അനീതികള്‍ തളര്‍ത്തിയില്ല; സിദ്ദീഖ് കാപ്പന്‍ ജയിലിലും കരുത്തോടെ: അഭിഭാഷകനുമായി സംസാരിച്ചു
ജയിലില്‍ പിഡനങ്ങളൊന്നും നേരിടുന്നില്ലെന്നും മരുന്നും ഭക്ഷണവും കൃത്യമായി ലഭിക്കുന്നുണ്ടെന്നും സിദ്ദീഖ് അറിയിച്ചതായി അഡ്വ. വില്‍സ് മാത്യു പറഞ്ഞു.
ന്യൂഡല്‍ഹി: അന്യായ തടവിന്റെ 41ാം ദിവസം ജയിലില്‍ നിന്നും സിദ്ദീഖ് കാപ്പന്‍ ആദ്യമായി അഭിഭാഷകനുമായി സംസാരിച്ചു. ഹാഥ്‌റസിലേക്ക് വാര്‍ത്ത ശേഖരിക്കാന്‍ പോകുമ്പോള്‍ യുപി പോലീസ് അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ച സിദ്ദീഖിന് ഒന്നര മാസമാകുമ്പോഴാണ് അഭിഭാഷകനോട് സംസാരിക്കാനുള്ള അവസരം ലഭിച്ചത്. സിദ്ദീഖ് കാപ്പന്റെ അറസ്റ്റ് സംബന്ധിച്ച് സുപ്രിം കോടതി യുപി സര്‍ക്കാറിനോട് വിശദീകരണം ചോദിച്ച സാഹചര്യത്തിലാണ് ജയിലധികൃതര്‍ അദ്ദേഹത്തിന് അഭിഭാഷകനുമായി സംസാരിക്കാനുള്ള സാഹചര്യമൊരുക്കിയത്.
ബുധനാഴ്ച്ച വൈകിട്ട് യാത്രക്കിടയിലാണ് സിദ്ദീഖിന്റ ഫോണ്‍ വന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വില്‍സ് മാത്യു തേജസിനോടു പറഞ്ഞു. സിദ്ദീഖിന്റെ ശബ്ദം അറിയാത്തതിനാല്‍ അദ്ദേഹം തന്നെയാണോ സംസാരിക്കുന്നത് എന്ന് ഉറപ്പിക്കാനായില്ല. അതിനാല്‍ തന്നെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അധികം സംസാരിച്ചില്ല. ഇന്ന് സിദ്ദീഖിന്റെ ഭാര്യയില്‍ നിന്നും അദ്ദേഹത്തിന്റെ ഓഡിയോ ക്ലിപ്പ് ലഭിച്ചതില്‍ നിന്നും ശബ്ദം മനസ്സിലാക്കിയപ്പോഴാണ് സിദ്ദീഖ് തന്നെയാണ് ഫോണ്‍ ചെയ്തതെന്ന് ഉറപ്പിക്കാനായത് എന്നും അഡ്വ. വില്‍സ് മാത്യു പറഞ്ഞു.
ജയിലില്‍ പിഡനങ്ങളൊന്നും നേരിടുന്നില്ലെന്നും മരുന്നും ഭക്ഷണവും കൃത്യമായി ലഭിക്കുന്നുണ്ടെന്നും സിദ്ദീഖ് അറിയിച്ചതായി അഡ്വ. വില്‍സ് മാത്യു പറഞ്ഞു. കെയുഡബ്ല്യുജെ തനിക്കു വേണ്ടി നിയമപോരാട്ടം നടത്തുന്നത് അറിയാമെന്നും ആത്മധൈര്യത്തോടെ തന്നെയാണ് ജയിലില്‍ തുടരുന്നതെന്നും സിദ്ദീഖ് പറഞ്ഞു. രണ്ടു മിനുട്ടോളമാണ് സംസാരിക്കാനായത്. അടുത്ത് പോലിസുകാര്‍ നില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നതിന് തടസ്സമുണ്ടാകാമെന്നും വില്‍സ് മാത്യു പറഞ്ഞു. എങ്കിലും ആത്മവിശ്വാസത്തോടെയാണ് സിദ്ദീഖ് സംസാരിച്ചത്. നിരാശയോ തളര്‍ച്ചയോ അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും അനുഭവപ്പെട്ടില്ല. സിദ്ദീഖ് കാപ്പന്റെ കേസ് വെള്ളിയാഴ്ച്ച സുപ്രിം കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് അഭിഭാഷകനുമായി സിദ്ദീഖ് കാപ്പന് സംസാരിക്കാനുള്ള അവസരം ലഭിച്ചത്.