ടൈംസ് ഓഫ് ഇന്ത്യയില്‍ ലേഓഫ്; കേരളത്തില്‍ മാത്രം തൊഴില്‍ നഷ്ടപ്പെട്ടത് 20 മാധ്യമപ്രവര്‍ത്തകര്‍ക്ക്
കൊച്ചി: തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിട്ടു. കര്‍ണാടക, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങൡ നിന്ന് നിരവധി പേരെ താല്‍ക്കാലികമായോ സ്ഥിരമായോ ജോലിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. കേരളത്തില്‍ കൊച്ചിയില്‍ മാത്രം 20 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. കൊവിഡ് വ്യാപനത്തിനുശേഷം ഇത് രണ്ടാം തവണയാണ് ടൈംസ് ഗ്രൂപ്പ് മാധ്യമപ്രവര്‍ത്തകരെ പിരിച്ചുവിടുന്നത്.
കൊച്ചി ഡിവിഷനില്‍ നിന്ന് 15 എഡിറ്റോറിയല്‍ സ്റ്റാഫിനെയും 5 റിപോര്‍ട്ടര്‍മാരെയുമാണ് പിരിച്ചുവിട്ടിട്ടുള്ളത്. ഇതില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
പിരിച്ചുവിടുന്നതിനു മുമ്പ് നിയമപരമായി നോട്ടിസ് നല്‍കണമെന്നുണ്ടെങ്കിലും അതുണ്ടായിട്ടില്ലെന്ന് തൊഴില്‍ നഷ്ടപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. ചിലരോട് മാനേജ്‌മെന്റ് രാജിക്കത്ത് എഴുതിനല്‍കാന്‍ വാട്‌സ്ആപ്പിലൂടെ നിര്‍ദേശിക്കുകയാണെന്നും പറയുന്നു.
ബെന്നറ്റ് കോള്‍മാന്‍ കമ്പനി ലിമിറ്റഡാണ് ടൈംസ് ഗ്രൂപ്പിന്റെ പ്രമോട്ടര്‍മാര്‍.
നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ പകുതി തൊഴിലാളികളെ വച്ച് പത്രം നടത്തിക്കൊണ്ടുപോകാനാണ് മാനേജ്‌മെന്റിന്റെ ശ്രമം. കൊവിഡിനു മുമ്പ് ഉണ്ടായിരുന്നതിന്റെ അഞ്ചിലൊന്ന് വരുമാനം മാത്രാണ് ഇത്തവണ കമ്പനി പ്രതീക്ഷിക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്ന് 5 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അതില്‍ ഒരാള്‍ തിശ്ശനാപ്പിള്ളിയിലും രണ്ടാമന്‍ മധുരയിലുമുള്ളയാളാണ്.
ഹൈദരാബാദില്‍ 10 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പണിയില്‍ നിന്ന് നിര്‍ബന്ധിതമായി പിരിഞ്ഞുപോകേണ്ടിവന്നത്. ബംഗളൂരു ഓഫിസില്‍ മൂന്ന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു.
മാധ്യമപ്രവര്‍ത്തകര്‍ക്കുപുറമെ ഫിനാന്‍സ്, എച്ച്ആര്‍, മാര്‍ക്കറ്റിങ്, സര്‍ക്കുലേഷന്‍ വിഭാഗത്തിലുള്ളവര്‍ക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.