വടകര കസ്റ്റഡി മരണം: എസ്‌ഐ അടക്കം മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
എസ്‌ഐ നിജീഷ്, എഎസ്‌ഐ അരുണ്‍, സിപിഒ ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വടകര: പോലിസ് കസ്റ്റഡിയില്‍ കല്ലേരി താഴെ കൊയിലോത്ത് സജീവന്‍ മരിച്ച സംഭവത്തില്‍ മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ നിജീഷ്, എഎസ്‌ഐ അരുണ്‍, സിപിഒ ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
വടകരയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തതിനു പിന്നാലെയാണ് എസ്‌ഐ അടക്കമുള്ളവരെ സസ്‌പെന്റ് ചെയ്തത്.
കോഴിക്കോട് റൂറല്‍ പോലിസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിലെത്തിച്ച വടകര കല്ലേരി സ്വദേശി സജീവനാണ് (42) ഇന്നലെ രാത്രി 11.30ഓടെ മരിച്ചത്. സജീവനെ വടകര എസ്‌ഐ മര്‍ദിച്ചതായി സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. കുഴഞ്ഞു വീണപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ പോലിസ് തയാറായില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
എന്നാല്‍, മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ മര്‍ദിക്കുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അതേസമയം, മര്‍ദിച്ചിട്ടില്ലെന്നും മദ്യപിച്ച് കലഹമുണ്ടാക്കിയതിനു കേസെടുത്ത ശേഷം ഇവരെ വിട്ടയച്ചെന്നുമാണ് പോലിസ് നല്‍കുന്ന വിശദീകരണം. സ്‌റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയ ഇവരില്‍ സജീവന്‍ വനിതാസെല്ലിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു.