പിഎസ്‌സി അടുത്തകാലത്ത് നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി

പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും ഹൈക്കോടതി പറഞ്ഞു.തട്ടിപ്പു നടത്തി അനര്‍ഹര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നുഴഞ്ഞു കയറുന്നത് തടയണമെന്നും കോടതി വ്യക്തമാക്കി. സമീപകാലത്തുണ്ടായ പരീക്ഷാ ക്രമക്കേടുകള്‍ പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നു കോടതി വ്യക്തമാക്കി. പരീക്ഷാ ക്രമക്കേട് സംബന്ധിച്ചു സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ പിഎസ്‌സിയുടെ വിശ്വാസ്യത തിരികെ പിടിക്കാനാവൂവെന്നും കോടതി നിരീക്ഷിച്ചു

Update: 2019-08-30 13:49 GMT

കൊച്ചി: അടുത്തകാലത്ത് പിഎസ്‌സി നടത്തിയ എല്ലാ നിയമനങ്ങളെയും പറ്റി അന്വേഷിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി.തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയെഴുതാന്‍ ഉത്തരങ്ങള്‍ ഫോണ്‍ സന്ദേശമായി അയച്ചു നല്‍കി സഹായിച്ച കേസിലെ പ്രതി ഡി സഫീറിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.പിഎസ്‌സി പരീക്ഷ തട്ടിപ്പില്‍ സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമെന്നും ഹൈക്കോടതി പറഞ്ഞു.തട്ടിപ്പു നടത്തി അനര്‍ഹര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നുഴഞ്ഞു കയറുന്നത് തടയണമെന്നും കോടതി വ്യക്തമാക്കി. സമീപകാലത്തുണ്ടായ പരീക്ഷാ ക്രമക്കേടുകള്‍ പിഎസ്‌സിയുടെ വിശ്വാസ്യത തകര്‍ത്തുവെന്നു കോടതി വ്യക്തമാക്കി.

പരീക്ഷാ ക്രമക്കേട് സംബന്ധിച്ചു സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ പിഎസ്‌സിയുടെ വിശ്വാസ്യത തിരികെ പിടിക്കാനാവൂവെന്നും കോടതി നിരീക്ഷിച്ചു.നിലവിലെ പിഎസ്‌സിയുടെ അവസ്ഥ നിരാശാജനകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പിഎസ്‌സി പരീക്ഷ കുറ്റമറ്റ രീതിയില്‍ നടത്തേണ്ടതാണ്. പരീക്ഷ കഴിയാതെ ചോദ്യങ്ങള്‍ പുറത്ത് പോകാന്‍ പാടില്ലാത്തതാണ്. യൂനിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥികളായ പ്രതികള്‍ പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ പരീക്ഷ, അവസാനിക്കുന്നതിന് മുന്‍പേ പുറത്ത് വിട്ടു. പരീക്ഷ നടന്ന ജൂലൈ 22ന് ഉച്ചക്ക് രണ്ടിനും മൂന്നിനുമിടയില്‍ ഇരുവര്‍ക്കും 93 മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ ലഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പിഎസ്‌സി സാധാരണ ജനങ്ങളുമായി ബന്ധപ്പെട്ട സ്വതന്ത്ര ഏജന്‍സിയാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പിഎസ്‌സിയുടെ പ്രവര്‍ത്തനങള്‍ സുതാര്യമായിരിക്കണമെന്നും പിഎസ്‌സിയില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകണമെന്നും കോടതി വ്യക്തമാക്കി.സഫീറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി പത്ത് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുന്‍പാകെ ഹാജരാകണമെന്നും നിര്‍ദേശം നല്‍കി. കേസില്‍ പിടികൂടാനുള്ള എല്ലാ പ്രതികളും കീഴടങ്ങണമെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ഥി അഖിലിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നീ പ്രതികള്‍ക്ക് പോലിസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള പരീക്ഷയെഴുതാന്‍ സഫീര്‍ സഹായിച്ചെന്നാണ് ആരോപണം.

Tags:    

Similar News