മതപരിവര്‍ത്തന നിരോധന നിയമം: ക്രൈസ്തവ പുരോഹിതരെ ജയിലില്‍ തള്ളാനുള്ള ആയുധമാക്കി ഹിന്ദുത്വര്‍
ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുന്നതിന്റെ പശ്ചാതലത്തിലാണ് ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ വര്‍ധിച്ചത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചുള്ള ഹിന്ദുത്വ ആക്രമണം വര്‍ധിച്ചത്.
മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ നിയമം ആയുധമാക്കി ക്രൈസ്തവ പുരോഹിതര്‍ക്കെതിരേ കള്ളക്കേസുകള്‍ ചുമത്തുകയാണ് ഹിന്ദുത്വര്‍. 'ഹിന്ദുത്വ വാച്ച്' തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ക്രൈസ്തവ വിരുദ്ധ നീക്കത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
മധ്യപ്രദേശിലെ ഝബുവ ജില്ലയിലെ പദല്‍വ ഗ്രാമത്തില്‍ നിന്നുള്ള പാസ്റ്ററായ രമേഷ് വസൂനിയ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന കുറ്റം ചുമത്തി ഡിസംബര്‍ 5 മുതല്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. ഇയാളുടെ ഭാര്യയെയും മറ്റ് നാല് പേരെയും ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേ ഗ്രാമത്തിലെ താമസക്കാരിയായ മോഗ വസൂനിയയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഡിസംബര്‍ 5 ന് പാസ്റ്റര്‍ രമേഷ് ശുശ്രൂഷ നടത്തുന്ന പ്രാര്‍ത്ഥനാ ഹാളില്‍ മോഗ വസൂനിയയും മറ്റ് നാല് പേരും എത്തിയിരുന്നു. അവിടെ വെച്ച് പാസ്റ്റര്‍ മോഗ വസൂനിയയില്‍ വിശുദ്ധജലം തളിച്ചുവെന്ന് പോലിസ് രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്തുമതം സ്വീകരിച്ചാല്‍ സന്ദര്‍ശകര്‍ക്ക് 1000 രൂപ വീതവും മോട്ടോര്‍ സൈക്കിളും മെഡിക്കല്‍ സൗകര്യവും നല്‍കുമെന്ന് പാസ്റ്റര്‍ വാഗ്ദാനം ചെയ്തിരുന്നതായും എഫ്‌ഐആറില്‍ പറയുന്നു.
എന്നാല്‍ പദാല്‍വയിലെ ഒരു ശിവക്ഷേത്രത്തിലെ പണ്ഡിറ്റായ 70 കാരനായ മോഗ വസൂനിയ ഇപ്പോള്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. 'ഇത് തെറ്റാണ്. ഞാന്‍ ഒരിക്കലും 'വിശുദ്ധ' വെള്ളം തളിക്കുകയോ ബൈക്ക് നല്‍കാമെന്ന് പറഞ്ഞ് വശീകരിക്കുകയോ ചെയ്തിട്ടില്ല, ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായി ഞാന്‍ പ്രാര്‍ത്ഥനാ ഹാള്‍ സന്ദര്‍ശിച്ചിട്ടില്ല. ഇതൊന്നും ഞാന്‍ പറഞ്ഞതല്ല.' 'അദ്ദേഹം സ്‌കോള്‍ ന്യൂസിനോട് പറഞ്ഞു.
മധ്യപ്രദേശിന്റെയും ഗുജറാത്തിന്റെയും അതിര്‍ത്തിയിലുള്ള ഝബുവ ജില്ലയില്‍ ക്രിസ്ത്യന്‍ സമൂഹത്തിന് നേരെ മണിക്കൂറുകള്‍ നീണ്ടുനിന്ന ഉപരോധത്തെ തുടര്‍ന്നാണ് രമേഷ് വസൂനിയയെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷത്തിലധികമായി വിഎച്ച്പി ഉള്‍പ്പടെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവര്‍ക്കെതിരേ ആക്രമണം നടക്കുന്നുണ്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ പള്ളികള്‍ അടച്ചുപൂട്ടണമെന്നും ഹിന്ദുത്വര്‍ ആവശ്യമുയര്‍ത്തി.
