പ്രവാസി രജിസ്‌ട്രേഷന്‍ തിരിച്ചെത്തുന്നു; നിയമലംഘകരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കും

അതേസമയം, വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരം യുഎഇയിലെ നിരവധി ഇന്ത്യന്‍ സംഘടനകള്‍ നഷ്ടപ്പെട്ടതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

Update: 2019-01-21 10:59 GMT

ന്യൂഡല്‍ഹി: പ്രവാസി രജിസ്‌ട്രേഷന്‍ വീണ്ടും നിയമമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രജിസ്റ്റര്‍ ചെയ്യാതെ വിദേശത്ത് പോവുന്നവര്‍ക്ക് 10,000 രൂപ പിഴയും പാസ്‌പോര്‍ട്ട് റദ്ദാക്കലും ശുപാര്‍ശ ചെയ്യുന്ന പുതിയ എമിഗ്രേഷന്‍ ബില്ല് ഉടന്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കുവരും.18 രാജ്യങ്ങളിലേക്ക് വിദേശകാര്യമന്ത്രാലത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ ജോലിക്ക് പോകുന്നവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടാമെന്ന് മന്ത്രാലയം നവംബറില്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തീരുമാനം മാറ്റിവെച്ചിരുന്നു.

എന്നാല്‍, രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതിന് പുറമെ ഇത് ലംഘിക്കുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ വരെ കേന്ദ്ര സര്‍ക്കാറിന് അധികാരം നല്‍കുന്നതാണ് എമിഗ്രേഷന്‍ ബില്‍ 2019.പുതുതായി വിദേശത്തേക്ക് ജോലിക്ക് പോകുന്നവര്‍ക്കും പഠനത്തിന് പോകുന്നവര്‍ക്കുമാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. മൂന്നുവര്‍ഷത്തിലേറെ വിദേശത്തുള്ളവര്‍ക്ക് ബാധകമല്ല. എന്നാല്‍, ഇത് സംബന്ധിച്ച് ബില്ലില്‍ അവ്യക്തതകളുണ്ട്.

കുടിയേറ്റക്കാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാന്‍ എമിഗ്രേഷന്‍ മാനേജ്‌മെന്റ് അതോറിറ്റി സ്ഥാപിക്കുക, ബ്യൂറോ ഓഫ് എമിഗ്രേഷന്‍ പോളിസി, ബ്യൂറോ ഓഫ് എമിഗ്രേഷന്‍ അഡ്മിനിസ്‌ട്രേഷന്‍, സംസ്ഥാനങ്ങളില്‍ നോഡല്‍ അതോറിറ്റി എന്നിവ രൂപീകരിക്കാനാണ് ബില്ലിലെ പ്രധാനനിര്‍ദേശങ്ങള്‍.നിയമവിരുദ്ധ റിക്രൂട്ടിങ്, ചൂഷണം, മനുഷ്യക്കടത്ത് എന്നിവ തടയുന്നതിന് കര്‍ശനമായ നിയന്ത്രണവും നിയമലംഘകര്‍ക്ക് കടുത്ത പിഴ ഏര്‍പ്പെടുത്തുന്നതും ബില്ല് ശുപാര്‍ശചെയ്യുന്നു.

ഒന്നര ആഴ്ച മുന്‍പ് മാത്രം പ്രസിദ്ധികരിച്ച കരടില്‍ നിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാനതിയതി ഇന്നലെ അവസാനിച്ചിട്ടുണ്ട്. അതേസമയം, വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസരം യുഎഇയിലെ നിരവധി ഇന്ത്യന്‍ സംഘടനകള്‍ നഷ്ടപ്പെട്ടതായി ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. കരട് ബില്ലിനെക്കുറിച്ച് മൂന്നു ദിവസം മുമ്പ് മാത്രമാണ് അറിഞ്ഞത്. ഔദ്യോഗികമായും നയതന്ത്ര മിഷനിലൂടെയും ഇതുസംബന്ധിച്ച് സര്‍ക്കാര്‍ അറിയിക്കണമായിരുന്നുവെന്ന് കേരള സോഷ്യല്‍ സെന്റര്‍ (കെഎസ് സി) പ്രസിഡന്റ് എ കെ ബീരാന്‍ കുട്ടി പറഞ്ഞു. വിദേശകാര്യമന്ത്രാലയത്തിന്റെ ഇതുസംബന്ധിച്ച ട്വീറ്റു പോലും ഞങ്ങള്‍ക്കാര്‍ക്കും അറിയാന്‍ സാധിച്ചില്ലെന്നും ഇതിനെക്കുറിച്ച് പഠിച്ച് തങ്ങളുടെ ആശങ്ക അറിയിക്കാനുള്ള അവസരം നഷ്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ (ഐഎസ്‌സി) പ്രസിഡന്റും സമാന ആശങ്കയാണ് പങ്കുവച്ചത്. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി മാറ്റി സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്നു വാരണസിയില്‍ നടക്കുന്ന 15ാംമത് പ്രവാസി ഭാരതീയ ദിവസില്‍ ഈ പ്രശ്‌നം ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News