ദലിത് വിദ്യാർഥികൾക്കുളള ആനുകൂല്യങ്ങള്‍ക്ക് വരുമാന പരിധി നടപ്പിലാക്കിയിട്ടുണ്ടെന്ന് സമ്മതിച്ച് മന്ത്രി എകെ ബാലൻ
രണ്ടര ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ദലിത് കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് എന്ത് ആനുകൂല്യം നൽകാൻ കഴിയുമെന്ന കാര്യം സർക്കാർ ഗൗരവപൂർവം പരിശോധിക്കുമെന്നും മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
തിരുവനന്തപുരം: ദലിത് വിദ്യാർഥികൾക്കുളള ആനുകൂല്യങ്ങള്‍ക്ക് വരുമാന പരിധി നടപ്പിലാക്കിയിട്ടുണ്ടെന്ന് സമ്മതിച്ച് വകുപ്പ് മന്ത്രി എകെ ബാലൻ. ഇടതുപക്ഷ സര്‍ക്കാര്‍ നടപടിക്കെതിരേ ഉയരുന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രിയുടെ പ്രതികരണം. ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന ദലിത് വിദ്യാർഥികള്‍ക്കുളള കേന്ദ്ര സർക്കാർ സ്‌കോളര്‍ഷിപ്പിനാണ് രണ്ടര ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചതെന്നാണ് വിശദീകരണം.
വാർത്ത പുറത്ത് വന്നതോടെ നിരവധി ദലിത് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് വാർത്ത വാസ്തവ വിരുദ്ധമാണെന്ന നിലപാടുമായി മന്ത്രി രംഗത്തെത്തിയത്. എന്നാൽ ഉത്തരവിൽ എവിടെയും കേന്ദ്ര സർക്കാർ പദ്ധതിയാണെന്നോ, കേന്ദ്ര സർക്കാർ നിർദേശമാണെന്നോ രേഖപ്പെടുത്തിയിട്ടില്ല. അതേസമയം രണ്ടര ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ള ദലിത് കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് എന്ത് ആനുകൂല്യം നൽകാൻ കഴിയുമെന്ന കാര്യം സർക്കാർ ഗൗരവപൂർവം പരിശോധിക്കുമെന്നും മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.
മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ നിന്ന്
"....പട്ടികജാതിക്കാര്‍ക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യം കിട്ടുന്നതിന് വിവേചനപരമായ മാനദണ്ഡം വെക്കുന്നത് തെറ്റായ നടപടിയാണ്. 9, 10 സ്റ്റാന്‍ഡേര്‍ഡുകളില്‍ രണ്ടര ലക്ഷം രൂപക്കു മുകളില്‍ വരുമാനമുള്ള പട്ടികജാതി വിഭാഗത്തിലെ രക്ഷിതാക്കളുടെ മക്കള്‍ക്ക് എന്ത് ആനുകൂല്യം നല്‍കാന്‍ കഴിയും എന്ന കാര്യം സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിശോധിക്കുന്നതാണ്."
തത്വത്തിൽ മന്ത്രിയുടെ പ്രതികരണം തേജസ് വാർത്ത വാസ്തവ വിരുദ്ധമാണെന്ന നിലപാടിനെ തള്ളുന്നതാണ്. ദലിത് വിഭാഗങ്ങളുടെ ഭരണഘടനാ അവകാശത്തെ ഹനിക്കുന്ന നടപടിക്കെതിരേ ശക്തമായ വിമർശനങ്ങളാണ് തേജസ് വാർത്തയ്ക്ക് പിന്നാലെ വിദ്യാർത്ഥി സംഘടനകളിൽ നിന്നടക്കം ഉയർന്നിരിക്കുന്നത്.
ഈ ഉത്തരവിനെ പിൻപറ്റി സംവരണം അടക്കമുളള അവകാശങ്ങള്‍ക്ക് ഭാവിയില്‍ വരുമാനം ബാധകമാക്കുവാൻ സാധ്യതയുണ്ടെന്ന് കേരള ദലിത് മഹാസഭ സംസ്ഥാന അധ്യക്ഷൻ സിഎസ് മുരളി തേജസ് ന്യുസിനോട് പറഞ്ഞു. സംഘപരിവാർ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ മുന്നോട്ട് വയ്ക്കുന്ന സാമ്പത്തിക സംവരണം ഒറ്റയടിക്ക് ഇവിടെ നടപ്പാക്കിയാൽ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ ഭയന്നാണ് ഇത്തരത്തിൽ പതിയെ പതിയെ സംവരണ അട്ടിമറിക്കുള്ള ശ്രമങ്ങൾ നടക്കുന്നത്. അത് അക്ഷരം പ്രതി നടപ്പിലാക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം മുന്നാക്ക ജാതി സംവരണത്തിന് വരുമാന പരിധി 8 ലക്ഷം രൂപയും 5 ഏക്കർ ഭൂമിയുമാണ്. എന്നാൽ ആദിവാസി ദലിത് വിദ്യാർത്ഥികൾക്കുള്ള 9,10 ക്ലാസുകളിലെ ഗ്രാന്റിന് രണ്ടര ലക്ഷമെന്ന നയം വിവേചനപരമാണ്. ഇതേ സ്‌കോളര്‍ഷിപ്പ് പദ്ധതി മുന്‍ വര്‍ഷം നടപ്പാക്കിയിരുന്നെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡമാണിതെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന് ഈ നടപടികളിൽ നിന്ന് മാറിനിൽക്കാനാവില്ല. ഇടതു മുന്നണിയോ സര്‍ക്കാരോ നയപരമായി എടുക്കേണ്ട തീരുമാനമാണ് ഉദ്യോഗസ്ഥ ഉത്തരവിലൂടെ ഇപ്പോള്‍ നടപ്പായിരിക്കുന്നത്.