ഹിജാബ് നിരോധനം: ഉഡുപ്പിയില്‍ ആറ് ദിവസം നിരോധനാജ്ഞ; പരീക്ഷ അടുത്തതോടെ പഠനം പാതിവഴിയിലായി വിദ്യാര്‍ഥികള്‍
ബെംഗളൂരു: ഹിജാബ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധവും ഹിജാബ് അനുകൂല സമരങ്ങളും തുടരുന്നതിനിടെ ഉഡുപ്പിയില്‍ ആറ് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉഡുപ്പിയിലെ എല്ലാ ഹൈസ്‌കൂള്‍ പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 14, തിങ്കളാഴ്ച രാവിലെ ആറു മണി മുതല്‍ ഫെബ്രുവരി 19 ശനിയാഴ്ച വൈകുന്നേരം ആറുമണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂളുകളുടെ 200 മീറ്റര്‍ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലാ പോലിസ് മേധാവിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഡപ്യൂട്ടി കമ്മീഷണറാണ് (ജില്ലാ കളക്ടര്‍) നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങളും പ്രകടനങ്ങളും മുദ്രാവാക്യം വിളികളും പ്രസംഗങ്ങളും കര്‍ശനമായി വിലക്കി. നേരത്തെ ബെംഗളൂരുവിലും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സ്‌കൂളുകള്‍, കോളജ് പരിസരത്ത് ഫെബ്രുവരി 22 വരെയാണ് അവിടെ 144 പ്രഖ്യാപിച്ചിട്ടുള്ളത്.
പരീക്ഷ പടിവാതില്‍ക്കലെത്തി നില്‍ക്കേ പഠനം മുടങ്ങി ദുരിതത്തിലായിരിക്കുകയാണ് വിദ്യാര്ഥികള്‍. ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാലയങ്ങളില്‍ വ്യാപക ആക്രമണം അരങ്ങേറിയതോടെയാണ് ഹിജാബ് വിവാദം കത്തിയത്. ഹിജാബ് സംഘര്‍ഷങ്ങളില്‍ കര്‍ണാടക സര്‍ക്കാര്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജില്ലാ പോലിസ് മേധാവിമാര്‍ക്കാണ് അന്വേഷണ ചുമതല. പ്രതിഷേങ്ങളില്‍ പങ്കെടുത്തവരുടെയും സംഘടനകളുടേയും പങ്ക് പരിശോധിക്കുകയാണ്.
കഴിഞ്ഞ ദിവസം ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ രണ്ടിടത്ത് സംഘര്‍ഷമുണ്ടായിരുന്നു. നല്ലൂരിലും ദാവന്‍ഗരയിലും നടന്ന സംഘര്‍ഷത്തില്‍ സ്ത്രീയടക്കം മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. നല്ലൂരില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ആളുകള്‍ കല്ലെറിയുകയായിരുന്നു. ഇവിടെ യുവാവിന്‌വെട്ടേറ്റു. ഇതേസമയം തന്നെ കര്‍ണാടകയിലെ ദാവന്‍ഗരയിലും സംഘര്‍ഷം നടന്നു. പോലിസ് ലാത്തിവീശി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കുന്ന വിഷയം നിലവില്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. കാലങ്ങളായി വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ച് തന്നേയാണ് കോളജുകളിലും സ്‌കൂളുകളിലും എത്തിയിരുന്നത്. ഒരു മാസം മുമ്പ് ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉഡുപ്പി ഗവ. കോളജില്‍ ഹിജാബ് വിലക്കുകയായിരുന്നു. ഇതോടെ, വിദ്യാര്‍ഥികള്‍ കോളജ് അധികൃതര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി. ഹിജാബ് ധരിക്കാനുള്ള അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍, കോളജ് അധികൃതര്‍ ഹിജാബ് വിലക്ക് തുടരുകയായിരുന്നു. വിദ്യാര്‍ഥികളെ ക്ലാസില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.