പ്രവാസികള്‍ക്ക് തപാല്‍ വോട്ട് അനുവദിക്കുന്നത് ക്രമക്കേടുകള്‍ക്കിടയാക്കുമെന്ന് യെച്ചൂരി
മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നത് പോലെ വിദേശത്ത് പോളിംഗ് ബുത്തുകള്‍ സ്ഥാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: രാജ്യത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍ ബാലറ്റ് സൗകര്യമൊരുക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം വന്‍ ക്രമക്കേടുകള്‍ക്ക് കാരണമാവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി.
തപാല്‍ വോട്ടിങില്‍ ക്രമക്കേട് കാണിക്കാന്‍ എളുപ്പമാണെന്നും പണത്തിന് വേണ്ടി വോട്ട് വിറ്റേക്കാമെന്നും സിതാറാം യെച്ചൂരി പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ ചെയ്യുന്നത് പോലെ വിദേശത്ത് പോളിംഗ് ബുത്തുകള്‍ സ്ഥാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിരവധി പേര്‍ വളരെ കഷ്ടപ്പെട്ടാണ് അവിടെ അതിജീവിക്കുന്നത്. ഒരുപാട് പേരുടെ പാസ്‌പോര്‍ട്ടുകള്‍ പോലും മാനേജര്‍മാര്‍ പിടിച്ച് വച്ചിരിക്കുകയാണ്. ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവര്‍ നേരിടുന്നുണ്ട്. അവരുടെ തപാല്‍ വോട്ടുകളില്‍ കൃത്രിമം കാണിക്കാന്‍ എളുപ്പം ആയിരിക്കും. പണത്തിന് വേണ്ടി വോട്ട് വില്‍ക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കി പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം കേരളത്തിലടക്കം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അനുവദിക്കുന്നതാണ് പ്രവാസി ഇന്ത്യന്‍ ഇലക്ട്‌ട്രോണിക് പോസ്റ്റല്‍ വോട്ട് സംവിധാനം. ഇതുസംബന്ധിച്ച മാര്‍ഗരേഖ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. നവംബര്‍ 27നാണ് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നിര്‍ദേശം കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. വരാന്‍ പോകുന്ന തമിഴ്‌നാട്, കേരള, അസം, പുതുച്ചേരി, പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇത് നടപ്പാക്കണമെന്നായിരുന്നു നിര്‍ദേശം.
സര്‍ക്കാര്‍ രേഖകള്‍ പ്രകാരം 1.26 കോടി പ്രവാസികളാണുള്ളത്. ഭേദഗതി അംഗീകരിക്കപ്പെട്ടാല്‍ പഞ്ചാബ്, ഗുജറാത്ത്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ പ്രവാസികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളില്‍ കാര്യമായ മാറ്റത്തിനിടയാക്കും.