ഈദ് ആഘോഷ നിയന്ത്രണം ഭരണകൂട അടിച്ചമര്‍ത്തലിന്റെ നവരൂപം

മുസ്‌ലിംകളുടെ ഈദ് ആഘോഷള്‍ക്ക് സംസ്ഥാന ഭരണകൂടം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, മുസ്‌ലിംകളെ പുറന്തള്ളാനുള്ള അധികൃതരുടെ ഭയജനകമായ പ്രതിബദ്ധതയ്ക്ക് വ്യക്തമായ തെളിവാണ്

Update: 2025-04-05 06:56 GMT

എസ് എന്‍ സാഹു

ബ്രിട്ടിഷ് കൊളോണിയല്‍ ഭരണത്തില്‍നിന്ന് നമ്മുടെ രാജ്യം മോചിതമായി മൂന്നുദിവസത്തിനു ശേഷം,1947 ആഗസ്റ്റ് 18ന് സ്വതന്ത്ര ഇന്ത്യയില്‍ ഈദ് ആഘോഷം നടക്കുമ്പോള്‍, രാജ്യത്തിന്റെ പടിഞ്ഞാറും കിഴക്കുമുള്ള പ്രദേശങ്ങള്‍ വിഭജനവുമായി ബന്ധപ്പെട്ട ഭീകരമായ വര്‍ഗീയ അക്രമത്തില്‍ വലയുകയായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരുമാണന്ന് കൊല ചെയ്യപ്പെട്ടത്. സ്വാതന്ത്ര്യത്തിന്റെ പുതുപുലരിയില്‍ രാജ്യം പൂത്തുലയുമ്പോഴും ഇന്ത്യയിലെ മുസ്‌ലിംകളെ ഈദ് ആഘോഷിക്കാന്‍ അനുവദിക്കില്ലെന്നും അവരുടെ അവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുമെന്നും അവരെ രണ്ടാംതരം പൗരന്മാരാക്കി ചവിട്ടിത്താഴ്ത്തുമെന്നുമുള്ള ഭയം നിറച്ച മുന്നറിയിപ്പ് കൂടിയായിരുന്നു അത്.

ഗാന്ധിജിയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഈദും

ഭയം മുറ്റി നിന്നിരുന്ന ആ നാളുകളിലായിരുന്നു 1947 ആഗസ്റ്റ് 18ന് കൊല്‍ക്കത്തയിലെ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ കോംപൗണ്ടില്‍ സംഘടിപ്പിച്ച ഒരു പ്രാര്‍ഥനാ യോഗത്തില്‍ ഉന്മേഷദായകവും ആരോഗ്യകരവുമായ ഒരു മാതൃകയ്ക്ക് സാക്ഷ്യം വഹിച്ചത്. മഹാത്മാഗാന്ധിയും ഹിന്ദുക്കളും മുസ്‌ലിംകളുമായ ഏകദേശം നാലോ അഞ്ചോ ലക്ഷം ആളുകള്‍ അതില്‍ പങ്കെടുത്തു. 'എന്റെ പ്രഥമ കടമ ഇവിടെ സന്നിഹിതരായ എല്ലാ മുസ്‌ലിംകള്‍ക്കും ഈദ് മുബാറക്ക് ആശംസിക്കുക എന്നതാണ്' എന്ന് പറഞ്ഞുകൊണ്ട് ഗാന്ധിജി ഒരു ലഘുപ്രസംഗം നടത്തി.

'ഈ ദിവസം ഹിന്ദുക്കളും മുസ്‌ലിംകളും പരസ്പരം ആലിംഗനം ചെയ്ത ഒരു കാലമുണ്ടായിരുന്നു... വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഇത്തരമൊരു രംഗത്തിന് സാക്ഷ്യം വഹിക്കുന്നത്'-ഗാന്ധി കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിംലീഗിലെയും നാഷണല്‍ ഗാര്‍ഡുകളിലെയും അംഗങ്ങളും കോണ്‍ഗ്രസ് വളണ്ടിയര്‍മാരും അടങ്ങുന്ന വലിയ ജനസഞ്ചയത്തെ കണ്ടതില്‍ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള ആളുകളുടെ ഐക്യം എന്നെന്നും നിലനില്‍ക്കുന്നതായിരിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. ബ്രിട്ടിഷ് ഭരണാധികാരികളെ മാറ്റി ഇന്ത്യക്കാര്‍ക്ക് രാജ്യം ഭരിക്കാന്‍ അവസരം നല്‍കിയ ഒരു പുതുയുഗത്തിന് തുടക്കമിട്ട സ്വതന്ത്ര ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. 'ഇന്ന് ഞാന്‍ കണ്ട രംഗം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല' എന്ന് പ്രസംഗത്തിനൊടുവില്‍ പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ സന്തോഷം വീണ്ടും വ്യക്തമാക്കി.

