ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലവും ഒഴിവാക്കി; സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ഉത്തരവിറങ്ങി. ദുരന്തനിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളാണ് പിന്‍വലിച്ചത്. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും ഒഴിവാക്കി. സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും ശുചിത്വ നടപടികള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ അടിയന്തര പ്രാബല്യത്തോടെ പിന്‍വലിച്ചത്.
കേന്ദ്ര നിര്‍ദേശപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് ഇന്ന് 291 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍കോട് 3, പാലക്കാട് 2 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരുമരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.