കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മതപരിവര്‍ത്തന നിരോധനവും ഗോവധ നിരോധനവും പിന്‍വലിക്കും: കര്‍ണാടക പിസിസി അധ്യക്ഷന്‍
'ഗോവധ നിരോധനം മുസ്‌ലിംകളെയാണ് ബാധിച്ചതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഹിന്ദു കര്‍ഷകര്‍ പ്രായമായ പശുക്കളെ വിറ്റ് പണം സമ്പാദിച്ചിരുന്നു. ഇപ്പോള്‍ അവര്‍ ബുദ്ധിമുട്ടുകയാണ്. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ല' ശിവകുമാര്‍ പറഞ്ഞു
ബംഗലൂരു: കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ മതപരിവര്‍ത്തന നിരോധന നിയമവും ഗോവധ നിരോധന നിയമവും പിന്‍വലിക്കുമെന്ന് പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. മതപരിവര്‍ത്തന നിരോധന ബില്ല് പാസായാല്‍ 2023ലെ തിരഞ്ഞടുപ്പിലൂടെ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അതു പിന്‍വലിക്കും. ഗോവധ നിരോധന നിയമവും റദ്ദാക്കും. ഡി കെ ശിവകുമാര്‍ വ്യക്തമാക്കി. തങ്ങള്‍ ഭൂരിപക്ഷമാണെന്ന മിഥ്യാധാരണയിലാണ് ബിജെപി രമിക്കുന്നത്. ഒരു സമുദായത്തിനു വേണ്ടിയല്ല, സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞയെടുത്തത് അവര്‍ മറന്നു. സംസ്ഥാനത്ത് ഗോവധം നിരോധിച്ചതോടെ ഹിന്ദു കര്‍ഷകര്‍ ബുദ്ധിമുട്ടിലാണെന്നും ശിവകുമാര്‍ പറഞ്ഞു.
'ഗോവധ നിരോധനം മുസ്‌ലിംകളെയാണ് ബാധിച്ചതെന്നാണ് പലരും കരുതുന്നത്. എന്നാല്‍ യാഥാര്‍ഥ്യമെന്തെന്നാല്‍ ഹിന്ദു കര്‍ഷകര്‍ പ്രായമായതും ഉപയോഗമില്ലാത്തതുമായ പശുക്കളെ വിറ്റ് പണം സമ്പാദിച്ചിരുന്നു. അവര്‍ക്ക് ഒരു പശുവിന് 30,000 മുതല്‍ 40,000 രൂപ വരെ പ്രതിഫലം ലഭിച്ചിരുന്നു. ഇപ്പോള്‍ അവര്‍ ബുദ്ധിമുട്ടുകയാണ്. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നില്ല' ശിവകുമാര്‍ പറഞ്ഞു. മതപരിവര്‍ത്തന നിരോധന നിയമം സംസ്ഥാനത്തെ നിക്ഷേപങ്ങളെ ബാധിക്കും. ഇത്തരം നിയമങ്ങള്‍ പാസാക്കുകയും നടപ്പിലാക്കുകയും ചെയ്താല്‍ എങ്ങനെ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ക്ഷണിക്കാനാകും എന്നാണ് ശിവകുമാറിന്റെ ചോദ്യം.