പ്രോസിക്യൂഷന് തിരിച്ചടി; ദിലീപിനും കൂട്ടു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
ദിലീപിനെയും കൂട്ടു പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദത്തെ തള്ളിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.അന്വേഷണവുമായി സഹകരിക്കണം എന്നതടക്കം ഉപാധികളോടെയാണ് കോടതി ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും കനത്ത തിരിച്ചടി.കേസില്‍ നടന്‍ ദിലീപ് അടക്കം അഞ്ചു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി.ദിലീപിനെയും കൂട്ടു പ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ശക്തമായ വാദത്തെ തള്ളിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കന്നത്. കര്‍ശന ഉപാധികളോടെയാണ് കോടതി ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഒരോരുത്തരും ഒരു ലക്ഷം രൂപ വീതുമുള്ള ബോണ്ടുകളും രണ്ട് ആള്‍ ജാമ്യവും സമര്‍പ്പിക്കണം,സാക്ഷികളെ സ്വാധീനിക്കരുത്,അന്വേഷണവുായി സഹകരിക്കണം,പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം,മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത് എന്നിങ്ങനെയാണ് വ്യവസ്ഥകള്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്,സഹോദരി ഭര്‍ത്താവ് സുരാജ്,അപ്പു,ദിലീപിന്റെ സുഹൃത്ത് ബൈജു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.ഇവരെ കൂടാതെ ദിലീപിന്റെ മറ്റൊരു സുഹൃത്തും വ്യവസായിയുമായ ശരത് എന്നയാളും മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ വ്യാഴം,വെള്ളി ദിവസങ്ങളിലായി നടന്ന വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിനു ശേഷമാണ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിച്ചത്.ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരാക്കിയ ആറു മൊബൈല്‍ ഫോണുകള്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ഇതിന്റെ ഫലം അടുത്ത ദിവസങ്ങളില്‍ ലഭിക്കുമെന്നാണ് വിവരം.
മുന്‍കൂര്‍ ജാമ്യ ഹരജി തള്ളിയാല്‍ ദിലീപിനെ കസ്റ്റഡിയില്‍ എടുക്കുന്നതിനായി ക്രൈംബ്രാഞ്ച് സംഘം രാവിലെ തന്നെ ദിലീപിന്റെ ആലുവയിലെ വീടിനു മുന്നിലും സഹോദരന്‍ അനൂപിന്റെ വീടിനു മുന്നിലും തമ്പടിച്ചിരു്ന്നും എന്നാല്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉടന്‍ തന്നെ ഇവര്‍ ഇവിടെ നിന്നും മടങ്ങി
വ്യാഴാഴ്ച നടന്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും അഭിഭാഷകരുടെ വാദവും വെളളിയാഴ്ച പ്രോസിക്യൂഷന്റെ വാദവുമാണ് നടന്നത്.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി ഹരജി വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.പ്രോസിക്യഷന്‍ നടത്തിയ വാദത്തിന് എതിര്‍ സത്യാവാങ്മൂലം സമര്‍പ്പിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ 9.30 വരെ കോടതി സമയം അനുവദിച്ചിരുന്നു.ദിലീപും പ്രതികളും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഈ സാഹചര്യത്തില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതനിവാര്യമാണെന്ന ഉറച്ച നിലപാടിലായിരുന്നു പ്രോസിക്യൂഷനും അന്വേഷണ സംഘവും.
ബാലചന്ദ്രകുമാര്‍ ആരോപിച്ചതുപോലെ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് സ്ഥിരീകരിക്കാന്‍ തങ്ങളുടെ പക്കല്‍ ധാരാളം തെളിവുകള്‍ ഉണ്ട്. അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകള്‍ ഇതിനെ പിന്തുണയ്ക്കുന്നതാണെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി.ഈ സാഹചര്യത്തില്‍ നേരത്തെ പ്രതികള്‍ക്ക് നല്‍കിയ സംരക്ഷണ ഉത്തരവ് റദ്ദാക്കണമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.കുറ്റം ചെയ്യുന്ന ഒരാള്‍ക്കെതിരെ നിയമാനുസൃതമായി തന്നെ നടപടി സ്വീകരിക്കണം.തന്നെ പിടിക്കാന്‍ നിയത്തിന്റെ കൈകള്‍ പര്യപ്തമല്ലെന്ന് പറയാന്‍ അവന് കഴിയരുതെന്നും പ്രോസിക്യുഷന്‍ വാദിച്ചു.
പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല.സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും കഴിവുള്ളവരാണ് പ്രതികള്‍ എന്നത് കോടതി പരിഗണിക്കണം.സമൂഹം തന്നെ വളരെയേറെ ശ്രദ്ധിക്കുന്ന കേസുകൂടിയാണിതെന്ന് വിധി പുറപ്പെടുവിക്കുമ്പോള്‍ കോടതി പരിഗണിക്കണമെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും ബാലചന്ദ്രകുമാറും അന്വേഷണ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തി ദിലീപിനെ കുടുക്കുന്നതിനാണ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു പ്രതിഭാഗത്തിന്റെ നിലപാട്.
എഫ് ഐ ആര്‍ നിലനില്‍ക്കുന്നതല്ല.സിനിമയുമായി ബന്ധപ്പെട്ട് ദിലീപിനോട് ബാലചന്ദ്രകുമാറിനുണ്ടായിരുന്ന വൈരാഗ്യമാണ് കേസിനാധാരമെന്നും പ്രതിഭാഗം വാദിച്ചു.ഇതുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന്റെ ഓഡിയോ ക്ലിപ്പുകളും ഇവര്‍ ഹാജരാക്കിയിരുന്നു.അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്് പ്രോസിക്യുഷന്‍ പറയുമ്പോള്‍ ദിവസം 11 മണിക്കുര്‍ വീതം മൂന്നു ദിവസം തുടര്‍ച്ചയായി ഇവര്‍ ദിലീപ് അടക്കമുളള പ്രതികളെ ചോദ്യം ചെയ്തുവെന്നും പ്രതിഭാഗം വാദിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് നടത്തിയത് ശാപവാക്കുകള്‍ മാത്രമാണെന്നും ഗൂഢാലോചനയല്ലെന്നമുള്ള വാദത്തില്‍ ഉറച്ചു നിന്നുകൊണ്ട് പ്രോസിക്യൂഷന്റെ വാദത്തെ ഒന്നൊന്നായി പ്രതിഭാഗം എതിര്‍ക്കുകയും വിശദീകരണം നല്‍കുകയും ചെയ്തു.ദിലീപിന് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന വാദമുഖങ്ങളാണ് പ്രതിഭാഗം വീണ്ടും കോടതി മുമ്പാകെ നിരത്തിയത്.ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷം ദിലീപിനും കൂട്ടു പ്രതികള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. അതേ സമയം ഹൈക്കോടതി വിധിക്കെതിരെ പ്രോസിക്യൂഷന്‍ സുപ്രിം കോടതിയെ സമീപിക്കുമെന്നാണ് വിവരം.ഇതിനുള്ള നടപടി അന്വേഷണ സംഘവും പ്രോസിക്യൂഷനും ആരംഭിച്ചതായാണ് വിവരം.
നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.ഉച്ചയ്ക്ക് ശേഷമാണ് ഹരജി പരിഗണിക്കുന്നത്.അതേ സമയം ദിലീപ് അടക്കമുള്ള പ്രതികള്‍ ശബ്ദ സാമ്പിള്‍ പരിശോധനിയ്ക്ക് നാളെ ഹാജരാകണമെന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.