യൂസുഫ് തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രിംകോടതിയുടെ അനുമതി

കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രിം കോടതി തീരുമാനം. സന്ദര്‍ശനമല്ലാതെ മറ്റു കാര്യങ്ങളൊന്നും പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെയാണ് തരിഗാമിയെ കശ്മീരില്‍ തങ്കലിലാക്കിയത്.

Update: 2019-08-28 05:46 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ സിപിഎം എംഎല്‍എ മുഹമ്മദ് യൂസുഫ് തരിഗാമിയെ കാണാന്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സുപ്രിം കോടതി അനുമതി നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രിം കോടതി തീരുമാനം. സന്ദര്‍ശനമല്ലാതെ മറ്റു കാര്യങ്ങളൊന്നും പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെയാണ് തരിഗാമിയെ കശ്മീരില്‍ തങ്കലിലാക്കിയത്.

പൗരന്മാരെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അബ്ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധിച്ചു. സന്ദര്‍ശനം രാഷ്ട്രീയ കാലുഷ്യമുണ്ടാക്കുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചപ്പോള്‍ യെച്ചൂരിയുടെ സന്ദര്‍ശനം രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശം നല്‍കി. മുഹമ്മദ് അലീം സെയ്ദിന് രക്ഷിതാക്കളെ കാണാന്‍ അനന്ത്‌നാഗിലേക്ക് യാത്ര ചെയ്യാനും സുപ്രിം കോടതി അനുമതി നല്‍കി.

നാലു തവണ കുല്‍ഗാമില്‍ നിന്ന് സിപിഎം എംഎല്‍എ ആയ തരിഗാമിയെ തടഞ്ഞുവച്ചതിനെതിരേ യെച്ചൂരി ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. ആഗസ്ത് 5ന് ആണ് തരിഗമിയെ പിടികൂടിയത്. 72കാരനായ തരിഗാമിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് യെച്ചൂരിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ പറഞ്ഞു.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആഗസ്ത് 9ന് തരിഗാമിയെ കാണുന്നതിനു വേണ്ടി യെച്ചൂരി ശ്രീനഗറിലേക്ക് യാത്ര ചെയ്തിരുന്നു. എന്നാല്‍, വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു. തന്റെ സന്ദര്‍ശന ഉദ്ദേശ്യത്തെക്കുറിച്ച് കശ്മീര്‍ ഗവര്‍ണര്‍ക്ക് നേരത്തേ വിവരം നല്‍കിയെങ്കിലും ക്രമസമാധാന പ്രശ്‌നം പറഞ്ഞു അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് യെച്ചൂരി ഹരജിയില്‍ ചൂണ്ടിക്കാട്ടി.

പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന തരിഗാമിയെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും അതിനാലാണ് ഹേബിയസ് കോര്‍പസ് ഹരജി നല്‍കുന്നതെന്നും യെച്ചൂരി വ്യക്തമാക്കി.

ജാമിഅ മില്ലിയ ഇസ്ലാമിയയില്‍ നിന്ന് നിയമബിരുദം നേടിയ മുഹമ്മദ് അലീം സെയ്ദ് ആഗ്‌സ്ത് 4ന് ശേഷം തന്റെ മാതാപിതാക്കളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. 

Tags:    

Similar News