തൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍; അന്വേഷണം ക്രൈം ബ്രാഞ്ചിന്

Update: 2023-03-26 09:49 GMT

കൊച്ചി: തൃപ്പൂണിത്തുറയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഹില്‍ പാലസ് സ്‌റ്റേഷനിലെ ജൂനിയര്‍ എസ്‌ഐ ജിമ്മി ജോസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കസ്റ്റഡിയില്‍ എടുക്കുന്നതിനിടെ അകാരണമായി മര്‍ദ്ദിച്ചിരുന്നുവെന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ കെ സേതുരാമന്‍ നടപടിയെടുത്തത്. ഇരുമ്പനം കര്‍ഷക കോളനി സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ മനോഹരന്‍(52) ആണ് ഹില്‍ പാലസ് പോലീസിന്റെ കസ്റ്റഡിയിലിരിക്കെ കുഴഞ്ഞുവീണു മരിച്ചത്. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് മനോഹരനെ പോലിസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനായി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

    അതിനിടെ, മനോഹരന്റെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹില്‍ പാലസ് പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്‌റ്റേഷന്‍ കവാടത്തിനു മുന്നില്‍ നിരാഹര സമരവും നടത്തി. സംഭവസമയം നാലു പോലിസുകാരാണ് ഉണ്ടായിരുന്നതെന്നും ഒരാളെ മാത്രം സസ്‌പെന്‍ഡ് ചെയ്തതുകൊണ്ടു കാര്യമില്ല. മറ്റുള്ളവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമരത്തില്‍നിന്നു പിന്തിരിപ്പിക്കാനായി തൃക്കാക്കര എസിപി നേതാക്കളെ ചര്‍ച്ചയ്ക്കു വിളിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News