1947 ആഗസ്റ്റില്‍, പഞ്ചാബും ബംഗാളും വര്‍ഗീയ ലഹളകള്‍ സൃഷ്ടിച്ച ചോരച്ചാലില്‍ നീന്തിത്തുടിക്കുന്ന സന്ദര്‍ഭത്തില്‍, വ്യത്യസ്ത മതവിശ്വാസികളുടെ ഐക്യവും സൗഹൃദവും ഉയര്‍ത്തിപ്പിടിക്കുന്ന ഈദ് ആഘോഷ വേളയില്‍ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്തുന്നതില്‍ നേതൃത്വം വഹിച്ച പങ്കാണ് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നത്.

2025ല്‍, രാജ്യം ഭരണഘടനയുടെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ ഈദ് ആഘോഷവേളയില്‍, ഇപ്പോള്‍ സംസ്ഥാന സംവിധാനത്തെ നിയന്ത്രിക്കുന്ന ബിജെപി നേതാക്കള്‍ പിന്തുടരുന്ന വിഭജന നയങ്ങള്‍ ആ ഐക്യത്തെയും ഐക്യദാര്‍ഢ്യത്തെയും അപകടത്തിലാക്കിയിരിക്കുന്നു. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍, ഈ വര്‍ഷം മുസ്‌ലിംകള്‍ ഈദ് ആഘോഷിക്കുന്നതിന് സംസ്ഥാന അധികാരികള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍, പൊതുവായ സാമൂഹികസാംസ്‌കാരിക മേഖലകളില്‍നിന്ന് മുസ്‌ലിംകളെ ഒഴിവാക്കുന്നത് ഉറപ്പാക്കുന്ന കാര്യത്തില്‍ അധികാരികളുടെ ഭയജനകമായ പ്രതിബദ്ധതയെ വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നു. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകളുടെ സാംസ്‌കാരിക സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കുന്ന ബിജെപിയുടെ പതിവു രീതിയിലാണ് മുസ്‌ലിംകളെ പുറന്തള്ളാനുള്ള ഇത്തരം നീക്കങ്ങള്‍ നടന്നത്.

ഹിന്ദുക്കള്‍ക്ക് മതപരമായ ഉത്സവങ്ങളോടനുബന്ധിച്ച് റോഡുകള്‍ നിറഞ്ഞ് ഘോഷയാത്രകള്‍ സംഘടിപ്പിക്കാന്‍ തടസ്സങ്ങളില്ല. എന്നാല്‍ ഈദ് ദിനത്തില്‍ റോഡുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും നമസ്‌കാരം നിര്‍വഹിക്കുന്നതില്‍നിന്ന് യുപിയിലെ ബിജെപി സര്‍ക്കാര്‍ അവരെ വിലക്കി. വളരെ വിചിത്രമെന്നു പറയട്ടെ, ഇപ്പോള്‍ മുസ്‌ലിംകള്‍ സ്വന്തം വീടുകളുടെ ടെറസുകളില്‍ നമസ്‌കരിക്കാന്‍ ഒത്തുകൂടുന്നത് പോലും വിലക്കിയിരിക്കുന്നു. അത്തരം എല്ലാ നടപടികളും മുസ്‌ലിംകളോട് അന്യായമായും ഭരണഘടനാ വിരുദ്ധമായും പെരുമാറുന്നുവെന്ന് തെളിയിക്കുന്നു.