2021 സെപ്തംബറില്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭരണകൂടം ഹിന്ദുത്വ ഗ്രൂപ്പുകളുടെ നിര്‍ബന്ധത്തിന് വഴങ്ങി പാസ്റ്റര്‍മാര്‍ക്കും പുരോഹിതന്മാര്‍ക്കും സാധാരണ ക്രിസ്ത്യാനികള്‍ക്കും നോട്ടിസ് അയച്ചു. ഇതോടെ ക്രൈസ്തവ പുരോഹിതര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ആറ് പാസ്റ്റര്‍മാരാണ് ഇന്‍ഡോര്‍ ഹൈക്കോടതിയില്‍ ഈ നോട്ടിസുകളെ ചോദ്യം ചെയ്തത്. കേസ് ഡിസംബര്‍ നാലിന് പരിഗണിക്കുകയും അടുത്ത വാദം കേള്‍ക്കുന്നത് വരെ നോട്ടീസ് നടപ്പാക്കുന്നത് കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. ഇതോടെ, ഭരണകൂടം എല്ലാ നോട്ടീസുകളും പിന്‍വലിച്ചു. അതേസമയം, കോടതിയില്‍ വാദം കേട്ട് തൊട്ടടുത്ത ദിവസം തന്നെ 2021ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഹരജിക്കാരില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു.
ഡിസംബര്‍ അഞ്ചിന് നടന്ന ഹിന്ദുത്വ റാലിയാണ് പാസ്റ്റര്‍ രമേശിന്റെ അറസ്റ്റിന് വഴിയൊരുക്കിയതെന്ന് മോഗ വസൂനിയ അവകാശപ്പെട്ടു. റാലി പാസ്റ്ററുടെ പ്രാര്‍ത്ഥനാ ഹാളില്‍ എത്തിയതോടെ പോലിസ് പാസ്റ്ററെ അറസ്റ്റ് ചെയ്യുകയായിരുന്നു.
'അവര്‍ എന്നെ പോലീസ് സ്‌റ്റേഷനിലേക്ക് കാര്യങ്ങള്‍ അന്വേഷിച്ചതായി മോഗ വസൂനിയ പറഞ്ഞു. 'പ്രദേശത്തുകാര്‍ ക്രിസ്തു മതത്തിലേക്ക് എങ്ങനെ ആകര്‍ഷിക്കപ്പെടുന്നുവെന്ന് ഞാന്‍ വിശദമായി പറഞ്ഞു.
പണം, മെഡിക്കല്‍ സേവനങ്ങള്‍, വേദന സംഹാരിയായി വെളിച്ചെണ്ണ എന്നിങ്ങനെ ആളുകളെ വശീകരിക്കുന്ന പല വഴികളും അവര്‍ സ്വീകരിക്കുന്നതായി താന്‍ പോലിസിനോട് പറഞ്ഞു. 'ഇതെല്ലാം അവരെ കുടുക്കാനുള്ള വഴികളാണ്, ഇവയാണ് പദ്ധതികള്‍,' മോഗ വസൂനിയ പറഞ്ഞു, ഈ പ്രലോഭനങ്ങളില്‍ താന്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, തന്റെ പിതാവുമായുള്ള പഴയ വൈരാഗ്യമാണ് മോഗ വസുനിയയുടെ പരാതിക്ക് പ്രേരിപ്പിച്ചതെന്ന് പാസ്റ്റര്‍ രമേശിന്റെ മകന്‍ സാമുവല്‍ വസുനിയ ആരോപിച്ചു. 'ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നം നിലനില്‍ക്കുമ്പോള്‍ എന്തിനാണ് അദ്ദേഹത്തെ ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നത്?' പാസ്റ്ററുടെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പ്രാര്‍ത്ഥനാ ഹാളിന് പുറത്ത് ഇരുന്നുകൊണ്ട് അദ്ദേഹം ചോദിച്ചു.
'എന്റെ പിതാവിനെതിരെയുള്ള ഈ പരാതി അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിലുള്ള പ്രതികാരമാണ്'. സാമുവല്‍ വസൂനിയ പറഞ്ഞു. 'ക്രിസ്ത്യാനികള്‍ സമാധാനത്തോടെ പ്രാര്‍ത്ഥിക്കുന്നത് അവര്‍ ആഗ്രഹിക്കുന്നില്ല'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുന്നതിന്റെ മുന്നോടിയായി ബിജെപി ഭരിക്കുന്ന കര്‍ണാടകയിലും ക്രൈസ്തവര്‍ക്കെതിരായ ഹിന്ദുത്വ ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. ചര്‍ച്ചുകള്‍ക്കും പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ക്കും നേരെ ആക്രമണം അരങ്ങേറി. ഞായറാഴ്ച്ച കുര്‍ബാന നടക്കുന്നതിനിടെ പള്ളിയിലേക്ക് അതിക്രമിച്ച് കയറിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഹൈന്ദവ പ്രാര്‍ത്ഥനകള്‍ നടത്തിയ സംഭവവും കര്‍ണടകയില്‍ അരങ്ങേറിയിരുന്നു. ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധം ഉള്‍പ്പടെയുള്ള സമരങ്ങളും അരങ്ങേറി.