ഏകദിനത്തിലും ഓസിസ് മണ്ണില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം; പരമ്പര
കംഗാരുക്കളെ ഏഴുവിക്കറ്റിന് തോല്‍പിച്ചതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.
മെല്‍ബണ്‍: അവസാന നിമിഷം വരെ ആവേശം വിതറിയ മെല്‍ബണിലെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യക്ക് ഇത് പുതുചരിത്രം. ആസ്‌ത്രേലിയന്‍ മണ്ണില്‍ ആദ്യമായി ഏകദിന പരമ്പര എന്ന നേട്ടം ഇനി കോലിപ്പടയ്ക്ക് സ്വന്തം. ആതിഥേയര്‍ ഉയര്‍ത്തിയ 231 എന്ന വിജയലക്ഷ്യം വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നാല് പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. കംഗാരുക്കളെ ഏഴുവിക്കറ്റിന് തോല്‍പിച്ചതോടെ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച യുസ്‌വേന്ദ്ര ചാഹല്‍, കേദര്‍ ജാദവ് എന്നിവര്‍ ഇന്ത്യന്‍ വിജയത്തില്‍ മുഖ്യപങ്കുവഹിച്ചു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ തുടക്കം തന്നെ ഓസിസ് ബൗളര്‍മാര്‍ ഇന്ത്യയെ പ്രതിരോധത്തിലാക്കി. മഹേന്ദ്ര സിങ് ധോണി(87), കേദര്‍ ജാദവ്(61) വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ കരയ്‌ക്കെത്തിച്ചത്.നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പരമ്പരയിലെ ധോണിയുടെ മൂന്നാം സെഞ്ചുറിയാണിത്.
231 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് രോഹിത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പീറ്റര്‍ സിഡിലാണ് രോഹിത്തിനെ പവലിയനിലേക്കയച്ചത്. പിന്നീട് വന്ന ധവാനെ മാര്‍ക്കസ് സ്റ്റോയ്‌നിസാണ് പുറത്താക്കിയത്. രോഹിത് ശര്‍മ(9), ശിഖര്‍ ധവാന്‍(23) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നേരത്തെ നഷ്ടമായത് ടീം ഇന്ത്യയെ സമ്മര്‍ദ്ധത്തിലാക്കി. പിന്നീടെത്തിയ കോഹ്‌ലിയും ധോണിയും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ 46 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോഹ്‌ലിയെ റിച്ചാര്‍ഡ്‌സണ്‍ പുറത്താക്കുകയായിരുന്നു. പരമ്പരയിലെ മൂന്ന് മല്‍സരത്തിലും റിച്ചാര്‍ഡ്‌സണാണ് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്ത്തിയത്. പിന്നീട് വന്ന കേദര്‍ ജാദവ് ധോണിക്കൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്തുകയായിരുന്നു. വിക്കറ്റുകള്‍ നഷ്ടമായില്ലെങ്കിലും ഓസിസ് ബൗളിങ് നിര ഇന്ത്യയെ സമ്മര്‍ദ്ധത്തിലാക്കിയിരുന്നു.
നേരത്തെ ചാഹലിന്റെ ആറുവിക്കറ്റ് നേട്ടത്തിന്റെ മികവില്‍ ഇന്ത്യ ഓസിസിനെ 230 റണ്‍സില്‍ ഒതുക്കുകയായിരുന്നു. 48.4 ഓവറിലാണ് ആതിഥേയരുടെ ബാറ്റിങ് നിരയെ ഇന്ത്യ പുറത്താക്കിയത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമ്മി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി. ഓസിസ് നിരയില്‍ പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ്(58) ആണ് ടോപ് സ്‌കോറര്‍. പീറ്ററെ കൂടാതെ ഷോണ്‍ മാര്‍ഷ്(39), ഉസ്മാന്‍ ഖ്വാജ(34) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ആദ്യരണ്ടു മല്‍സരങ്ങളില്‍ പുറത്തിരുന്ന ചാഹല്‍ നിര്‍ണായക മല്‍സരത്തില്‍ ഫോമിലെത്തുകയായിരുന്നു. ചാഹലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. 10 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ചാഹല്‍ ആറുവിക്കറ്റ് നേടിയത്. ആതിഥേയരുടെ തുടക്കം തന്നെ പാളിയിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സുള്ളപ്പോള്‍ ഓസിസിന് ആദ്യ വിക്കറ്റ് നഷ്ടമായി. അലക്സ് കാറെ(5)യെ ഭുവിയുടെ പന്തില്‍ കോഹ്ലി ക്യാച്ചെടുക്കുകയായിരുന്നു. 14 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചും ഭുവിയുടെ പന്തില്‍ കുരുങ്ങുകയായിരുന്നു. ചാഹല്‍ തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റ് നേടി. ഉസ്മാന്‍ ഖ്വാജ,ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍സ് കോമ്പ്, മാര്‍ക്കസ് സ്റ്റോണിസ്, ജേ റിച്ചാര്‍ഡ്സണ്‍, ആദം സാപ്പ എന്നിവരുടെ വിക്കറ്റാണ് ചാഹല്‍ സ്വന്തമാക്കിയത്. ചാഹലിന്റെ കരിയറിലെ രണ്ടാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണ് ഇന്ന് സ്വന്തമാക്കിയത്. തുടക്കത്തില്‍ മഴ അല്‍പ്പനേരം മല്‍സരം തടസ്സപ്പെടുത്തിയിരുന്നു.
സ്‌കോര്‍ ആസ്‌ത്രേലിയ: 230, ഇന്ത്യ: 234/3.