ഇനി മാസ്‌ക്, തവക്കല്‍ന ആവശ്യമില്ല; കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സൗദി
ഇനി മക്ക, മദീന ഇരുഹറം പള്ളികളിലും മറ്റു പബ്ലിക് ഹെല്‍ത്ത് അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന സ്ഥലങ്ങളിലും ഒഴികെ അടച്ചിട്ട സ്ഥലങ്ങളിലും മറ്റും മാസ്‌ക് നിര്‍ബന്ധമില്ല.
റിയാദ്: സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യത്തിന്റെയും തുടര്‍നടപടികളുടെയും പശ്ചാത്തലത്തിലും ആരോഗ്യമന്ത്രലായം കൊവിഡിനെ ചെറുക്കുന്നതില്‍ കൈവരിച്ച നിരവധി നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് മുന്‍കരുതലുകളും പ്രതിരോധ നടപടികളും എടുത്തുകളഞ്ഞതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇനി മക്ക, മദീന ഇരുഹറം പള്ളികളിലും മറ്റു പബ്ലിക് ഹെല്‍ത്ത് അതോറിറ്റി നിഷ്‌കര്‍ഷിക്കുന്ന സ്ഥലങ്ങളിലും ഒഴികെ അടച്ചിട്ട സ്ഥലങ്ങളിലും മറ്റും മാസ്‌ക് നിര്‍ബന്ധമില്ല.
എന്നാല്‍, പ്രത്യേക ഇവന്റുകള്‍, പൊതുഗതാഗതം തുടങ്ങിയവയില്‍ പ്രവേശിക്കുമ്പോള്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ മാത്രം മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമായിരിക്കും. പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമുള്ളവര്‍ ഒഴികെ മറ്റുള്ളവര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനോ, ഇവന്റുകള്‍, പൊതുഗതാഗതം, വിമാനയാത്ര തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോ തവക്കല്‍ന ആപ്ലിക്കേഷനില്‍ പ്രതിരോധ കുത്തിവയ്പ്പും ആരോഗ്യനില പരിശോധനയും ആവശ്യമില്ല.
എന്നാല്‍, അത്തരം പരിശോധന തുടരുന്നതിലൂടെ ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം നടപ്പാക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിലോ ഇവന്റുകളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ ആവശ്യമെങ്കില്‍ അധികൃതര്‍ക്ക് തവക്കല്‍ന നിര്‍ബന്ധമാക്കാമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സി വ്യക്തമാക്കി. രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്ന പൗരന്‍മാര്‍ക്ക് നേരത്തെ രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തതിന് ശേഷം മൂന്ന് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്ന കാലാവധി എട്ട് മാസമാക്കി ദീര്‍ഘിപ്പിച്ചു.
അംഗീകൃത വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കുന്നതുള്‍പ്പെടെയുള്ള കൊവിഡ് പ്രതിരോധ കുത്തിവയ്പ്പിനായുള്ള ദേശീയ പദ്ധതി നടപ്പാക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രത്യേക പ്രായത്തിലുള്ള ആളുകള്‍ക്ക് പുതിയ നിയന്ത്രണം ബാധകമല്ല. വൈറസില്‍നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് മൂന്നാമത്തെ ബൂസ്റ്റര്‍ ഷോട്ട് എടുക്കാന്‍ ആളുകളെ പ്രോല്‍സാഹിപ്പിക്കുന്നത് തുടരും. നിലവില്‍ സ്വീകരിച്ച നടപടികളുടെ തുടര്‍ച്ച രാജ്യത്തെ ആരോഗ്യ അധികാരികളുടെ തുടര്‍ച്ചയായ കൊവിഡ് സാഹചര്യ വിലയിരുത്തലിന് വിധേയമായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.