ബലാല്‍സംഗക്കുറ്റത്തിന് 16 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച കറുത്ത വംശജന്‍ നിരപരാധി; തെറ്റായ വിധിയില്‍ മാപ്പപേക്ഷിച്ച് നോവലിസ്റ്റ് ആലിസ് സെബോള്‍ഡ്

Update: 2021-12-01 06:20 GMT

വാഷിങ്ടണ്‍: കറുത്ത വംശജര്‍ വെളുത്ത സ്ത്രീകളെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് അകത്താവുക അമേരിക്കയില്‍ പുതുമയല്ല. ചെറിയൊരു സംശയത്തിന്റെ പേരില്‍ പോലും കറുത്തവനെ വര്‍ഷങ്ങളോളം ജയിലിലടക്കാം. അതിന് നിസ്സാര തെളിവുകള്‍ മാത്രമേ വേണ്ടതുള്ളൂ. ചില കേസില്‍ തെളിവുപോലും വേണമെന്നില്ല.

അത്തരമൊരു കേസാണ് പ്രശസ്ത നോവലിസ്റ്റ് ആലിസ് സെബോള്‍ഡിന്റേത്. തന്റെ പരാതിയില്‍ 16 വര്‍ഷം നിരപരാധിയ ഒരാളെ ജയിലിലടച്ചതില്‍ കഴിഞ്ഞ ദിവസം അവര്‍ മാപ്പപേക്ഷിച്ചു. അയാളോട് മാത്രമല്ല, അയാളുടെ കുടുംബത്തോടും അവര്‍ മാപ്പുപറഞ്ഞു. നീണ്ട കാലം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തുവന്ന ബ്രോഡ്‌വാട്ടറിനെ സുപ്രിംകോടതി നിരപരാധിയായി പ്രഖ്യാപിച്ച് എട്ട് ദിവസത്തിനുശേഷമാണ് പരാതിക്കാരി മാപ്പ് പറഞ്ഞത്.

'ആന്റണി ബ്രോഡ്‌വാട്ടറിനോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ അനുഭവിച്ച എല്ലാതിനും ഞാന്‍ മാപ്പുപറയുന്നു'- അവര്‍ എഴുതി. 'നിങ്ങളുടെ ജീവിതം അന്യായമായി നിങ്ങളില്‍ നിന്ന് അപഹരിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു, ഒരു ക്ഷമാപണത്തിനും നിങ്ങള്‍ക്ക് സംഭവിച്ചത് മാറ്റാന്‍ കഴിയില്ലെന്നും ഒരിക്കലും മാറില്ലെന്നും എനിക്കറിയാം.'- സെബോള്‍ഡ് എഴുതി.

സംഭവം നടക്കുമ്പോള്‍ സെബോള്‍ഡിന് 18 വയസ്സാണ്. ഇപ്പോള്‍ 58 വയസ്സായി. സെബോള്‍ഡിന്റെ പരാതിയില്‍ ജയിലില്‍ പോയ ബ്രോഡ്‌വാട്ടറിന് ഇപ്പോള്‍ 61 വയസ്സാണ്. 1982ലാണ് അദ്ദേഹത്തെ 16 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചത്. 1998 അദ്ദേഹം ശിക്ഷ കഴിഞ്ഞ് പുറത്തുവന്നു.

സിറാകസ് സര്‍വകലാശാലയില്‍ പഠിക്കുന്ന സമയത്ത് 1981 മെയ് 8ാം തിയ്യതിയാണ് വെളുത്ത വര്‍ഗക്കാരിയായ സെബോള്‍ഡിനെ വീട്ടിലേക്ക് നടന്നുവരുന്നതിനിടയില്‍ ഒരു തുരങ്കപാതയ്ക്കരികില്‍ വച്ച് ഒരാള്‍ ബലാല്‍സംഗം ചെയ്യുന്നത്. സംഭവം നടന്ന ഉടന്‍ സെബോള്‍ഡ് വിവരം സര്‍വകലാശാല സുരക്ഷാ വിഭാഗത്തെയും പോലിസിനെയും അറിയിച്ചു. അവര്‍ വിശദമായി തിരഞ്ഞെങ്കിലും കുറ്റവാളിയെ കണ്ടെത്താനായില്ല.

അഞ്ച് മാസത്തിനുശേഷം ഒരു തെരുവിലൂടെ നടന്നുപോകുമ്പോള്‍ ആന്റണി ബ്രോഡ്‌വാട്ടറിനെ അവര്‍ കണ്ടു. അയാളാണ് ബലാല്‍സംഗം ചെയ്തതെന്ന് അവര്‍ക്ക് തോന്നുകയും അവരത് പോലിസില്‍ അറിയിക്കുകയും ചെയ്തു. പോലിസ് ബ്രോഡ്‌വാട്ടറിനെ അറസ്റ്റ് ചെയ്തു. പക്ഷേ, ബ്രോഡ് വാട്ടര്‍ കുറ്റം നിഷേധിച്ചു. എന്നുമാത്രമല്ല, നിരപരാധിയാണെന്ന് ശിക്ഷ അനുഭവിച്ച പതിനാറ് വര്‍ഷവും ആവര്‍ത്തിച്ചു. കുറ്റം നിഷേധിച്ചതുകൊണ്ട് ഒരിക്കലും അയാള്‍ക്ക് പരോളും ലഭിച്ചില്ല.

