ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ ആക്രമിക്കപ്പെട്ടു; ജീവനക്കാരെ രക്ഷിച്ചു

കോകുക കറേജ്യസ് കപ്പലില്‍ ഉണ്ടായിരുന്ന 21 ജീവനക്കാരെയും ഫ്രണ്ട് അല്‍തായിര്‍ കപ്പലില്‍ ഉണ്ടായിരുന്ന 23 ജീവനക്കാരെയുമാണ് ഒഴിപ്പിച്ചത്.

Update: 2019-06-13 11:09 GMT

ദുബയ്: ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ സ്‌ഫോടനത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. കോകുക കറേജ്യസ് കപ്പലില്‍ ഉണ്ടായിരുന്ന 21 ജീവനക്കാരെയും ഫ്രണ്ട് അല്‍തായിര്‍ കപ്പലില്‍ ഉണ്ടായിരുന്ന 23 ജീവനക്കാരെയുമാണ് ഒഴിപ്പിച്ചത്. 44 പേരെ കപ്പലുകളില്‍ നിന്ന് രക്ഷിച്ച് ജാസ്‌ക് തുറമുഖത്തെത്തിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഫുജൈറയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് സംഭവം.

നോര്‍വീജിയന്‍ ഉടമസ്ഥതയിലുള്ള ഫ്രണ്ട് അല്‍തായിര്‍ ആക്രമിക്കപ്പെട്ടതായും ഇതേ തുടര്‍ന്ന് കപ്പലില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നതായും നോര്‍വീജിയന്‍ മാരിടൈം അതോറിറ്റി അറിയിച്ചു. 75,000 ടണ്‍ നാഫ്തയാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ടോര്‍പിഡോ ഉപയോഗിച്ച് നടത്തിയ ആക്രമണമെന്നാണ് സംശയിക്കുന്നതെന്ന് കപ്പല്‍ വാടകയ്ക്ക് ഉപയോഗിക്കുന്ന തായ്‌വാന്റെ എണ്ണ ശുദ്ദീകരണ കമ്പനിയായ സിപിസി കോര്‍പ് ആരോപിച്ചു. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മൈന്‍ ആക്രമണമാണെന്നും റിപോര്‍ട്ടുണ്ട്. കപ്പലില്‍ തീപ്പിടിത്തമുണ്ടായതായി ഉടമസ്ഥര്‍ സ്ഥിരീകരിച്ചു. എന്നാല്‍, കപ്പല്‍ മുങ്ങിയെന്ന ഇറാന്റെ റിപോര്‍ട്ട് അവര്‍ നിഷേധിച്ചു. പനാമന്‍ കപ്പലായ കോകുക കറേജ്യസിലെ ജീവനക്കാരെ സമീപത്തു കൂടി പോവുകയായിരുന്ന കപ്പലാണ് രക്ഷിതെന്ന് ബിഎസ്എം ഷിപ്പ് മാനേജ്‌മെന്റ് അറിയിച്ചു.

തീപ്പിടിച്ച ഫ്രണ്ട് അല്‍തായിര്‍ കപ്പലിന്റെ ചിത്രം ഇറാന്‍ വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേ സമയം ബഹ്‌റയ്‌നിലുള്ള യുഎസ് അഞ്ചാം കപ്പല്‍ പടയിലെ യുഎസ്എസ് ബെയിന്‍ബ്രിഡ്ജിനെ സംഭവസ്ഥലത്തേക്ക് അയച്ചതായി അമേരിക്ക അറിയിച്ചു. പ്രാദേശിക സമയം രാവിലെ 6.12നും 7 മണിക്കുമാണ് സഹായം തേടിയുള്ള സന്ദേശം തങ്ങള്‍ക്ക് ലഭിച്ചതെന്നും അമേരിക്കന്‍ സൈന്യം വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിന്റെ അറ്റത്ത് കിടക്കുന്ന പ്രദേശമാണ് ഒമാന്‍ ഉള്‍ക്കടല്‍. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കടത്ത് നടക്കുന്നത് ഈ മേഖലയില്‍ കൂടിയാണ്. നേരത്തേ ഗള്‍ഫ് രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഇറാന്‍ അക്കാര്യം നിഷേധിച്ചിരുന്നു. ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കവേയാണ് പുതിയ സംഭവം. 

Tags:    

Similar News