കൊറോണ പ്രതിരോധമരുന്ന്: തീര്‍ച്ചയായും അറിയണം ഈ കാര്യങ്ങള്‍

ഹൃദ്രോഗമുള്ളവര്‍ ഈ ഗുളിക കഴിക്കുകയാണെങ്കില്‍ വളരെ ചിലരില്‍ ഇത് ഹൃദയാഘാതത്തിന് കാരണമായേക്കാം

Update: 2020-03-26 05:28 GMT

കോഴിക്കോട്: കൊറോണക്കുള്ള പ്രതിരോധമരുന്ന് ആയി ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ (hydroxychloroquine) നിര്‍ദ്ദേശിക്കപ്പെട്ടതോടെ ഇത് എല്ലാവര്‍ക്കും കഴിക്കാമെന്ന് ധാരണയിലാണ് ജനങ്ങള്‍. എന്നാല്‍ ഒട്ടേറെ പാര്‍ശ്വഫലങ്ങളുള്ളതാണ് ഈ മരുന്ന് എന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഗുളിക എല്ലാവര്‍ക്കും സുരക്ഷിതമല്ല എന്നതാണ് ആദ്യമായി മനസ്സിലാക്കേണ്ടത്. ഇതിന് കുറച്ചധികം പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. അതുകൊണ്ടുതന്നെ രോഗികളുമായി എപ്പോഴും ബന്ധപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകരോ അതുമല്ലെങ്കില്‍ കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കപ്പെട്ട വീട്ടിലെ രോഗിയുമായി അടുത്തിടപഴകുന്ന അംഗങ്ങളോ മാത്രമാണ് ഈ ഗുളിക കഴിക്കേണ്ടത്. അതു തന്നെ അവരുടെ ആരോഗ്യാവസ്ഥയും മറ്റ് അസുഖങ്ങളും പരിഗണിച്ച ശേഷം മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ. സാധാരണഗതിയില്‍ 10 ശതമാനം ആളുകള്‍ക്ക് ഈ ഗുളികയുടെ ഉയര്‍ന്ന ഡോസ് കാരണം റെറ്റിനോപതി ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതില്‍ തന്നെ ചില ആളുകള്‍ക്ക് അത് സ്ഥിരമായുള്ള അന്ധതക്കും കാരണമാകാം.

ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ 200 ഗ്രാമിന്റെ ഗുളികകള്‍ ആയിട്ടാണ് വിപണിയില്‍ ലഭിക്കുന്നത്. രണ്ടു ഗുളിക രാവിലെയും രണ്ടു ഗുളിക രാത്രിയും എന്നതാണ് കഴിക്കേണ്ട അളവ്. അങ്ങനെ വരുമ്പോള്‍ 800 മില്ലി ഗ്രാമാണ് ഓരോ ദിവസവും കഴിക്കേണ്ടി വരുന്നത്. പിന്നെ അടുത്ത ആഴ്ച അതേ ദിവസം 400 മില്ലിഗ്രാം ആണ് കഴിക്കേണ്ടത്, അത് 200 മില്ലിഗ്രാമില്‍ 2 ഗുളിക കഴിക്കണം. അങ്ങനെ ഏഴ് ദിവസങ്ങള്‍ ആണ് കഴിക്കേണ്ടത് മൊത്തം കൂടി നോക്കിയാല്‍ ഏകദേശം പതിനെട്ട് ഗുളിക കഴിക്കേണ്ടിവരും. ഇത്ര മരുന്ന് അകത്തു ചെല്ലുമ്പോള്‍ അത് സ്ഥിരമായി മറ്റ് മരുന്നുകള്‍ കഴിക്കുന്നവരില്‍ പല പ്രതിപ്രവര്‍ത്തനങ്ങള്‍ക്കും കാരണമാകും.അതു കൊണ്ടു തന്നെ അത്തരക്കാര്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഈ ഗുളിക കഴിക്കാന്‍ പാടുള്ളൂ. രക്തസമ്മര്‍ദ്ദം പ്രമേഹം എന്നിവയ്ക്ക് സ്ഥിരമായി മരുന്ന് ഉപയോഗിക്കുന്നവര്‍ ഈ ഗുളിക കഴിക്കുന്നതിനു മുന്‍പ് നിര്‍ബന്ധമായും ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. കാഴ്ച വൈകല്യം ഉള്ളവര്‍ ഈ ഗുളിക ഉപയോഗിക്കുന്നതിനു മുമ്പ് ഒരു നേത്രരോഗ വിദഗ്ധന്റെ അഭിപ്രായം ആരായുന്നതാണ് ഉചിതം. അല്ലാത്തപക്ഷം അത് നിത്യമായ അന്ധതയിലേക്ക് വഴി വെക്കാന്‍ സാധ്യതയുണ്ട്.

അതിനേക്കാളേറെ ശ്രദ്ധിക്കേണ്ടത് ഹൃദ്രോഗമുള്ളവര്‍ ഈ ഗുളിക കഴിക്കുകയാണെങ്കില്‍ വളരെ ചിലരില്‍ ഇത് ഹൃദയാഘാതത്തിന് കാരണമായേക്കാം എന്നതാണ്. ഈ ഗുളിക പ്രതിരോധമരുന്നായി കഴിച്ചതിനുശേഷം ഹൃദയാഘാതം മൂലം മരിച്ച സംഭവങ്ങള്‍ ലോകത്ത് ചിലയിടങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതു കൊണ്ട്, കോവിഡ് 19ന് എതിരെയുള്ള പ്രതിരോധമരുന്ന് എന്ന രീതിയില്‍ ഇത് എല്ലാവരും കഴിക്കേണ്ടതില്ല. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഇത് കഴിക്കുന്നത് ഒരുപക്ഷേ കാഴ്ച്ച നഷ്ടപ്പെടുന്നതിനും ചിലപ്പോള്‍ ഹൃദയാഘാതം മൂലമുള്ള മരണത്തിനും വരെ കാരണമായേക്കാം.

(വിവരങ്ങള്‍ക്ക് കടപ്പാട്, ഡോ. മുഹമ്മദ് യാസിര്‍, ലെക്ചറര്‍, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം, ഗവ. മെഡിക്കല്‍ കോളെജ് മഞ്ചേരി)





Tags:    

Similar News