സിഎഎ വിരുദ്ധ സമരക്കാര്‍ക്ക് ഭീകരവാദ ബന്ധമെന്ന് വ്യാജ വാര്‍ത്ത; ഹിന്ദുത്വ പോര്‍ട്ടലിനു വിദ്യാര്‍ഥിനി നേതാക്കളുടെ വക്കീല്‍ നോട്ടീസ്
നിരുപാധികം മാപ്പ് പറയുകയും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും വേണം
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ പങ്കാളികളായെന്നും ഭീകരവാദ ബന്ധമുണ്ടെന്നും വ്യാജവാര്‍ത്ത നല്‍കിയതിനു ഹിന്ദുത്വ പോര്‍ട്ടലിനെതിരേ സിഎഎ വിരുദ്ധ സമരത്തില്‍ പങ്കാളികളായ മലയാളി വിദ്യാര്‍ഥിനി നേതാക്കളുടെ വക്കീല്‍ നോട്ടീസ്. ജാമിയ മില്ലിയ ഇസ്ലാമിയ്യ വിദ്യാര്‍ഥി നേതാക്കളും സിഎഎ വിരുദ്ധ സമര പ്രവര്‍ത്തകരുമായ ഐഷാ റെന്നയും ലദീദാ ഫര്‍സാനയുമാണ് ഓപ്ഇന്ത്യ ഡോട്ട് കോമിനെതിരേ മാനനഷ്ടക്കേസ് ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്. ഓപ് ഇന്ത്യ നല്‍കിയ റിപോര്‍ട്ട് തങ്ങളെയും സംഘടനയെയും അതുമായി ബന്ധമുള്ളവരെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും നിരുപാധിക മാപ്പ് പറയുകയും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നാണ് നോട്ടീസിലുള്ളത്.
തന്നെക്കുറിച്ച് നിരന്തരം വിദ്വേഷം ജനിപ്പിക്കുന്നതും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഓപ്ഇന്ത്യയ്ക്കെതിരേ നിയമപരമായ നോട്ടീസ് അയച്ചതെന്നും വിദ്വേഷ പ്രചാരകരെ നിയമത്തിനു മുമ്പാകെ കൊണ്ടുവരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും ജാമിഅ മില്ലിയ ഇസ് ലാമിയ്യ സര്‍വകലാശാലയിലെ എംഎ ചരിത്ര വിദ്യാര്‍ഥിനിയായ ആയിഷ റെന്ന പറഞ്ഞു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഓപ് ഇന്ത്യ തനിക്കെതിരേ കുറേ കാലമായി വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കുകയാണെന്നും ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേ നിയമപോരാട്ടത്തിനു സമയമായെന്നും അറബിക് ബിരുദ വിദ്യാര്‍ഥിനിയായ ലദീദ ഫര്‍സാന പറഞ്ഞു.
കെട്ടിച്ചമച്ച വാര്‍ത്തകളിലൂടെയും വിവരണങ്ങളിലൂടെയും വിദ്യാര്‍ഥി നേതാക്കളെ ദേശവിരുദ്ധരും തീവ്രവാദികളും ഭീകരവാദികളുമാക്കാന്‍ ഓപ്ഇന്ത്യ ശ്രമിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്. ഹിന്ദുത്വ നിയന്ത്രണത്തിലുള്ള ദേശീയ വെബ്സൈറ്റായ ഓപ് ഇന്ത്യ ഡോട്ട് കോം നേരത്തെയും മുസ്ലിം വിരുദ്ധ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ആയിഷ റെന്നയ്ക്കും ലദീദ ഫര്‍സാനയ്ക്കുമെതിരേ പ്രസിദ്ധീകരിച്ച റിപോര്‍ട്ടുകളിലെ ഭാഗങ്ങള്‍ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും പൊതു പ്രസംഗങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി തെറ്റായി വ്യാഖ്യാനിച്ച് കൃത്രിമം നടത്തുകയാണെന്നും വിദ്യാര്‍ഥിനികള്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 499 ഉം മറ്റ് വകുപ്പുകളും പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും നോട്ടീസ് ലഭിച്ച് ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കുകയും നിരുപാധികം ക്ഷമാപണം നടത്തുകയും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Jamia student leaders Renna and Ladeeda send legal notice to right-wing portal OpIndia