ഹരിയാനയില്‍, ബിജെപി സര്‍ക്കാര്‍ ഈദിനെ സമ്പൂര്‍ണ അവധി ദിനങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി നിയന്ത്രിത അവധി ദിനങ്ങളുടെ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത്, ആ സംസ്ഥാനത്ത് ഇതിനു മുമ്പുവരെ ഈദ് ദിനത്തില്‍ അടച്ചിട്ടിരുന്ന സര്‍ക്കാര്‍ ഓഫിസുകളും സ്ഥാപനങ്ങളും ഇനിമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ ജീവനക്കാര്‍, അവര്‍ ഹിന്ദുക്കളോ മുസ്‌ലിംകളോ ആവട്ടെ, ആ ദിവസം ഹാജരാവുന്നില്ലെങ്കില്‍ അവധി അപേക്ഷ നല്‍കണം.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഭരണഘടനാ ബാധ്യതയുള്ള ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത വെടിഞ്ഞ് മുസ്‌ലിംകളോട് കാണിക്കുന്ന ഇത്തരം വിവേചനപരമായ പെരുമാറ്റം മതനിരപേക്ഷതയ്‌ക്കെതിരായ കടന്നാക്രമണമാണ്. കഴിഞ്ഞ വര്‍ഷം, ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍ച്ചേര്‍ന്ന മതേതരത്വം എന്ന ആശയം സുപ്രിംകോടതി ഉയര്‍ത്തിപ്പിടിച്ചിരുന്നു.

ഹോളി ആഘോഷത്തോട് ഭിന്ന സമീപനം

രണ്ടാഴ്ച മുമ്പ് ഹോളി ആഘോഷ വേളയില്‍, 'ജുമുഅ (വെള്ളിയാഴ്ച) വര്‍ഷത്തില്‍ 52 തവണ വരും; പക്ഷേ, ഹോളി ഒരിക്കല്‍ മാത്രമേ വരൂ. ഹോളിയുടെ നിറങ്ങളില്‍ പ്രശ്‌നമുള്ളവര്‍ (മുസ്‌ലിംകള്‍) വീടിനുള്ളില്‍ തന്നെ ഇരുന്നു പ്രാര്‍ഥന നടത്തണം' എന്ന ഒരു പോലിസ് ഉദ്യോഗസ്ഥന്റെ പ്രസ്താവനയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ശരിവയ്ക്കുകയായിരുന്നു.

ഈ വര്‍ഷം, വെള്ളിയാഴ്ച ഹോളി ആഘോഷിച്ച് മുസ്‌ലിംകള്‍ വീടുകളില്‍ ഒതുങ്ങിക്കഴിയണമെന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ച് അവരില്‍ ഭയവും ഉല്‍ക്കണ്ഠയും വളര്‍ത്തുകയായിരുന്നു അധികൃതര്‍. യുപിയിലെ ഏകദേശം 200 പള്ളികള്‍ വലിയ ടാര്‍പോളിന്‍ ഷീറ്റുകളും പ്ലാസ്റ്റിക്കുകളും കൊണ്ട് മൂടണമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിട്ടു. അങ്ങനെ ഹോളി കളിക്കുന്ന ഹിന്ദുക്കളുടെ കാഴ്ചയില്‍നിന്ന് അവ മറഞ്ഞുനില്‍ക്കും. മുസ്‌ലിംകളെ ആവശ്യമില്ലാത്തവരും ഒഴിവാക്കപ്പെട്ടവരുമാണെന്ന് തോന്നിപ്പിക്കുന്നതിനായി ഉല്‍സവങ്ങളെ ഇത്തരത്തില്‍ ആയുധമാക്കുന്നത് പൊതു സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ആഘോഷത്തില്‍ വേരൂന്നിയ ഇന്ത്യ എന്ന ആശയത്തിന് വിരുദ്ധമാണ്.

വൈവിധ്യങ്ങളുടെ നിരാകരണം

'വൈവിധ്യമാര്‍ന്ന വര്‍ത്തമാന ലോകത്തിലെ സാംസ്‌കാരിക സ്വാതന്ത്ര്യം' എന്ന വിഷയത്തെക്കുറിച്ചുള്ള 2004 ലെ മനുഷ്യ വികസന റിപോര്‍ട്ട്, '...മതം, വംശം, ഭാഷ എന്നീ സാംസ്‌കാരിക മണ്ഡലങ്ങളിലെ വിവേചനം തടയുന്നതിന് ഭരണകൂടങ്ങള്‍ സജീവമായി ബഹുസാംസ്‌കാരിക നയങ്ങള്‍ ആവിഷ്‌കരിക്കണം' എന്ന നിലപാട് സ്വീകരിച്ചത് ശ്രദ്ധേയമാണ്.

