ഇന്ത്യ ബഹിരാകാശ രംഗത്തെ വന്‍ശക്തിയായി: പ്രധാനമന്ത്രി
ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ന്യൂഡല്‍ഹി: ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിക്കുന്ന ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിവിഷന്‍, റേഡിയോ വഴി രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ടാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. മിഷന്‍ ശക്തി എന്ന പേരിലുള്ള ദൗത്യത്തില്‍ എ-സാറ്റ് എന്ന മിസൈല്‍വേധ ഉപകരണം മൂന്ന് മിനിറ്റ് കൊണ്ട് ലക്ഷ്യം കണ്ടതായി അദ്ദേഹം പറഞ്ഞു. ഭൂമിയോട് തൊട്ടുകിടക്കുന്ന ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന ഉപഗ്രഹമാണ് വീഴത്തിയത്.
തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് അന്തരീക്ഷത്തില്‍ ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്നതില്‍ വിജയം വരിച്ചത്. ബഹിരാകാശ രംഗത്ത് ഇന്ത്യ കൈവരിക്കുന്ന വലിയ നേട്ടമാണിത്. ഇതിനു മുമ്പ് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ചത്.
അല്‍പ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് ട്വിറ്ററില്‍ മുന്‍കൂട്ടി അറിയിച്ചാണ് മോദി പ്രഖ്യാപനം നടത്തിയത്. പൊതു തിരഞ്ഞെടുപ്പിനുള്ള പ്രചാരണ മധ്യേ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് അപൂര്‍വ്വമാണ്. അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ച മുന്‍ അനുഭവമുള്ളതിനാല്‍ പ്രധാനമന്ത്രി എന്താണ് പ്രഖ്യാപിക്കാന്‍ പോവുന്നതെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ടായിരുന്നു. പ്രഖ്യാപനത്തിന് മുമ്പ് പ്രധാനമന്ത്രി ഉദ്യോഗസ്ഥരോടൊപ്പം നിര്‍ണായക യോഗം നടത്തിയിരുന്നു. അജിത് ഡോവല്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് നടത്തിയ ഈ യോഗം വലിയ ആശങ്കയാണ് പരത്തിയത്.