രാജ്യതലസ്ഥാനമായ ഡല്‍ഹിയിലോട് ചേര്‍ന്നുള്ള ഹരിയാനയിലെ നൂഹ് ജില്ലയില്‍ ഇന്നലെ വിശ്വഹിന്ദു പരിഷത്തും മാതൃശക്തി ദുര്‍ഗാവാഹിനിയും സംഘടിപ്പിച്ച ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്രയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജുനൈദ്-നാസിര്‍ ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതിയായിട്ടും ആറുമാസത്തിലേറെയായി പോലിസ് അറസ്റ്റ് ചെയ്യാതിരുന്ന മോനുമനേസര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അധിക്ഷേപ സന്ദേശത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയത്. മാസങ്ങളായിട്ടും പോലിസ് പിടികൂടാതിരുന്ന പിടികിട്ടാപ്പുള്ളിയായ പ്രതി റാലിയില്‍ പങ്കെടുക്കുന്നതില്‍ പ്രതിഷേധവുമായി ഒരു സംഘം മുസ് ലിംകള്‍ പോലുസികുമാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് വിഎച്ച്പി റാലി തടയാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതിനിടെ പോലിസിനു നേരെ കല്ലേറും അക്രമവും ഉണ്ടായെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. അക്രമത്തില്‍ രണ്ട് ഹോംഗാര്‍ഡുകള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നുഹ് ജില്ലയിലെ ഖേദ്‌ല മോഡില്‍ നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ വിഎച്ച്പി റാലിക്കെത്തിയ 2500ഓളം പേര്‍ സമീപത്തെ ക്ഷേത്രത്തില്‍ അഭയം തേടി. ഇവരെ രാത്രിയോടെ പോലിസ് സുരക്ഷിതമായി ഒഴിപ്പിച്ചു. ഹിന്ദുക്കളും മുസ് ലിംകളും ഒത്തൊരുമയോടെ കഴിയുന്ന മുസ് ലിം ഭൂരിപക്ഷ മേഖലയായ മേവാത്തിലേക്ക് റാലി നടത്താന്‍ പുറത്തുനിന്നെത്തിയ ആയുധധാരികള്‍ ആഹ്വാനം ചെയ്യുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. രാത്രിയായതോടെ അക്രമം അയല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച അര്‍ധരാത്രി 12.30ഓടെ 200ഓളം പേര്‍ ഗുരുഗ്രാമിലെ സെക്ടര്‍ 57 ലെ അന്‍ജുമാന്‍ മസ്ജിദിനു നേരെ ആക്രമണം നടത്തിയത്. പള്ളിക്കു നേരെ കല്ലെറിയുകയും കത്തിക്കുകയും ചെയ്ത ശേഷം അകത്തുണ്ടായിരുന്ന ഇമാമിനും സഹായികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ പള്ളി ഇമാം 22കാരനായ ഹാഫിസ് മുഹമ്മദ് ഷഅദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഇമാമിനോടുപ്പമുണ്ടായിരുന്ന ഖുര്‍ഷിദ്, ഷഹാബുദ്ദീന്‍, മുഹമ്മദ് എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. കാലിന് വെടിയേറ്റ ഖുര്‍ഷിദിന്റെ നില ഗുരുതരമാണെന്നും റിപോര്‍ട്ടുകളുണ്ട്.
ബിഹാറിലെ സൈതാമര്‍ഹി ജില്ലയിലെ മണിയാദിയ എന്ന ഗ്രാമത്തില്‍ നിന്നുള്ള ഹാഫിസ് സഅദ് മൂന്ന് സഹോദരിമാരടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ്. എട്ട് മാസം മുമ്പാണ് ഇദ്ദേഹം പള്ളി ഇമാമായും മുഅദ്ദിനായും മദ്‌റസ അധ്യാപകനായും ജോലിയില്‍ പ്രവേശിച്ചത്. സംഭവദിവസം രാത്രി 11.30 ഓടെ ഭാര്യ ഹംഷിറയുമായി സംസാരിച്ചിരുന്നു. ഇതിനിടെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടതായി പറഞ്ഞിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പള്ളിക്ക് പുറത്ത് പോലിസ് കാവലേര്‍പ്പെടുത്തിയിരിക്കെയാണ് അര്‍ധരാത്രിയോടെ 200ഓളം ഹിന്ദുത്വരെത്തി ആക്രമണം നടത്തിയത്. പ്രവീണ്‍ ഹിന്ദുസ്ഥാനി, അമിത് ഹിന്ദു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പള്ളിക്കു നേരെ ആക്രമണം നടത്തിയതെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ സമീപപ്രദേശമായ ഗുരുഗ്രാമിലാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതെന്നും സര്‍ക്കാര്‍ ലോകത്തിന് എന്ത് സന്ദേശമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നതെന്നും ഗുരുഗ്രാം നിവാസിയും മുന്‍ എംപിയുമായ അലി അന്‍വര്‍ ചോദിച്ചു. ധ്രുവീകരണം മാത്രമാണ് ബിജെപിക്ക് മുന്നിലുള്ള ഏക പോംവഴി. മണിപ്പൂര്‍ ഗുജറാത്തിന്റെ വിപുലീകരണമാണ്. രാജ്യം മുഴുവന്‍ മണിപ്പൂരാക്കി മാറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. സംഘര്‍ഷം കണക്കിലെടുത്ത് ഗുരുഗ്രാം, പല്‍വാല്‍, ഫരീദാബാദ് എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്തു. ഏതാനും ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
അതിനിടെ, സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 ഓളം കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്യുകയും നിരവധി പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. സിസിടിവി കാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും സംസ്ഥാനത്ത് സമാധാനം നിലനിര്‍ത്താന്‍ എല്ലാ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും മറ്റ് നേതാക്കളും ആവശ്യപ്പെട്ടു. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസും ഐഎന്‍എല്‍ഡിയും പ്രസ്താവിച്ചു. സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നതിന്റെ ഫലമാണ് നുഹിലെ അക്രമമെന്ന് പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡ പറഞ്ഞു.