാണ് കശ്മീരിനെ അപമാനിച്ചത്. കശ്മീരിലെ വാര്‍ത്ത വിനിമയം, സഞ്ചാര സ്വാതന്ത്ര്യം, കച്ചവടം, വിദ്യാഭ്യാസം, ആശുപത്രി എല്ലാം നിശ്ചലമാണ്. നേതാക്കള്‍ തടങ്കലിലും. മനുഷ്യാവകാശം എന്നൊന്നില്ലാതായി. ഫാറൂഖ് അബ്ദുല്ലയോ മറ്റു നേതാക്കളോ ഭീകരവാദികളുമല്ല. നിങ്ങള്‍ ഒരു ഭാഗം മാത്രം കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കൂ. തങ്ങള്‍ക്കു പറയാനുള്ളതു കൂടി കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറാവണം. കശ്മീരികള്‍ സ്വര്‍ഗമല്ല ചോദിക്കുന്നത്. സ്വസ്ഥമായി ജീവിക്കാനൊരിടം മാത്രമാണെന്നും തരിഗാമി പറഞ്ഞു. തനിക്ക് സ്വാതന്ത്ര്യം അനുഭവിക്കാന്‍ അവസരം നല്‍കിയതിന് സുപ്രിംകോടതിക്ക് നന്ദിയുണ്ടെന്നും തരിഗാമി പറഞ്ഞു.

കശ്മീരിലെ സ്ഥിതി ചൂണ്ടിക്കാട്ടി സിപിഎം വീണ്ടും സുപ്രിം കോടതിയെ സമീപിക്കുമെന്നു സീതാറാം യെച്ചൂരി പറഞ്ഞു.

നിരവധി തവണ എംഎല്‍എ ആയ വ്യക്തിയാണ് താരിഗാമി. അദ്ദേഹത്തെയാണ് സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്. കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി നിലനിര്‍ത്താന്‍ യത്‌നിച്ച ഫാറൂഖ് അബ്ദുള്ളയുടെ അറസ്റ്റ് അംഗീകരിക്കാനാവില്ല.

വൈദ്യുതിയോ സുഗമമായ ഗതാഗതസംവിധാനമോ കശ്മീരിലില്ല. ആശുപത്രികളില്‍ മരുന്ന് പോലും ഇല്ലെന്നും യെച്ചൂരി പറഞ്ഞു.

കശ്മീരില്‍ വീട്ടുതടങ്കലിലായിരുന്ന തരിഗാമിയെ ചികില്‍സക്കായി ഡല്‍ഹിയിലെ എയിംസിലേക്കു മാറ്റുകയായിരുന്നു. യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ച് കോടതിയാണ് തരിഗാമിയെ എയിംസിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചത്. 

Tags:    

Similar News