തായ്‌വാനില്‍ പാര്‍പ്പിട സമുച്ഛയത്തില്‍ അഗ്‌നിബാധ; 46 മരണം
താമസക്കാര്‍ ഗാഢനിദ്രയിലായിരുന്ന സമയത്തായിരുന്നു അപകടം എന്നതിനാലാണ് മരണ സംഖ്യ ഉയര്‍ന്നത്
തായ്‌പേയ്: ദക്ഷിണ തായ്‌വാനില്‍ ബഹുനില പാര്‍പ്പിട സമുച്ഛയത്തിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ 46 പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കുണ്ട്. കവോസിയുങ് നഗരത്തിലെ 13 നിലകളുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. താമസക്കാര്‍ ഗാഢനിദ്രയിലായിരുന്ന സമയത്തായിരുന്നു അപകടം എന്നതിനാലാണ് മരണ സംഖ്യ ഉയര്‍ന്നത്.
ശക്തമായി ആളിപ്പടര്‍ന്ന തീ അതിവേഗം കെട്ടിടത്തെ വിഴുങ്ങിയതായി അഗ്‌നിശനമ വകുപ്പ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ 11 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റുള്ളവര്‍ ആശുപത്രിയിലാണ് മരണപ്പെട്ടത്. കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനാല്‍ മരണം സംഖ്യ ഇനിയുടെ ഉയര്‍ന്നേക്കാമെന്ന് അഗ്‌നിശമനസേനാ വകുപ്പ് ലീ ചിങ് സിയു പറഞ്ഞു. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചതായി അധികൃതര്‍ പറഞ്ഞു. തീപ്പിടത്തത്തിന്റെ കാരണം വ്യക്തമല്ല.