അട്ടപ്പാടി ഊരില്‍ ബാലിക സെറിബ്രല്‍ പാള്‍സി ബാധിച്ച് മരിച്ചു: ഇന്നലെ മാത്രം മരിച്ചത് മൂന്ന് കുട്ടികള്‍
ആദിവാസി കുടിലുകളില്‍ നിന്ന് ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
അഗളി: ആദിവാസി ഊരില്‍ ബാലിക സെറിബ്രല്‍ പാള്‍സി ബാധിച്ച് മരിച്ചു. അട്ടപ്പാടിയിലെ കടുകുമണ്ണ ഊരിലെ ജെക്കി-ചെല്ലന്‍ ദമ്പതികളുടെ ആറ് വയസുകാരിയായ മകള്‍ ശിവരഞ്ജിനിയാണ് മരിച്ചത്. സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടിയെ ശ്വാസം മുട്ടുണ്ടായതിനെത്തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിക്ക് രക്തക്കുറവും ഉണ്ടായിരുന്നുവെന്നാണ് വിവരം. ചികില്‍ സനല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദിവാസി കുടിലുകളില്‍ നിന്ന് ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ അട്ടപ്പാടിയില്‍ ഇന്നലെ മാത്രം മൂന്നു ശിശുമരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യ-അയ്യപ്പന്‍ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള പെണ്‍കുട്ടിയും വീട്ടിയൂര്‍ ഊരിലെ ഗീതു-സുനീഷ് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുട്ടിയുമാണ് ഇന്നലെ മരിച്ച മറ്റു രണ്ടു കുട്ടികള്‍. രമ്യ-അയ്യപ്പന്‍ ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള ഹൃദ്രോഗിയായ കുട്ടി അഗളിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോട്ടത്തറ ആശുപത്രിയില്‍ കൊണ്ടുപോകവേയാണ് മരിച്ചത്. ഗീതു-സുനീഷ് ദമ്പതികളുടെ കുട്ടി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
കഴിഞ്ഞ ദിവസം തൂവ ഊരിലെ വള്ളി രാജേന്ദ്രന്റെ ഒന്നരമാസം പ്രായമായ കുഞ്ഞും കുറവന്‍ കണ്ടി തുളസിയുടെയും ബാലകൃഷ്ണന്റെയും കുഞ്ഞും മരിച്ചിരിച്ചിരുന്നു. ഇക്കൊല്ലം പത്തിലേറെ കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. അട്ടപ്പാടി െ്രെഡബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ഗര്‍ഭിണികള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ശിശുമരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ആദിവാസി അമ്മമാര്‍ക്ക് പോഷകാഹാരത്തിനുള്ള പണം നല്‍കുന്ന ജനനി നന്മരക്ഷാ പദ്ധതി മൂന്നുമാസമായി മുടങ്ങിക്കിടക്കുകയാണെന്ന് ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ സുരേഷ് പറഞ്ഞു. നവജാത ശിശുമരണ ആവര്‍ത്തിക്കുമ്പോഴാണ് അട്ടപ്പാടിയിലെ ഗര്‍ഭിണികളും മുലയൂട്ടുന്നവരുമായ ആദിവാസികള്‍ക്കായുള്ള പദ്ധതി മുടങ്ങിക്കിടക്കുന്നത്. പോഷകാഹാരം വാങ്ങുന്നതിനായി അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിമാസം രണ്ടായിരം രൂപയാണ് നല്‍കിയിരുന്നത്. ഈ തുക മൂന്നുമാസമായി വിതരണം ചെയ്തിട്ടില്ല.