10 വര്‍ഷം കൊണ്ട് കേന്ദ്ര സര്‍വീസിലേക്ക് 10000 ഉദ്യോഗാര്‍ഥികള്‍; 'മിഷന്‍ 10000' പദ്ധതി നടപ്പാക്കുമെന്ന് നജീബ് കാന്തപുരം എംഎല്‍എ
റിയാദ്: പത്തുവര്‍ഷം കൊണ്ട് പതിനായിരം ഉദ്യോഗാര്‍ത്ഥികളെ കേന്ദ്ര സര്‍വീസിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ 'മിഷന്‍ 10000 പദ്ധതി' നടപ്പാക്കുമെന്ന് നജീബ് കാന്തപുരം എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മലബാര്‍ മേഖലയിലെ ഉദ്യോഗാര്‍ഥികളെ സിവില്‍ സര്‍വീസ് രംഗത്തേക്കും അതോടൊപ്പം എസ്എസ്‌സി പരിശീലനത്തിലൂടെ കേന്ദ്ര സര്‍വീസിലേക്കും എത്തിക്കുന്നതിനു വേണ്ടിയാണ് മിഷന്‍ 10000 എന്ന പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. മലബാര്‍ മേഖലയില്‍ സിവില്‍ സര്‍വീസ് ഇക്കോ സിസ്റ്റം സൃഷ്ടിക്കാന്‍വേണ്ടി പെരിന്തല്‍മണ്ണയില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസസ് ആരംഭിച്ചിട്ടുണ്ട്. ആദ്യവര്‍ഷം തന്നെ മികച്ച നേട്ടം കൈവരിക്കാന്‍ അക്കാദമിക്ക് കഴിഞ്ഞു. ഇത് നല്‍കിയ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ കൂടിയാണ് എസ്എസ്‌സി പരിശീലനം കൂടി ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഇക്കഴിഞ്ഞയാഴ്ച പെരിന്തല്‍മണ്ണയില്‍ ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു.
പിഎസ്‌സി പരീക്ഷയ്‌ക്കൊരുങ്ങുന്ന കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് എസ്എസ്‌സിയുടെ വിശാലമായ വാതായനങ്ങള്‍ കൂടി തുറന്നു നല്‍കാനാണ് പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതി ഉദ്ദേശിക്കുന്നത്. അടുത്ത 10 വര്‍ഷം കൊണ്ട് പതിനായിരം പേരെ കേന്ദ്ര സര്‍വീസിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വിദഗ്ധരുടെ നേതൃത്വത്തിലുള്ള റസിഡന്‍ഷ്യല്‍ സൗകര്യത്തോടെയുള്ള പരിശീലന കേന്ദ്രമാണ് ആരംഭിക്കുന്നത്. റസിഡന്‍ഷ്യല്‍ സൗകര്യത്തോടെയുള്ള കേരളത്തിലെ ആദ്യത്തെ എസ്എസ്‌സി കോച്ചിങ് സെന്ററായിരിക്കും ഇതെന്നും നജീബ് കാന്തപുരം പറഞ്ഞു. എസ്എസ്‌സി പരിശീലനത്തിന് ഓണ്‍ലൈന്‍ സൗകര്യവും ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ റിയാദ് കെഎംസിസി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട, പെരിന്തല്‍മണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് സത്താര്‍ താമരത്ത്, ജനറല്‍ സെക്രട്ടറി ബുഷൈര്‍ താഴേക്കോട്, പെരിന്തല്‍മണ്ണ മുദ്ര എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഇബ്രാഹീം സുബ്ഹാന്‍ പങ്കെടുത്തു.