1999ല്‍ സെബോള്‍ഡ് ലക്കി എന്ന പേരില്‍ ഒരു ഓര്‍മക്കുറിപ്പ് എഴുതി. ആ വര്‍ഷത്തെ ബെസ്റ്റ് സെല്ലറായിരുന്നു അത്. തന്റെ അനുഭവവും കോടതി വിചാരണയും അവരതില്‍ രേഖപ്പെടുത്തിയിരുന്നു. ആന്റണി ബ്രോഡ് വാട്ടറിനു പകരം അവരതില്‍ ഗ്രിഗറി മാഡിസന്‍ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. ഇതേ സ്ഥലത്ത് വച്ച് ഇതേ സാഹചര്യത്തില്‍ ഒരു സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെട്ടെന്നും ശേഷം കൊലപ്പടുത്തിയെന്നും ഒരു പോലിസുകാരന്‍ അവരോട് പറഞ്ഞതായി പുസ്തകത്തില്‍ അവരെഴുതി. അക്കാര്യത്തില്‍ സെബോള്‍ഡ് ഭാഗ്യവതിയാണെന്നും പോലിസുകാരന്‍ പറഞ്ഞത്രെ.

പുസ്തകം ഹിറ്റായതോടെ അത് സിനിമായാക്കാന്‍ തിമോത്തി മ്യൂസിയാന്റെ താല്‍പര്യം പ്രകടിപ്പിച്ചു. തിരക്കഥ തയ്യാറാക്കുന്നതിനിടയില്‍ ഒരു പ്രശ്‌നം ഉയര്‍ന്നുവന്നു. സെബോള്‍ഡിന്റെ കഥയില്‍ പ്രശ്‌നമൊന്നുമില്ലെങ്കിലും കോടതി വിചാരണയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കോടതി പ്രോസിക്യൂഷനെ അന്ധമായി വിശ്വസിച്ചതായി കേസ് പിന്നീട് പഠിച്ച അഭിഭാഷകര്‍ മനസ്സിലാക്കി.

പോലിസ് ഏതാനും പേരെ നിരത്തിനിര്‍ത്തി പ്രതിയെ തിരിച്ചറിയാന്‍ പറഞ്ഞപ്പോള്‍ സെബോള്‍ഡിന് കഴിഞ്ഞിരുന്നില്ല. മറ്റൊരാളെയാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. അതൊന്നും പക്ഷേ, കോടതി പരിഗണിച്ചില്ല. മറ്റൊരു വംശജനായതിനാല്‍ തിരിച്ചറിയല്‍ ബുദ്ധിമുട്ടായതാണ് തെറ്റായ ആളെ ചൂണ്ടിക്കാണിക്കാന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. കോടതി അത് അംഗീകരിക്കുകയും ചെയ്തു. അത്തരത്തില്‍ മൊഴി കൊടുക്കാന്‍ പ്രോസിക്യൂഷന്‍ സെബോള്‍ഡിനെ പഠിപ്പിക്കുക പോലും ചെയ്തത്രെ.

ഒരാഴ്ച മുമ്പാണ് സുപ്രിംകോടതി ബ്രോഡ് വാട്ടറിനെതിരേയുള്ള വിധി തെറ്റാണെന്ന് ഉത്തരവിട്ടതും അദ്ദേഹത്തെ കുറ്റവിമുക്തമാക്കിയതും. അതോടെ ലൈംഗിക പീഡകരുടെ സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് ബ്രോഡ്‌വാട്ടറിന്റെ പേര് ഒഴിവാക്കി. അതൊരു വലിയ ആശ്വാസമാണ്. 


 


 

തന്നെ കുറ്റവിമുക്തനാക്കിയതറിഞ്ഞ ആന്റണി ബ്രോഡ് വാട്ടര്‍

 വിധി വന്നശേഷം സെബോള്‍ഡ് തന്റെ മാപ്പപേക്ഷ തയ്യാറാക്കി ബ്രോഡ് വാട്ടറിന് അയച്ചുകൊടുത്തു. അദ്ദേഹമാണ് അത് ആദ്യം വായിച്ചത്. അവരുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് വന്ന വിധിയെന്നാണ് അതേക്കുറിച്ച് ബ്രോഡ് വാട്ടര്‍ പ്രതികരിച്ചത്.

പിന്നീട് സെബോള്‍ഡിന്റെ മാപ്പപേക്ഷ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഒരു നിരപരാധിയെ ജയിലിലടക്കാന്‍ താന്‍ കാരണമായതില്‍ അവര്‍ ഖേദം പ്രകടിപ്പിച്ചു. 

മാപ്പപേക്ഷ പുറത്തുവന്നശേഷം അവരുടെ ഓര്‍മക്കുറിപ്പിന്റെ എല്ലാ കോപ്പിയും പ്രസാധകരായ സ്‌ക്രിബ്‌നര്‍ പിന്‍വലിച്ചു. പക്ഷേ, അമേരിക്കയില്‍ മാത്രം ആ പുസ്തകം ഒരു ദശലക്ഷം കോപ്പി വിറ്റുപോയിരുന്നു. പുസ്തകം പുതിയ രീതിയില്‍ പുറത്തവരുമെന്നാണ് കേള്‍ക്കുന്നത്.

സെബോള്‍ഡിന്റെ മാപ്പപേക്ഷ വായിച്ച ബ്രോഡ് വാട്ടര്‍ വികാരാധിക്യത്താല്‍ കരഞ്ഞുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും കരഞ്ഞു. ഇത്തരമൊരു മാപ്പപേക്ഷ തയ്യാറാക്കിയതില്‍ വല്ലാത്ത ധീരതയുണ്ടെന്ന് പിന്നീട് അദ്ദേഹം പ്രതികരിച്ചു.

Tags:    

Similar News