മുംബൈ: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍(90) അന്തരിച്ചു. ഇന്ന് വൈകീട്ട് 6.30ന് മുംബൈയിലെ വോക്ക്ഹാര്‍ഡ് ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് മകള്‍ പിയ ബെനഗല്‍ സ്ഥിരീകരിച്ചു. വൃക്കരോഗം മൂലം ചികില്‍സയിലായിരുന്നു. സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവാണ്. 18 തവണ ദേശീയ ഫിലിം അവാര്‍ഡും സ്വന്തമാക്കി.
1974ല്‍ പുറത്തുവന്ന അങ്കൂര്‍ ആണ് ശ്യാം ബെനഗല്‍ ആദ്യം സംവിധാനം ചെയ്ത ചിത്രം. അനന്ത് നാഗും ശബാന ആസ്മിയുമായിരുന്നു ഇതിലെ നായകര്‍. ഈ സിനിമയില്‍ ഭാഗമായവരെല്ലാം പിന്നീട് സിനിമാ മേഖലയില്‍ ഉന്നതങ്ങളിലെത്തി. മൂന്നാം ചിത്രമായ നിഷാന്ത്, കാന്‍ ചലചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ഗോള്‍ഡന്‍ പാം പുരസ്‌കാരം നേടുകയും ചെയ്തു. ഗിരീഷ് കര്‍ണാഡ്, ശബാന ആസ്മി, അനന്ത് നാഗ്, അമരീഷ് പുരി, സ്മിതാ പാട്ടീല്‍, നസിറുദ്ദീന്‍ ഷാ എന്നീ പ്രമുഖരെല്ലാം ഈ സിനിമയിലുണ്ടായിരുന്നു. 1976ല്‍ രാജ്യം പത്മശ്രീ പുരസ്‌കാരവും 1991ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു.