ഐപിഎല്‍ കിങ്‌സ് ചെന്നൈ; നാലാം കിരീടം ഉയര്‍ത്തി ധോണിക്കൂട്ടം

193 റണ്‍സിന്റെ ലക്ഷ്യവുമായിറിങ്ങിയ മോര്‍ഗനും കൂട്ടരും 165(9) റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു.

Update: 2021-10-15 18:11 GMT


ദുബയ്: ഐപിഎല്‍ 14ാം സീസണിലെ ജേതാക്കളായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. മൂന്നാം കിരീടം തേടിയെത്തിയ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിനെ അനായാസം മറികടന്നാണ് ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ സൂപ്പര്‍ കിങ്‌സ് നാലാം തവണയും ഐപിഎല്‍ കിരീടം നേടിയത്. 193 റണ്‍സിന്റെ ലക്ഷ്യവുമായിറിങ്ങിയ മോര്‍ഗനും കൂട്ടരും 165(9) റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. 27 റണ്‍സിനാണ് ചെന്നൈ മക്കളുടെ ജയം.



കൂറ്റന്‍ സ്‌കോര്‍ പൊരുതാനുറച്ചാണ് കൊല്‍ക്കത്ത മറുപടി ബാറ്റിങ് തുടങ്ങിയത്. ശുഭ്മാന്‍ ഗില്ലും (43 പന്തില്‍ 51 റണ്‍സ്), വെങ്കിടേഷ് അയ്യരും (32 പന്തില്‍ 50 റണ്‍സ്) തകര്‍പ്പന്‍ ബാറ്റിങായിരുന്നു കാഴ്ചവച്ചത്. ഇരുവരും ചേര്‍ന്ന് 90 റണ്‍സാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ ഇവര്‍ പുറത്തായതോടെ കൊല്‍ക്കത്ത തകര്‍ന്നു. ഇതിന് ശേഷം 34 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എട്ട് വിക്കറ്റുകളാണ് കൊല്‍ക്കത്ത വലിച്ചെറിഞ്ഞത്. പിന്നീട് വന്നവരില്‍ ഒരാള്‍ക്കും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. നിതേഷ് റാണ (0), സുനില്‍ നരേയ്ന്‍ (2), മോര്‍ഗന്‍ (4), ദിനേശ് കാര്‍ത്തിക്ക് (9), ഷാഖിബുല്‍ ഹസ്സന്‍ (0), രാഹുല്‍ ത്രിപാഠി(2) എന്നിവരാണ് രണ്ടക്കം കടക്കാത്ത താരങ്ങള്‍. ഫെര്‍ഗൂസണും(18), ശിവം മാവിയുമാണ്(20) രണ്ടക്കം കടന്ന വാലറ്റക്കാര്‍. അപരാജിത ഫോമിലുള്ള കൊല്‍ക്കത്തയ്ക്ക് ചെന്നൈക്കൊപ്പം മികച്ച കിരീട പ്രതീക്ഷയായിരുന്നു. എന്നാല്‍ ചെന്നൈ നിരയുടെ മാസ്മരിക ബൗളിങ് കൂടി ഇന്ന് പുറത്ത് വന്നതോടെ കൊല്‍ക്കത്തന്‍ വീരഗാഥ അവസാനിക്കുകയായിരുന്നു.


തുല്യശക്തികളായ ഇരുവരും മാറ്റുരയ്ക്കുമ്പോള്‍ പ്രതീക്ഷിച്ച വീറും വാശിയുമുറ്റ മല്‍സരം ഇന്ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കാണാന്‍ കഴിഞ്ഞില്ല. ഗില്ലിന്റെയും അയ്യരുടെയും ബാറ്റിങ് ഒഴിച്ചാല്‍ സിഎസ്‌കെയുടെ ഒറ്റയാള്‍ പോരാട്ടം മാത്രമായിരുന്നു ഇന്ന് നടന്നത്. ആദ്യം ബൗളിങിലും പിന്നെ ബാറ്റിങിലും കെകെആര്‍ പാടെ പരാജയപ്പെടുകയായിരുന്നു.


ബാറ്റിങിലും ബൗളിങിലും ചെന്നൈ ഇന്ന് ഒരു പോലെ തിളങ്ങി. ശ്രാദ്ദുല്‍ ഠാക്കൂര്‍ സിഎസ്‌കെയ്ക്കായി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജഡേജ, ഹാസല്‍വുഡ് എന്നിവര്‍ രണ്ടും ദീപക് ചാഹര്‍, ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റും നേടി.


നേരത്തെ ടോസ് ലഭിച്ച കൊല്‍ക്കത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റിങിനയക്കുകയായിരുന്നു. എന്നാല്‍ ഫഫ് ഡു പ്ലിസ്സിസ് വെടിക്കെട്ട് പുറത്തെടുത്തതോടെ ചെന്നൈ കൂറ്റന്‍ ലക്ഷ്യം (193) മുന്നോട്ട് വയ്ക്കുകയായിരുന്നു. 59 പന്തില്‍ താരം 86 റണ്‍സാണ് നേടിയത്. ഋതുരാജ് ഗെയ്ക്കാവാദ്(32), റോബിന്‍ ഉത്തപ്പ (31), മോയിന്‍ അലി (37) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 192 റണ്‍സ് നേടിയത്. കെകെആറിനായി നരേയ്ന്‍ രണ്ട് വിക്കറ്റും ശിവം മാവി ഒരു വിക്കറ്റും നേടി.


2010, 2011, 2018 വര്‍ഷങ്ങളിലാണ് മുമ്പ് ചെന്നൈ കിരീടം ഉയര്‍ത്തിയത്. 2008, 2012, 2013, 2015 വര്‍ഷങ്ങളില്‍ ഫൈനലില്‍ പ്രവേശിച്ചിരുന്നു.




Tags:    

Similar News