വയനാടിനു പുറമെ കോഴിക്കോട്ടും പാലക്കാട്ടും പ്രകമ്പനം; ഭൂചലനമല്ലെന്ന് വിദഗ്ധര്‍

Update: 2024-08-09 10:38 GMT
വയനാടിനു പുറമെ കോഴിക്കോട്ടും പാലക്കാട്ടും പ്രകമ്പനം; ഭൂചലനമല്ലെന്ന് വിദഗ്ധര്‍

കല്‍പറ്റ: വയനാടിനു പുറമെ കോഴിക്കോട്ടും പാലക്കാട്ടും ഭൂമിക്കടിയില്‍നിന്നു ശബ്ദം കേട്ടെന്ന് നാട്ടുകാര്‍. എന്നാല്‍, വയനാട്ടിലേത് ഭൂകമ്പമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വയനാട്ടിലെ എടയ്ക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്ക്കു സമീപത്താണ് ഇന്ന് രാവിലെ ഇടിമുഴക്കം പോലത്തെ ശബ്ദം കേട്ടതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ചെറിയ തോതില്‍ ഭൂമികുലുക്കം കൂടി അനുഭവപ്പെട്ടതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരായി. അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്ത്രജ്ഞര്‍ അസാധാരണ ശബ്ദം കേട്ടതായി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് പ്രദേശവാസികളോട് ഒഴിയാന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട്ടെയും പാലക്കാട്ടെയും ചില സ്ഥലങ്ങളില്‍ ഇതേസമയം പ്രകമ്പനം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞത്. കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ കല്ലാനോട് പാറ അനങ്ങിയതു പോലെ വലിയ ശബ്ദം കേട്ടെന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. ഇക്കഴിഞ്ഞ ജൂണ്‍ 27ന് ഉരുള്‍പൊട്ടി പാറ ഉരുണ്ടു വീണ പ്രദേശമാണിത്.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം പനമണ്ണ, വീട്ടാമ്പാറ, ലക്കിടി അകലൂര്‍, കോതക്കുറുശ്ശി, വാണിയംകുളം പനയൂര്‍, ചളവറയില്‍ പുലാക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലാണ് ശബ്ദം കേട്ടത്. രാവിലെ 10നും 10.30നും ഇടയിലാണ് സംഭവം.

വയനാട്ടിലെ എടക്കലിലുണ്ടായ സംഭവം സംബന്ധിച്ച് ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷനല്‍ സീസ്‌മോളജി സെന്റര്‍ ഡയറക്ടര്‍ ഒ പി മിശ്ര അറിയിച്ചു. സമാനരീതിയില്‍ തന്നെയാണ് ദുരന്തനിവാരണ അതോറിറ്റിയുടെയും വിലയിരുത്തല്‍. അമ്പലവയല്‍ വില്ലേജിലെ ആര്‍എആര്‍എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തിമല, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്. പ്രദേശവാസികളെ സുരക്ഷിതമാക്കി മാറ്റാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല, മുണ്ടക്കൈ മേഖലയുള്‍പെടുന്ന മേപ്പാടി പഞ്ചായത്തില്‍നിന്ന് 30 കിലോമീറ്ററോളം ദൂരെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനം ഉണ്ടായതെന്നത് നാട്ടുകാരെ പരിഭ്രാന്തരാക്കിയിരുന്നു.


Tags:    

Similar News