ഹിന്ദുത്വര്‍ക്ക് മറുപടിയുമായി ഹിന്ദുക്കള്‍; നാഗ്പൂരിലെ മുസ് ലിംപള്ളിക്ക് ഹിന്ദുകൂട്ടായ്മ ഉച്ചഭാഷിണി സമ്മാനിച്ചു

Update: 2022-05-06 05:34 GMT

നാഗ്പൂര്‍: പള്ളികളിലെ ഉച്ചഭാഷിണികള്‍ക്കെതിരേ മഹാരാഷ്ട്രയിലെ ഹിന്ദുത്വര്‍ ആക്രമണം നടത്തുന്നതിനിടയില്‍ ഹിന്ദുത്വരെ വെല്ലുവിളിച്ച് നാഗ്പൂരിലെ കെല്‍വാദ് ഗ്രാമത്തിലെ ഹിന്ദുക്കള്‍. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ കെല്‍വാദിലെ ഹിന്ദുക്കളാണ് പണം പിരിച്ച് മുസ് ലിം പള്ളിക്ക് ഉച്ചഭാഷിണി വാങ്ങിനല്‍കിയത്. തങ്ങളുടെ ഗ്രാമത്തില്‍ മുസ് ലിംകളോ പളളിയോ ഇല്ലാത്തതിനാല്‍ തൊട്ടടുത്ത ഗ്രാമമായ കിന്‍ഹോലയിലെ പള്ളിക്കാണ് അവര്‍ പെരുന്നാള്‍ ദിനത്തില്‍ ഉച്ചഭാഷിണി നല്‍കിയത്.

ഈദ് സമ്മാനമായി ഉച്ചഭാഷിണി സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഹിന്ദുകൂട്ടായ്മ മുസ് ലിംസഹോദരങ്ങളെ ക്ഷണിക്കുകയായിരുന്നു. കിന്‍ഹോളയിലെ മുസ് ലിംപള്ളി കെല്‍വാഡില്‍നിന്ന് ആറ് കിലോമീറ്റര്‍ ദൂരെയാണ്.

താന്‍ ഹിന്ദു സഹോദരങ്ങളില്‍ നിന്ന് സ്‌നേഹസമ്മാനമായി ഉച്ചഭാഷിണി സ്വീകരിക്കുകയാണെന്ന് മൗലാന പറഞ്ഞു. ഇത് രാജ്യത്തിന്റെ അഖണ്ഡതയുടെ പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

''ഹിന്ദുക്കളും മുസ് ലിംകളും നൂറ്റാണ്ടുകളായി ഗ്രാമങ്ങളില്‍ അധിവസിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടുകൂട്ടര്‍ക്കുമിടയില്‍ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമില്ല. രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുപ്പുകാലങ്ങളില്‍ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്''- കെല്‍വാഡിലെ വയോധികനായ ഗണേശ് നികം പറഞ്ഞു. ഉച്ചഭാഷിണി വാങ്ങിനല്‍കാനുളള ആശയം അദ്ദേഹത്തിന്റേതാണ്.

പ്രതീകാത്മകമായാണ് തങ്ങള്‍ ഉച്ചഭാഷിണി നല്‍കിയതെന്ന് കമ്മിറ്റി പ്രസിഡന്റ് ഉമേഷ് പാട്ടീല്‍ പറഞ്ഞു. 'പൊടുന്നനെ ഉച്ചഭാഷിണി പ്രശ്‌നം ഉന്നയിക്കുന്നതിന് പിന്നിലെ ലക്ഷ്യം സംസ്ഥാനത്ത് വര്‍ഗീയ കലാപം ഉണ്ടാക്കാനാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ ഹിന്ദുക്കളും മുസ് ലിംകളും സമാധാനപരമായി ജീവിക്കുന്നു. ആളുകളെ പ്രേരിപ്പിച്ച് നമ്മുടെ സമാധാനപരമായ സഹവര്‍ത്തിത്വം നശിപ്പിക്കാന്‍ രാഷ്ട്രീയക്കാരെ അനുവദിക്കില്ല''-അദ്ദേഹം പറഞ്ഞു.

ഉച്ചഭാഷിണിക്കെതിരേയുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കരുതെന്ന് സാമൂഹികപ്രവര്‍ത്തകനായ നന്ദു ബോര്‍ബലെ അഭ്യര്‍ത്ഥിച്ചു.

'രാഷ്ട്രീയക്കാരോ സവര്‍ണരോ അവരുടെ മക്കളെയും പെണ്‍മക്കളെയും പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ പാടാന്‍ അയയ്ക്കില്ല. ഈ പ്രതിഷേധത്തില്‍ ബഹുജന്‍ യുവാക്കള്‍ മാത്രമേ പങ്കെടുക്കൂ. ഇനിയും ഇത്തരം പ്രകോപനങ്ങള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ പരിപാടിയിലൂടെ, ഗ്രാമത്തിലെ യുവാക്കളോട് അവരുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു''- അദ്ദേഹം അപേക്ഷിച്ചു.

Tags:    

Similar News