തിരുവനന്തപുരം: കൊവിഡ് നിയന്ത്രണലംഘനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത ഗൗരവസ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നു. നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി രോഗവ്യാപനം പടര്‍ത്തല്‍, ഒത്തുചേരല്‍, നിയന്ത്രണം ലംഘിച്ചുള്ള ഡ്രൈവിങ്, കേസുകളില്‍ ഹാജാരാവാന്‍ നിര്‍ദേശിച്ചിട്ടും ഹാജരാവാതിരിക്കല്‍ അടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത പിഴയും തടവും ലഭിക്കാന്‍ സാധ്യതയുള്ള കേസുകളാണു പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.
ഇന്ത്യന്‍ പീനല്‍ കോഡ്, കേരള പോലിസ് ആക്ട്, കേരള എപ്പിഡമിക് ഓര്‍ഡിനന്‍സ്, ദുരന്തപ്രതികരണ നിയമം തുടങ്ങിയവയിലെ ചില വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനാണു നിര്‍ദേശം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 188, 269, 290 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍വലിക്കുന്നതില്‍പ്പെടുന്നത്.
സുപ്രിംകോടതിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടുകൂടി ജില്ലാ പോലിസ് മേധാവിമാരും പബ്ലിക് പ്രോസിക്യൂട്ടര്‍മാരും നടപടി സ്വീകരിക്കും. അശ്രദ്ധമായ പ്രവൃത്തികളിലൂടെ രോഗവ്യാപനത്തിന് ഇടയാക്കുന്ന തരത്തിലുള്ള നടപടികള്‍, ആഘോഷങ്ങളും ആരാധനകളുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍, പൊതുശല്യമാവുന്ന തരത്തിലുള്ള ഡ്രൈവിങ്, പ്രസ്താവനയില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍, സമന്‍സ് നല്‍കിയിട്ടും മറുപടി നല്‍കാതിരുന്നതും ഹാജാരാവാതിരുന്നതുമായ കേസുകള്‍ തുടങ്ങിയവയാണ് പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
2,000 രൂപ വരെ പിഴയും മൂന്നുവര്‍ഷം വരെ തടവും ലഭിക്കാന്‍ സാധ്യതയുള്ള നിസാര കേസുകള്‍ പിന്‍വലിക്കാനാണു നിര്‍ദേശം. ഇതുവഴി സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിനു കേസുകള്‍ പിന്‍വലിക്കപ്പെടുമെന്നാണു കണക്കാക്കുന്നത്. നിരവധി പേര്‍ക്ക് ഇത് ആശ്വാസമാവും. കൊവിഡ് നിയന്ത്രണലംഘനവുമായി ബന്ധപ്പെട്ട് 1.4 ലക്ഷം കേസുകളാണു രജിസ്റ്റര്‍ ചെയ്തത്.
കൊവിഡ് കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധിക്കാന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി കണ്‍വീനറായും നിയമവകുപ്പ് സെക്രട്ടറി, സംസ്ഥാന പോലിസ് മേധാവി എന്നിവര്‍ അംഗങ്ങളുമായും സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുതരസ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തരവിറക്കിയത്.