കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസത്തില്‍ നിന്ന് ഹിന്ദുത്വ മാര്‍ക്‌സിസത്തിലേക്കുള്ള പരിവര്‍ത്തനമാണ് സിപിഎം നടത്തുന്നത്: റസാഖ് പാലേരി
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസത്തില്‍ നിന്ന് ഹിന്ദുത്വ മാര്‍ക്‌സിസത്തിലേക്കുള്ള പരിവര്‍ത്തനമാണ് ഇപ്പോള്‍ സിപിഎമ്മിനകത്തു സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ നിന്ന് വിജയിച്ചത് മുസ്‌ലിം വര്‍ഗീയ ചേരിയുടെ പിന്തുണയിലാണെന്ന പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവനയും അതിനെ പിന്തുണച്ചു കൊണ്ടുള്ള സിപിഎം നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകളും കേരളത്തെ കുറിച്ച് സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കുള്ള പിന്തുണയാണ്. മുസ്‌ലിം സംഘടനകളെ മുന്‍നിര്‍ത്തി മുസ്‌ലിംഭീതിയും സാമുദായിക ധ്രുവീകരണവും സൃഷ്ടിച്ചു കൊണ്ട് ഇസ്‌ലാമോഫോബിയയെ വരും കാലത്തേക്കുള്ള തങ്ങളുടെ രാഷ്ട്രീയ ആയുധമായി സിപിഎം പ്രഖ്യാപിക്കുകയാണ്.
സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളന വേദികള്‍ മുസ്‌ലിം വിരുദ്ധത വിളമ്പാനുള്ള ഇടങ്ങളായി മാറിയിരിക്കുന്നു. രാജ്യത്തെ ആര്‍എസ്എസ്-ബിജെപി നേതാക്കളും ഗോദി മീഡിയകളും ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കാത് കൂര്‍പ്പിക്കുന്നത് കേരളത്തിലെ സിപിഎം നേതാക്കളുടെ പ്രസംഗങ്ങളും പത്രസമ്മേളനങ്ങളും കേള്‍ക്കാന്‍ വേണ്ടിയാണ്. പ്രിയങ്ക ഗാന്ധി പാര്‍ലമെന്റില്‍ ഫലസ്തീന്‍ ബാഗുമായി വന്നതിനെതിരെ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ രൂക്ഷമായ ആക്രമണം അഴിച്ചു വിടുന്ന സാഹചര്യത്തിലാണ് സംഘ് ആഖ്യാനങ്ങള്‍ക്ക് കരുത്ത് പകരുന്ന രീതിയിലുള്ള പ്രസ്താവനകള്‍ സിപിഎം നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംഘ് പരിവാറിനെതിരായ ഇന്ത്യാ മുന്നണിയുടെ ഭാഗമായി നില്‍ക്കെയാണ് ആ മുന്നണിയുടെ നേതൃത്വത്തിനെതിരെ സിപിഎം ഈ പ്രചരണം നടത്തുന്നത്. സംഘ് വിരുദ്ധ രാഷ്ട്രീയ മുന്നേറ്റങ്ങളെ പിന്നില്‍ നിന്ന് കുത്തുകയാണ് ഇതിലൂടെ സിപിഎം ചെയ്യുന്നത്.
പി വി അന്‍വര്‍, മുനമ്പം , കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം, മെക് 7 വിവാദങ്ങള്‍, വയനാട്-പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലെ പത്രപ്പരസ്യങ്ങള്‍ തുടങ്ങി കേരളത്തില്‍ സമീപകാലത്ത് നടന്നിട്ടുള്ള മുഴുവന്‍ സംഭവവികാസങ്ങളിലും ഇസ്‌ലാമോഫോബിക് സമീപനങ്ങളാണ് സിപിഎം സ്വീകരിച്ചു പോന്നിട്ടുള്ളത്. മറുവശത്ത് മുസ്‌ലിം സാമുദായിക ഐക്യം തകര്‍ക്കാനുള്ള കുതന്ത്രങ്ങളും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. വര്‍ഗീയ വിഭജനവും സാമുദായിക ധ്രുവീകരണവും ബിജെപി ചെയ്താലും സിപിഎം ചെയ്താലും അതിനെ ശക്തമായി പ്രതിരോധിക്കേണ്ട ഉത്തരവാദിത്വം ജനങ്ങള്‍ക്കുണ്ട്. മതനിരപേക്ഷതയെ തകര്‍ക്കുന്ന സിപിഎം ചെയ്തികള്‍ക്കെതിരില്‍ കേരളീയ സമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു