'ഹിജാബ് ധരിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാവുന്നത് എങ്ങിനെ? സുപ്രിം കോടതിയില്‍ ചോദ്യശരമെയ്ത് ദുഷ്യന്ത് ദവെ
ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ, ഇന്ത്യയുടെ മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങള്‍, പാര്‍ലമെന്റ് സമ്മേളന സംവാദങ്ങള്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള മതപരമായ അവകാശ സംരക്ഷണം എന്നിവയെക്കുറിച്ച് വിശദമായ വാദങ്ങള്‍ ആണ് ഉയര്‍ത്തിയത്.
ന്യൂഡല്‍ഹി: കാംപസുകളിലെ ഹിജാബ് നിരോധനം ഒരു സമുദായത്തെ പാര്‍ശ്വവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സുപ്രിംകോടതിയില്‍ തുറന്നടിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ.കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് വിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജിയിലാണ് അദ്ദേഹം സുപിംകോടതിയില്‍ ബിജെപി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടയ്‌ക്കെതിരേ ശക്തമായ വിമര്‍ശനമുയര്‍ത്തിയത്.
രാജ്യത്തെ ശതകോടികള്‍ വരുന്ന ന്യൂനപക്ഷ സമൂഹം രാജ്യത്ത് വിശ്വാസമര്‍പ്പിച്ചവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലീം വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയ കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ വാദം തുടരുന്നതിനിടെ, ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ, ഇന്ത്യയുടെ മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങള്‍, പാര്‍ലമെന്റ് സമ്മേളന സംവാദങ്ങള്‍, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരമുള്ള മതപരമായ അവകാശ സംരക്ഷണം എന്നിവയെക്കുറിച്ച് വിശദമായ വാദങ്ങള്‍ ആണ് ഉയര്‍ത്തിയത്.
മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് പ്രധാനമാണെന്നും അത് അവരുടെ വിശ്വാസമാണെന്നും അദ്ദേഹം വാദിച്ചു. ആര്‍ക്കെങ്കിലും തിലകം ധരിക്കാനോ കുരിശ് ധരിക്കാനോ ആഗ്രഹമുണ്ടെങ്കില്‍ എല്ലാവര്‍ക്കും അതിന് അവകാശമുണ്ട്. അതാണ് സാമൂഹിക ജീവിതത്തിന്റെ സൗന്ദര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിജാബ് ധരിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എങ്ങനെ ഭീഷണിയാകുമെന്നും അദ്ദേഹം ചോദിച്ചു. എന്നാല്‍, കര്‍ണാടക ഹൈക്കോടതി വിധിയില്‍ പോലും അങ്ങനെ ആരും പറയുന്നില്ലെന്നും ബെഞ്ച് മറുപടി നല്‍കി.
അതേസമയം, മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് ആരുടെയും വികാരത്തെ വ്രണപ്പെടുത്തിയെന്ന് പറയാനാകില്ലെന്ന് ദവേ ചൂണ്ടിക്കാട്ടി. 'തങ്ങളുടെ ഐഡന്റിറ്റിയാണ് ഹിജാബെന്നും' അദ്ദേഹം വാദിച്ചു.ആദ്യം മുഴുവന്‍ തര്‍ക്കവും ലൗ ജിഹാദിനെക്കുറിച്ചായിരുന്നു. ഇപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് തടയുകയാണ്. ഇതില്‍ ന്യൂനപക്ഷ സമുദായത്തെ 'അരികുവല്‍ക്കരിക്കാനുള്ള' മാതൃകയാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മതപരമായ അവകാശം വ്യക്തിപരമാണ്; അത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്...'ആര്‍ട്ടിക്കിള്‍ 19, 21 എന്നിവയുടെ വ്യാപ്തി വിപുലീകരിക്കുന്നതോടെ ഭരണഘടന ഉദാരമായി വ്യാഖ്യാനിക്കണമെന്നും അദ്ദേഹം ബെഞ്ചിനോട് ആവശ്യപ്പെട്ടു.