കേരളത്തില്‍ മഴ ശരാശരിക്ക് മുകളില്‍; ഒക്ടോബറില്‍ പെയ്തത് റെക്കോര്‍ഡ്
ഈ വര്‍ഷം ഒക്ടോബറില്‍ 589.9 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. 1999ല്‍ ലഭിച്ച 566 മില്ലിമീറ്റര്‍ മഴയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് മഴ
തിരുവനന്തപുരം: ഒരു നൂറ്റാണ്ടിനിടെ കേരളത്തില്‍ ഒക്ടോബര്‍ മാസം ലഭിക്കാറുള്ള മഴയുടെ അളവില്‍ ഈവര്‍ഷം വര്‍ദ്ധനവുണ്ടായതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. 1901 മുതലുള്ള കലാവസ്ഥ നീരീക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് ഈ വര്‍ഷം ഒക്ടോബറില്‍ 589.9 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിച്ചത്. 1999ല്‍ ലഭിച്ച 566 മില്ലിമീറ്റര്‍ മഴയായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് മഴ. ഈ വര്‍ഷം മിക്ക മാസങ്ങളിലും ലഭിച്ചമഴ സാധരണയില്‍ കൂടുതലാണ്. ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ 60% കൂടുതലാണ് ലഭിച്ച മഴ.
ഈ വര്‍ഷം ജനുവരിയില്‍ ലഭിച്ച മഴയും കൂടുതലായിരുന്നു. ശരാശരി 5.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട ജനുവരിയില്‍ ഇത്തവണ ലഭിച്ചത് 105.5 മില്ലിമീറ്റര്‍ മഴയാണ്. ഒക്ടോബറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് (866.9 മില്ലിമീറ്റര്‍). ഇടുക്കി (710.5), കൊല്ലം (644.7), കോഴിക്കോട് (625.4) എന്നിങ്ങനെയാണു മറ്റു ജില്ലകളിലെ കണക്ക്. ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള തുലാവര്‍ഷ സീസണില്‍ സംസ്ഥാനത്തു ലഭിക്കേണ്ട ശരാശരി മഴ 491.6 മില്ലിമീറ്റര്‍ ആണ്. എന്നാല്‍ ഒക്ടോബര്‍ അവസാനിക്കുന്നതിനു മുന്‍പുതന്നെ സീസണില്‍ ലഭിക്കേണ്ട മുഴുവന്‍ മഴയും ലഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെല്ലാം സീസണില്‍ ലഭിക്കേണ്ട മുഴുവന്‍ മഴയും ഇതിനോടകം ലഭിച്ചിട്ടുണ്ട്. മഴ കൂടിയ അളവില്‍ നേരത്തെ തന്നെ ലഭിച്ചതിനാല്‍ തുലാവര്‍ഷം നേരത്തെ അവസാനിക്കാനുള്ള സാധ്യതയും തള്ളികളയാനാകില്ല.