സ്വര്‍ണക്കടത്ത്: യുഎഇ അറ്റാഷെ ഇന്ത്യ വിട്ടു
അറ്റാഷെയുടെ പേരില്‍ സരിത്ത് തയ്യാറാക്കി വ്യാജ കത്ത് പുറത്ത്
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെ യുഎഇ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈഖിരി ഇന്ത്യ വിട്ടു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അറ്റാഷെ തിരുവനന്തപുരത്തു നിന്നു ഡല്‍ഹിയിലേക്കു പോയത്. രണ്ടുദിവസം മുമ്പാണ് യുഎഇയിലേക്ക് പോയതെന്നാണു വിവരം. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറ്റാഷെയെ ചോദ്യം ചെയ്‌തേക്കുമെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ത്യ വിട്ടത്. കേസിലെ പ്രതികളെ എന്‍ഐഎ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ പരിഗണിച്ചപ്പോള്‍ അറ്റാഷെയുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗിലല്ല സ്വര്‍ണം കൊണ്ടുവന്നതെന്നാണ് യുഎഇയുടെ നിലപാട്. ഇക്കഴിഞ്ഞ ജൂലൈ നാലിനു യുഎഇ കോണ്‍സുലേറ്റിലേക്കു വന്ന ബാഗേജില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്ത കേസ് എന്‍ ഐഎ, സെന്‍ട്രല്‍ എക്‌സൈസ്, റോ തുടങ്ങിയ കേന്ദ്ര ഏജന്‍സികളാണ് അന്വേഷിക്കുന്നത്.
അറ്റാഷെയുടേ പേരിലെത്തിയ ബാഗിലാണ് സ്വര്‍ണമെത്തിയതെന്നാണ് കണ്ടെത്തല്‍. മാത്രമല്ല, ബാഗ് തുറക്കുന്നതിനെ അറ്റാഷെ എതിര്‍ക്കുകയും കസ്റ്റംസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതനായതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല, അറ്റാഷെയും പ്രതികളും തമ്മില്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് പിടികൂടിയ തലേന്നും പിറ്റേന്നും മുഖ്യപ്രതികളിലൊരാളായ സരിത്തുമായി അറ്റാഷെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. അറ്റാഷെയും സ്വപ്നയും തമ്മില്‍ ജൂണില്‍ 117 തവണയും ജൂലൈ ഒന്നുമുതല്‍ 4 വരെ 35 തവണയും ഫോണില്‍ വിളിച്ചതായി റിപോര്‍ട്ടുകളുണ്ട്. ജൂലൈ 3ന് 20 തവണ ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്.
അതിനിടെ, യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ പേരിലുള്ള കത്ത് പുറത്തായി. തന്റെ പേരില്‍ ബാഗേജ് അയക്കാന്‍ ദുബയിലെ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തുന്നതാണ് കത്തിലെ ഉള്ളടക്കം. എന്നാല്‍, പ്രസ്തുത കത്ത് താന്‍ തയ്യാറാക്കിയതാണെന്ന് പ്രതി സരിത്ത് നേരത്തേ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. കത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ ഒപ്പിട്ടത് താനാണെന്നും ദുബൈയിലെ കരാമയില്‍ ഫൈസലിനൊപ്പം ജോലി ചെയ്തിരുന്നതായും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.
Gold smuggling: UAE Attache leaves India