ആദിവാസി- ദലിത് ജനതയോടുള്ള വംശീയ വിവേചനത്തിനെതിരേ കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം

Update: 2021-08-13 09:33 GMT

പാലക്കാട്: ആദിവാസി- ദലിത് ജനതയോടുള്ള വംശീയ വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലാ കലക്ടറേറ്റിനു മുന്നില്‍ നില്‍പ്പ് സമരം നടത്തി ദലിത് ആദിവാസി സ്ത്രീ പൗരവകാശ കൂട്ടായ്മ. അട്ടപ്പാടി വട്ടുലക്കി ആദിവാസി ഊര് മൂപ്പന്‍ സൊറിയന്‍ മൂപ്പനെയും മകന്‍ മുരുകേശനെയും അന്യായമായി അറസ്റ്റുചെയ്തതിന് പിന്നില്‍ ഭൂമാഫിയകളും ചില എന്‍ജിഒകളും പോലിസും നടത്തിയ ഗൂഢാലോചനയാണെന്ന് സംഘടന ആരോപിച്ചു.

ആദിവാസി ഊരുകളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ മാത്രമേ എന്‍ജിഒകള്‍ക്ക് അനുവാദം നല്‍കാവൂ എന്നും ആവശ്യപ്പെട്ടു. കൊവിഡ് സാമ്പത്തിക പാക്കേജ് നടപ്പാക്കണം, വനാവകാശ നിയമം (2006) നടപ്പാക്കണം, ഭൂരഹിതര്‍ക്ക് കൃഷിഭൂമി നല്‍കണം, എസ്‌സിപി, ടിഎസ്പി ഫണ്ട് അട്ടിമറി അവസാനിപ്പിക്കണം, ആറളം ഫാം ടൂറിസം പദ്ധതിക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കണം, എസ്‌സി/എസ്ടി വിദ്യാര്‍ഥികള്‍ക്ക് പൊതുവിദ്യാഭ്യാസം ഉറപ്പാക്കണം, ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കണം, ഇഡബ്ല്യുഎസ് റിസര്‍വേഷന്‍ നയം റദ്ദാക്കണം എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു.

പരിപാടി എന്‍സിഎച്ച്ആര്‍ഒ ജില്ലാ പ്രസിഡന്റ് കെ കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. സാധുസംരക്ഷണ പരിപാലനസംഘം ജില്ലാ സെക്രട്ടറി കെ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ ജനറല്‍ സെക്രട്ടറി ഉനൈസ് അഹമ്മദ്, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ കൊല്ലംകോട്, ആദിവാസി സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മാരിയപ്പന്‍ നില്ലിപ്പാറ, ഗോപാലകൃഷ്ണന്‍ ആലത്തൂര്‍, മണികണ്ഠന്‍ വടക്കഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News