അമേരിക്കയില്‍ വ്യാപകനാശം വിതച്ച് ഐഡ ചുഴലിക്കാറ്റ്; ലൂസിയാനയില്‍ ഒരുമരണം, ന്യൂ ഓര്‍ലിയന്‍സ് ഇരുട്ടിലായി
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലൂസിയാന ഇതുവരെ നേരിട്ടിട്ടുള്ള കാറ്റഗറി നാലില്‍പെട്ട ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഐഡ. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയെ വിറപ്പിച്ച കത്രീന ചുഴലിക്കൊടുങ്കാറ്റിന്റെ അതേ ഭീകരതയോടെയാണ് ഐഡ എത്തിയത്.
വാഷിങ്ടണ്‍: അമേരിക്കയില്‍ ആഞ്ഞുവീശിയ ഐഡ ചുഴലിക്കാറ്റ് രാജ്യത്ത് പലയിടങ്ങളിലും വ്യാപകനാശം വിതച്ചു. ന്യൂ ഓര്‍ലിയന്‍സ് സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് വിതച്ചത്. ഐഡ ചുഴലിക്കാറ്റ് തീരത്തെത്തിയതോടെ ന്യൂ ഓര്‍ലിയന്‍സില്‍ വൈദ്യുതി ബന്ധം ഏറെക്കുറെ എല്ലായിടത്തും താറുമാറായി. പ്രദേശത്തുനിന്ന് ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ജനറേറ്ററുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ലൂസിയാനയില്‍ ഒരുമരണമുണ്ടായതായി ദി ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. ലൂസിയാന സംസ്ഥാനത്തെ 750,000 വീടുകളില്‍ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. അത് പുനസ്ഥാപിക്കാന്‍ ആഴ്ചകളെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ലൂസിയാനയിലും മിസിസിപ്പിയിലും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലൂസിയാന ഇതുവരെ നേരിട്ടിട്ടുള്ള കാറ്റഗറി നാലില്‍പെട്ട ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഐഡ. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയെ വിറപ്പിച്ച കത്രീന ചുഴലിക്കൊടുങ്കാറ്റിന്റെ അതേ ഭീകരതയോടെയാണ് ഐഡ എത്തിയത്. 16 വര്‍ഷം മുമ്പ് കത്രീന മഹാദുരന്തമായെത്തിയ അതേ തിയ്യതിയില്‍, അന്ന് തീരംതൊട്ടതിന് 72 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ഐഡ എത്തിയത്. ഇതു പിന്നീട് ശക്തി കുറഞ്ഞ് കാറ്റഗറി മൂന്നിലേക്ക് മാറിയെങ്കിലും അപകടം ഒഴിവായില്ലെന്നാണ് മുന്നറിയിപ്പ്. 2005ല്‍ ലൂസിയാനയിലും മിസിസിപ്പിയിലുമാണ് കത്രീന ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.
ശക്തമായ കാറ്റിനൊപ്പം കനത്തുപെയ്ത മഴയും മണ്ണിടിച്ചിലും ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. രക്ഷാദൗത്യം വേഗത്തിലാക്കാന്‍ അടിയന്തര നടപടികള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കി. ലൂസിയാന, മിസിസിപ്പി സംസ്ഥാനങ്ങളിലാണ് ആശങ്ക ഏറ്റവും കൂടുതല്‍. ഇരുസംസ്ഥാനങ്ങളിലുമായി 10 ലക്ഷത്തോളം പേര്‍ക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഐഡ കരയിലേക്ക് പ്രവേശിച്ച ഗ്രാന്‍ഡ് ഐലീയില്‍ കടല്‍ പ്രക്ഷുബ്ധമാണ്. വടക്കന്‍ മെക്‌സിക്കോ തീരം ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റിന്റെ വേഗം 240 കിലോമീറ്ററാണ്. കാറ്റഗറി നാലിലുള്ള ചുഴലിക്കാറ്റിനെത്തുടര്‍ന്ന് നിരവധിപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
പ്രദേശവാസികളെ ന്യൂ ഓര്‍ലെന്‍സ് വിമാനത്താവളത്തിലൂടെയാണ് മാറ്റിയത്. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12.55 ഓടെയാണ് 230 കിലോമീറ്റര്‍ വേഗത്തില്‍ ലൂസിയാന സംസ്ഥാനത്തെ ഫോര്‍ച്ചോണ്‍ തുറമുഖത്ത് ഐഡ തീരം തൊട്ടത്. ലൂസിയാനയിലും മിസിസിപ്പിയിലും നാലു മുതല്‍ ഏഴുവരെ അടി ജലനിരപ്പുയര്‍ന്നു. മരങ്ങള്‍ കടപുഴകി. കനത്ത നാശനഷ്ടങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കന്‍ എയര്‍ലൈനുകളും യുണൈറ്റഡ് എയര്‍ലൈനുകളും തിങ്കളാഴ്ച മിസിസിപ്പി അന്താരാഷ്ട്ര വിമാനത്താവളമായ ജാക്‌സണ്‍മെഡ്ഗര്‍ വൈലി എവേഴ്‌സ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ റദ്ദാക്കി.
ചൊവ്വാഴ്ച വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ലൂസിയാനയിലെ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് നിരവധി രോഗികളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നീക്കത്തിലാണ്. ലൂസിയാനയില്‍ ഒരു ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയില്ലാത്ത അവസ്ഥയാണെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.