സ്വര്‍ണക്കടത്ത്-ഹവാല പണം: രാജ്യസ്‌നേഹപരമായ നടപടിയാണെന്ന് പറയാനാവുമോ...?: മുഖ്യമന്ത്രി

Update: 2024-10-01 13:44 GMT

കോഴിക്കോട്: സ്വര്‍ണക്കടത്ത്-ഹവാല പണം എന്നിവ രാജ്യസ്‌നേഹപരമായ നടപടിയാണെന്ന് പറയാനാവുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് എകെജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വര്‍ണം കടത്തുന്നതും ഹവാല പണം കൊണ്ടുപോവുന്നതും രാജ്യസ്‌നേഹപരമായ നടപടിയാണെന്നും അതിനു നേരെ പോലിസ് കണ്ണടയ്ക്കണമെന്നും ആര്‍ക്കെങ്കിലും പറയാനാവുമോ...?. ഇതുമായി ബന്ധപ്പെട്ട നടപടികളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. സ്വര്‍ണക്കടത്ത്-ഹവാല സംഘത്തെ പിടികൂടുമ്പോള്‍ എന്തിനാണ് ചിലര്‍ക്ക് പൊള്ളുന്നത്. നമ്മുടെ നാട്ടില്‍ നടക്കാന്‍ പാടില്ലാത്തത് നടക്കുമ്പോള്‍ തിരുത്തേണ്ടതില്ലേ. നടപടികളില്‍ വീഴ്ചയുണ്ടെങ്കില്‍ അതല്ലേ ചൂണ്ടിക്കാട്ടേണ്ടത്.

    സ്വര്‍ണക്കടത്ത് പ്രശ്‌നത്തില്‍ കോഴിക്കോട് വിമാനത്താവളം എന്നാണ് പേരെങ്കിലും കരിപ്പൂരിലും മലപ്പുറം ജില്ലയിലുമാണ് സ്ഥിതി ചെയ്യുന്നത്. ആ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് മലപ്പുറം ജില്ലയിലെ കേസായാണ് രേഖപ്പെടുത്തുക. ഞാനത് കൃത്യമായി അവതരിപ്പിക്കുകയും ചെയ്തു. 2020 മുതലുള്ള സ്വര്‍ണക്കടത്ത് പരിശോധിച്ചാല്‍ കേരളത്തില്‍ ആകെ 147.79 കിലോഗ്രാം ആണ് സ്വര്‍ണം പിടികൂടിയത്. ഇതില്‍ 124.47 കിലോഗ്രാമും കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് പിടികൂടിയത്. അപ്പോള്‍ സ്വാഭാവികമായും വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല എന്ന കണക്കില്‍ മലപ്പുറത്തിന്റെ പേരില്‍ വരും. കൊവിഡ് കാലത്ത് കുറവുണ്ടായിരുന്നു. 2022 ല്‍ 73.31 കിലോ അതായത് 37.96 കോടിയുടേത്. 2023ല്‍ 32.8 കിലോയും പിടികൂടി. 2024ല്‍ 26 കേസുകള്‍ 17 കിലോയിലധികം 11.62 കോടിയിലേറെ രൂപയുടെ സ്വര്‍ണം. ഇതാണ് വേര്‍തിരിച്ചുപറഞ്ഞത്. ഇത് സംസ്ഥാനത്ത് പിടികൂടിയതില്‍ ഏറ്റവും കൂടുതലാണെന്നത് വസ്തുതയാണ്. ഹവാല പണം പിടിച്ചതും പറഞ്ഞു. 122 കോടിയില്‍ 87 കോടി മലപ്പുറം ജില്ലയില്‍ നിന്നാണ് പിടികൂടിയത്. അതിന്റെയും വര്‍ഷം തിരിച്ച കണക്കുകളുണ്ട്. സ്വര്‍ണക്കടത്ത്-ഹവാല പണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാടിന്റെ പൊതു അവബോധത്തിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. പോലിസ് ഒരു നടപടിയും സ്വീകരിക്കേണ്ടെന്ന് പറയാനാവുമോ.

    തെറ്റ് അത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അതിനാല്‍ തന്നെ ആവശ്യമായ നടപടികളുണ്ടാവും. ഹിന്ദു പത്രം ഞാന്‍ ഡല്‍ഹിയിലുള്ളപ്പോള്‍ ഇന്റര്‍വ്യൂ എടുത്തിരുന്നു. അതില്‍ ഞാന്‍ പറയാത്തൊരു ഭാഗം അവര്‍ കൊടുത്തു. മാധ്യമധര്‍മം കൃത്യമായി പാലിച്ചുപോരുന്ന സ്ഥാപനമാണത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് കത്തയച്ചു. ഞങ്ങള്‍ക്ക് വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ചതായാണ് മനസ്സിലാക്കുന്നത്. സംസ്ഥാനത്തെ ഏതെങ്കിലും ഒരു ജില്ലയെയോ ഏതെങ്കിലും ഒരു മതവിഭാഗത്തെയോ കുറ്റപ്പെടുത്തുന്ന സമീപനം എന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇതെല്ലാം പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്. എന്നാല്‍, ചില കാര്യങ്ങളില്‍ വിയോജിപ്പ് പറയാറുണ്ട്. വര്‍ഗീയ ശക്തികളെ തുറന്നെതിര്‍ക്കാറുണ്ട്. ആ വര്‍ഗീയ ശക്തി എന്നത് ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗമല്ല. ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയ നിലപാട് സ്വീകരിക്കുന്ന ആര്‍എസ്എസിനെ എതിര്‍ക്കുന്നത് ഹിന്ദുവിനെ എതിര്‍ക്കലല്ലല്ലോ. ന്യൂനപക്ഷ വര്‍ഗീയത നാട്ടിലുണ്ട്. അതിനെ എതിര്‍ക്കുന്നത് ഏതെങ്കിലും ന്യൂനപക്ഷ വിഭാഗത്തെ എതിര്‍ക്കുന്നതായി കാണാന്‍ പാടുണ്ടോ. ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും അതില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News