മാധ്യമങ്ങളുടെ നാവരിയാന്‍ കേന്ദ്രം; പ്രമുഖ പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യം നിഷേധിച്ചു

റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന നിരവധി വെളിപ്പെടുത്തല്‍ നടത്തിയ ദ ഹിന്ദുവിനൊപ്പം ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, ടെലഗ്രാഫ്, ആനന്ദ് ബസാര്‍ പത്രിക തുടങ്ങിയ മാധ്യമങ്ങള്‍ക്കാണ് പരസ്യം വിലക്കിയത്.

Update: 2019-06-29 09:21 GMT

ന്യൂഡല്‍ഹി: മോദി ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും വിമര്‍ശനമുന്നയിക്കുകയും ചെയ്ത രാജ്യത്തെ പ്രമുഖ പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിച്ച് കേന്ദ്രം. കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് പരസ്യം വിലക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും നിലപാടുകളോട് വിയോജിക്കുന്നതും പരസ്യം വിലക്കാന്‍ കാരണമല്ലെന്നിരിക്കെയാണ് സര്‍ക്കാരിന്റെ പ്രതികാര നടപടി.

റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്ന നിരവധി വെളിപ്പെടുത്തല്‍ നടത്തിയ ദ ഹിന്ദുവിനൊപ്പം ടൈംസ് ഓഫ് ഇന്ത്യ, ഇക്കണോമിക് ടൈംസ്, ടെലഗ്രാഫ്, ആനന്ദ് ബസാര്‍ പത്രിക തുടങ്ങിയ മാധ്യമങ്ങള്‍ക്കാണ് പരസ്യം വിലക്കിയത്.

റാഫേല്‍ ഇടപാടിലെ റിപ്പോര്‍ട്ടുകളാണ് ദ ഹിന്ദുവിന് വിനയായത്. റാഫേല്‍ ഇടപാടിലെ അഴിമതി സംബന്ധിച്ചുള്ള അന്വേഷണാത്മക റിപോര്‍ട്ടിലൂടെ കേന്ദ്രസര്‍ക്കാരിനെ ദ ഹിന്ദു പ്രതികൂട്ടിലാക്കിയിരുന്നു.ഇതിന് പിന്നാലെ മാര്‍ച്ച് മാസം മുതല്‍ ദി ഹിന്ദുവിന് പരസ്യം നിഷേധിക്കുകയായിരുന്നു.സമീര്‍ വിനീത് ജയിന്‍ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ടൈംസ് ഗ്രൂപിന് ജൂണ്‍ മുതലാണ് പരസ്യം നിഷേധിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോദിയുള്‍പ്പടേയുള്ള ബിജെപി നേതാക്കള്‍ നടത്തിയ ചട്ടലംഘനങ്ങളെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യ നല്‍കിയ തുടര്‍ച്ചയായ റിപോര്‍ട്ടുകളെ പരസ്യ നിഷേധത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

ടൈംസ് ഗ്രൂപ്പിന് കീഴിലുള്ള ടൈംസ് നൗ, മിറര്‍ നൗ ചാനലുകള്‍ക്കും പരസ്യം നിഷേധിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന് പ്രതിമാസം ഏകദേശം 15 കോടിയുടേയും ഹിന്ദുവിന് നാലു കോടിയുടേയും പരസ്യമായിരുന്നു കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചിരുന്നത്.കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ടിരുന്ന എബിപി ഗ്രൂപ്പിന് കീഴില്‍ വരുന്ന ടെലിഗ്രാഫിന് ഒരു വര്‍ഷത്തിലേറെയായി കേന്ദ്രം പരസ്യം നല്‍കുന്നില്ല.

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഡിഎവിപിയാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത്. പ്രത്യേക പാനല്‍ പരിശോധിച്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കി എംപാനല്‍ ചെയ്യപ്പെട്ട മാധ്യമങ്ങള്‍ക്കാണ് പരസ്യം അനുവദിക്കുന്നത്.അതേസമയം, പരസ്യ നിഷേധത്തെക്കുറിച്ച് ഈ മാധ്യമങ്ങള്‍ ഇതുവരെ രംഗത്ത് എത്തിയിട്ടില്ല. സംഭവത്തില്‍ പ്രതികരിക്കാന്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്യൂറോ ഓഫ് ഔട്ട് റീച്ച് ആന്റ് കമ്യൂണിക്കേഷന്‍ (ബിഒസി) ഡയറക്ടര്‍ ജനറല്‍ സത്യേന്ദ്ര പ്രകാശ് തയ്യാറായിട്ടില്ല.

Tags:    

Similar News