ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായേക്കും;പ്രഖ്യാപനം നാളെ
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം
ന്യൂഡല്‍ഹി:ഗാന്ധിജിയുടെ ചെറുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ സാധ്യത.ശരദ്പവാര്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയുമായി ഇത് സംബന്ധിച്ച് കൂടിക്കാഴ്ച നടത്തി.സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ നടക്കും.പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.
ശരദ് പവാറിന്റെ പേരാണ് ആദ്യം പരിഗണിച്ചിരുന്നത്.എന്നാല്‍ മല്‍സരിക്കാനില്ലെന്ന് ശരദ് പവാര്‍ അറിയിക്കുകയായിരുന്നു.ഗുലാം നബി ആസാദ്, ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെ പല പേരുകളും പരിഗണനയില്‍ വന്നിരുന്നു.
ജമ്മു കശ്മീര്‍ മോശം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ തന്റെ സാന്നിധ്യം അവിടെ ആവശ്യമാണെന്ന് വ്യക്തമാക്കി ഫറൂഖ് അബ്ദുള്ള മല്‍സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.ഫറൂഖ് അബ്ദുള്ള കൂടി പിന്‍വാങ്ങിയതോടെ ഗോപാല്‍കൃഷ്ണ ഗാന്ധിയിലേക്ക് പ്രതിപക്ഷം എത്തുകയായിരുന്നു.
കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ ഗോപാല്‍കൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സമ്മതം അറിയിച്ചിട്ടുണ്ട്. പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയെ പരിഗണിക്കുന്നത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വിശാല പ്രതിപക്ഷത്തിന് ശ്രമം തുടരാനും യോഗത്തില്‍ തീരുമാനമായി.
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കഴിഞ്ഞ ആഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗം വിളിച്ചിരുന്നു. 22 കക്ഷികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും 17 കക്ഷികളാണ് പങ്കെടുത്തത്. ബിജെഡി, വൈഎസ്ആര്‍സിപി, ആം ആദ്മി, എഐഎംഐഎം, ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ വിട്ടുനിന്നു.
കോണ്‍ഗ്രസ് പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ടിആര്‍എസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. സ്ഥാനാര്‍ഥിയെ തീരുമാനിച്ചതിന് ശേഷം നിലപാട് പ്രഖ്യാപിച്ചാല്‍ മതിയെന്നാണ് ആം ആദ്മിയുടെ നിലപാട്. നാളത്തെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കില്ല. ബംഗാളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തുടരേണ്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മമത വിട്ടുനില്‍ക്കുന്നത്. തൃണമൂല്‍ പ്രതിനിധിയായി അഭിഷേക് ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കും.