കോഴിയിറച്ചി കഴിച്ചതാണ് കടുവകളും പുലിയും ചത്തതിനു പിന്നിലെന്ന് വനം മന്ത്രി ഗണേഷ് നായിക്
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലെ റെസ്‌ക്യൂ സെന്ററില്‍ പക്ഷിപ്പനി ബാധിച്ച് ചത്ത മൂന്ന് കടുവകള്‍ക്കും ഒരു പുള്ളിപ്പുലിക്കും കോഴിയിറച്ചി കഴിച്ചതിന് ശേഷമാണ് അണുബാധയുണ്ടായതെന്ന് സംസ്ഥാന വനം മന്ത്രി ഗണേഷ് നായിക്. നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.
മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് മുമ്പ് ഭക്ഷണം പരിശോധിക്കാന്‍ ബന്ധപ്പെട്ട മൃഗശാലകളിലെ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സംഭവത്തെ തുടര്‍ന്ന് റെസ്‌ക്യൂ സെന്റര്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, ലാബ് പരിശോധനാ റിപോര്‍ട്ട് വരാത്തതിനാല്‍ ഇക്കാര്യം സഥിരീകരിച്ചിട്ടില്ല എന്നാണ് റിപോര്‍ട്ടുകള്‍. മനുഷ്യ-മൃഗ സംഘര്‍ഷത്തെ തുടര്‍ന്നാണ് മൂന്ന് കടുവകളെയും പുള്ളിപ്പുലിയെയും ചന്ദ്രാപൂരിലെ മൃഗശാലയില്‍ നിന്ന് ഗോരെവാഡ റെസ്‌ക്യൂ സെന്ററിലേക്ക് മാറ്റിയത്.
കഴിഞ്ഞ മാസാവസാനം സമാനമായ രീതിയില്‍ ഇവിടെ പൂച്ചകള്‍ ചത്തിരുന്നു. ഇവയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചിരുന്നു. ജനുവരി 2 ന് നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ അവയ്ക്ക് എച്ച് 5 എന്‍ 1 വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു.