പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പ് കേസ്; പോസ്റ്റല്‍ ബാലറ്റില്‍ അട്ടിമറി ആരോപിച്ച് ഇരുസ്ഥാനാര്‍ഥികളും

Update: 2023-01-20 03:29 GMT

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ സാധുവായ പോസ്റ്റല്‍ ബാലറ്റുകളില്‍ ചിലത് നഷ്ടമായെന്ന സബ് കലക്ടറുടെ റിപോര്‍ട്ടിന് പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഇരുസ്ഥാനാര്‍ഥികളും രംഗത്ത്. അട്ടിമറി നീക്കങ്ങള്‍ നടന്നുവെന്ന ആരോപണമാണ് നജീബ് കാന്തപുരം എംഎല്‍എയും കെ പി എം മുസ്തഫയും ഉന്നയിക്കുന്നത്. സാധുവായ പോസ്റ്റല്‍ വോട്ടുകളില്‍ ചിലത് നഷ്ടമായെന്നാണ് സബ് കലക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപോര്‍ട്ട്. ഇത് കേസിനെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്ന് കെ പി എം മുസ്തഫയും സംഭവങ്ങളില്‍ മാഫിയാ ബന്ധം സംശയിക്കുന്നതായി നജീബ് കാന്തപുരവും പറഞ്ഞു.

മലപ്പുറത്തുനിന്ന് കണ്ടെത്തിയ വോട്ടുപെട്ടി തുറന്ന നിലയിലായിരുന്നുവെന്നും അഞ്ചാമത്തെ ടേബിളില്‍ എണ്ണിയ 482 വോട്ടുകള്‍ കാണാതായെന്നുമുളള വിവരം ഞെട്ടിച്ചുവെന്നാണ് നജീബ് കാന്തപുരം എംഎല്‍എയുടെ പ്രതികരണം. മാറ്റിവച്ച സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ ഇടതുപക്ഷത്തിന് തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് കെ പി എം മുസ്തഫ പ്രതികരിച്ചു. തപാല്‍വോട്ട് അടങ്ങിയ പെട്ടി ട്രഷറിയില്‍ നിന്ന് കാണാതായതില്‍ മലപ്പുറം ജില്ലാ കലക്ടറുടെ അന്വേഷണം തുടരുകയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി ഇനിയും ലഭിച്ചിട്ടില്ല. ഈ മറുപടിക്ക് ശേഷമാവും ജില്ലാ കലക്ടറുടെ തുടര്‍നടപടികള്‍.

പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പില്‍ മൂന്ന് ടേബിളില്‍ ഒരു ടേബിളിലെ ബാലറ്റ് നഷ്ടമായെന്നാണ് സബ് കലക്ടറുടെ റിപോര്‍ട്ട്. ടേബിള്‍ നമ്പര്‍ അഞ്ചിലെ ബാലറ്റുകളാണ് കാണാതായത്. ബാലറ്റ് പെട്ടികള്‍ തുറന്ന നിലയിലായിരുന്നുവെന്നും ഹൈക്കോടതിക്ക് നല്‍കിയ സബ് കലക്ടറുടെ റിപോര്‍ട്ടില്‍ പറയുന്നു. ബോക്‌സിന്റെ വലിപ്പമടക്കം വിശദമായ റിപോര്‍ട്ടാണ് സബ് കലക്ടര്‍ സമര്‍പ്പിച്ചത്. പെരിന്തല്‍മണ്ണ സബ് ട്രഷറിയില്‍ സൂക്ഷിച്ച സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളടങ്ങിയ പെട്ടിയാണ് കാണാതായത്.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മലപ്പുറത്തെ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫിസില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ വീഴ്ച വരുത്തിയ രണ്ട് ഓഫിസുകളിലെ നാലു ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെയും പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പിന്റെയും ബാലറ്റുകള്‍ പെരിന്തല്‍മണ്ണ സബ് ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്.

Tags:    

Similar News