ചികില്‍സ നല്‍കാതെ ബാലിക മരിച്ച സംഭവം: കൂടുതല്‍ ഇരകളുണ്ടോ എന്ന് അന്വേഷിക്കുന്നു

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കണ്ണൂര്‍ സിറ്റിയിലെ നിരവധി ആളുകളെ ഉവൈസ് ഇത്തരത്തില്‍ ചികില്‍സ നടത്തിയിട്ടുണ്ട്

Update: 2021-11-04 11:00 GMT

കണ്ണൂര്‍: മതിയായ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് കണ്ണൂരില്‍ പതിനൊന്ന് വയസുകാരി ഫാത്തിമ മരിച്ച കേസുമായി ബന്ധപ്പെട്ട് പോലിസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനൊരുങ്ങുന്നു. രോഗികളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാതെ ആത്മീയ ചികില്‍സ നടത്തി ആളുകളെ പറ്റിക്കുന്ന സിദ്ധന്‍ ഉവൈസിന്റെ വലയില്‍ കുടുങ്ങിയാണ് കുട്ടിയുടെ രക്ഷിതാവ് ഫാതിമയെ മരണത്തിന് വിട്ട് കൊടുത്തത്. ഇത്തരത്തില്‍ തട്ടിപ്പിനിരയായ കൂടുതല്‍ കുടുംബങ്ങളുണ്ടെന്നാണ് പോലിസ് കണ്ടെത്തല്‍. ഇവരില്‍ നിന്നും പോലിസ് തെളിവ് ശേഖരിക്കും. മാനസികരോഗമടക്കം ഗുരുതര അസുഖങ്ങള്‍ ഉണ്ടായിട്ടും രോഗ ശമനത്തിന് ഉറുക്കും മന്ത്രിച്ച് ഊതലും ഏലസും മാത്രം മതിയെന്ന് വിശ്വസിച്ച് നില്‍ക്കുന്ന ആളുകള്‍ ഇനിയുമുണ്ടോ എന്നും പോലിസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കണ്ണൂര്‍ സിറ്റിയിലെ നിരവധി ആളുകളെ ഉവൈസ് ഇത്തരത്തില്‍ ചികില്‍സ നടത്തിയിട്ടുണ്ട്. ആശുപത്രിയില്‍ വച്ച് മരിണപ്പെട്ടാല്‍ അവര്‍ നരകത്തിലേക്കായിരുക്കും പോവുക എന്നായിരുന്നു ഉവൈസ് ആളുകളോട് പറഞ്ഞ് ഭയപ്പെടുത്തിയരുത്. കണ്ണൂര്‍ സിറ്റി നാലുവയലില്‍ സത്താര്‍ സാബിറ ദമ്പതികളുടെ മകള്‍ എംഎ ഫാത്തിമയുടെ മരണത്തോടെയാണ് ഇയാളുടെ തട്ടിപ്പ് പുറത്തറിയുന്നതും പിടിയിലാകുന്നതും. കഴിഞ്ഞ ഞായറാഴ്ച സ്‌കൂള്‍ തുറക്കുന്നതിന് തലേ ദിവസമാണ് ഫാത്തിമ മരിച്ചത്.

 നാലുദിവസമായി കടുത്ത പനിയുണ്ടായിരുന്ന കുട്ടി പുലര്‍ച്ചെ ബോധരഹിതയായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്വാഭാവിക മരണമാണെന്നും പോസ്റ്റുമോര്‍ട്ടം വേണ്ടെന്നും ബന്ധുക്കള്‍ കടുംപിടുത്തം പിടിച്ചെങ്കിലും പോലിസ് ഇടപെട്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ശ്വാസകോശത്തിലെ അണുബാധയും വിളര്‍ച്ചയുമായിരുന്നു മരണകാരണം. കുട്ടിക്ക് മനപൂര്‍വ്വം ചികിത്സ നല്‍കിയില്ലെന്ന് നാട്ടുകാര്‍ ആക്ഷേപം ഉന്നയിച്ചെങ്കിലും അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലിസ് വിഷയം ഗൗരവത്തിലെടുത്തില്ല. ബന്ധുക്കള്‍ക്ക് പരാതി ഇല്ലാത്തതായിരുന്നു കാരണം.2014 മുതല്‍ ഈ കാലയളവ് വരെ അഞ്ചുപേര്‍ ഉവസൈന്റെ സ്വാധീനത്തില്‍ പെട്ട് ചികിത്സ കിട്ടാതെ മരണപ്പെട്ടതായാണ് നാട്ടുകാര്‍ ആക്ഷേപം ഉന്നയിക്കുന്നത്. 2014 ല്‍ പടിക്കല്‍ സഫിയ, 2016 ഓഗസ്റ്റില്‍ അശ്‌റഫ്, 2017 ഏപ്രിലില്‍ നഫീസു. 2018 മേയില്‍ അന്‍വര്‍ എന്നിവരുടെ മരണത്തെക്കുറിച്ചാണ് പരാതി ഉയര്‍ന്നത്.

 അസുഖം ബാധിച്ചുള്ള സ്വാഭാവികം മരണം എന്ന് കാട്ടി പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് ഇവരെയെല്ലാം ഖബറടക്കിയത്. ഇതുമായി ബന്ധപ്പെട്ടെല്ലാം അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിശ്വാസത്തെയും അന്ധവിശ്വാസത്തെയും ചൂഷണം ചെയ്താണ് ആത്മീയ തട്ടിപ്പുകാര്‍ പണം കൊയ്യുന്നത്. മതത്തിന്റെ വിഷയമെന്ന നിലയ്ക്ക് പൊതുസമൂഹം ഇത്തരം കാര്യങ്ങളില്‍ കാര്യമായ ഇടപെടല്‍ നടത്താറുമില്ല.ാേ

Tags:    

Similar News