ഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ഫലസ്തീനികളെ മോചിപ്പിച്ചു

Update: 2024-12-23 16:35 GMT

ഗസ സിറ്റി: ഗസ മുനമ്പില്‍ ഇസ്രായേല്‍ പിടികൂടി തടങ്കലില്‍ വച്ച ഫലസ്തീനികളെ മോചിപ്പിച്ച് ഹമാസ്. ബെയ്ത് ലാഹിയ പ്രദേശത്തെ കെട്ടിടത്തില്‍ ഇസ്രായേലി സൈന്യം നിരവധി ഫലസ്തീനികളെ തടങ്കലില്‍ വച്ചുവെന്ന വിവരത്തെ തുടര്‍ന്നാണ് കെട്ടിടത്തില്‍ കയറി ആക്രമണം നടത്തിയതെന്ന് അല്‍ഖസ്സം ബ്രിഗേഡ് പ്രസ്താവനയില്‍ പറഞ്ഞു. കെട്ടിടത്തിന് അകത്തുണ്ടായിരുന്ന മൂന്നു ഇസ്രായേലി സൈനികരെ കത്തി കൊണ്ടു കുത്തി കൊന്നു. തുടര്‍ന്ന് അവരുടെ അത്യാധുനിക ആയുധങ്ങള്‍ പിടിച്ചെടുത്തു. നിരവധി ഫലസ്തീനികളെ ഈ ഓപ്പറേഷനിലൂടെ മോചിപ്പിച്ചതായി അല്‍ഖസ്സം ബ്രിഗേഡിന്റെ പ്രസ്താവന പറയുന്നു.

അതേസമയം, ജബലിയ കാംപിന് സമീപം മൂന്നു ഇസ്രായേലി സൈനികര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പോപുലര്‍ റസിസ്റ്റന്‍സ് കമ്മിറ്റിയുടെ സായുധ വിഭാഗമായ സലാഹുദ്ദീന്‍ ബ്രിഗേഡും ഉമര്‍ അല്‍ ഖസ്സം ബ്രിഗേഡും സംയുക്തമായി നെറ്റ്‌സാരിം പ്രദേശത്തെ ഇസ്രായേലി കമാന്‍ഡ് സെന്റര്‍ ആക്രമിച്ചു. ആക്രമണത്തിന്റെ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ആക്രമിക്കുക, സ്ഥലം വിടുക, സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പതിയിരുന്ന് ആക്രമിക്കുക എന്ന ഗറില്ലാ ആക്രമണ രീതിയാണ് ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുമ്പോള്‍ ചിതറിയോടുന്ന സൈനികരെ ആക്രമിക്കുന്ന രീതിയാണ്. കൂടാതെ 'രക്തസാക്ഷ്യ ആക്രമണങ്ങളും' നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.

Similar News