'സമൂഹങ്ങള്‍ക്കുള്ളിലും ഉടനീളവും സ്ഥിരത, ജനാധിപത്യം, മനുഷ്യവികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് അടിച്ചമര്‍ത്തലല്ല, സാംസ്‌കാരിക സ്വാതന്ത്ര്യങ്ങളുടെ വികാസമാണ് സുസ്ഥിരമായ ഏകമാര്‍ഗം' എന്ന കാര്യം അത് മുന്നോട്ടുവച്ചു.

'...വൈവിധ്യം സംസ്ഥാനത്തിന്റെ ഐക്യത്തിന് ഭീഷണിയല്ല. അനിവാര്യമായ 'ഏറ്റുമുട്ടലുകളുടെ' ഉറവിടമല്ലെന്നും വികസനത്തിന് ഒരു തടസ്സവുമല്ലെന്നും റിപോര്‍ട്ട് ഉറപ്പിച്ചു പറഞ്ഞു. പകരം, അത് മനുഷ്യവികസനത്തിന്റെ കാതലായ ഭാഗമാണ് ആളുകള്‍ക്ക് തങ്ങള്‍ ആരാണെന്ന് തിരഞ്ഞെടുക്കാനുള്ള കഴിവ്'.

ഈ സാഹചര്യത്തില്‍, ' ജനസംഖ്യാ വൈവിധ്യം അംഗീകരിച്ചുകൊണ്ട് ഔദ്യോഗികമായി അഞ്ച് ഹിന്ദു അവധി ദിനങ്ങള്‍ ആഘോഷിക്കുന്ന ഇന്ത്യയെ റിപോര്‍ട്ട് ഉയര്‍ത്തിക്കാട്ടി. മുസ്‌ലിംകള്‍ക്ക് 4, ക്രിസ്ത്യാനികള്‍ 2, ബുദ്ധന്മാര്‍ 1, ജൈനര്‍ 1, സിഖ് 1 എന്നിങ്ങനെയാണ് മറ്റ് ആഘോഷങ്ങള്‍. ഇതിനു വിപരീതമായി, 'ഫ്രാന്‍സ് 11 ദേശീയ അവധി ദിനങ്ങള്‍ ആഘോഷിക്കുന്നു. അഞ്ചെണ്ണം മതവിഭാഗങ്ങളുടേതല്ല. ആറ് മതപരമായ അവധി ദിനങ്ങളില്‍ എല്ലാം ക്രിസ്ത്യന്‍ കലണ്ടറിലെ പരിപാടികള്‍ ആഘോഷിക്കുന്നു, എന്നിരുന്നാലും ജനസംഖ്യയുടെ 7 ശതമാനം മുസ്‌ലിംകളും ഒരു ശതമാനം ജൂതന്മാരുമാണ്' എന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തില്‍ എല്ലാ സാംസ്‌കാരിക സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്നതായി കണക്കാക്കപ്പെടുന്ന ഇന്ത്യ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ അടിച്ചമര്‍ത്തുന്ന ബിജെപി ഭരണകൂടങ്ങളുടെ ഭൂരിപക്ഷാധിപത്യ നയങ്ങള്‍ കാരണം ഇപ്പോള്‍ മൂല്യത്തകര്‍ച്ചയ്ക്ക് വിധേയമായിരിക്കുന്നു. മുകളില്‍ പറഞ്ഞ മനുഷ്യ വികസന റിപോര്‍ട്ട്, ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് അവരുടെ രാജ്യവുമായും അവരുടെ സ്വന്തം സാംസ്‌കാരിക സ്വത്വങ്ങളുമായും ബന്ധം സ്ഥാപിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്നുവെന്ന് പ്രസ്താവിക്കുന്നു.

'എന്നാല്‍ ആധുനിക ഇന്ത്യ, രാജ്യത്ത് ഒരു ഏക ഹിന്ദു സ്വത്വം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഗ്രൂപ്പുകളുടെ ഉദയത്തോടെ, ഒന്നിലധികം പരസ്പര പൂരക സ്വത്വങ്ങളോടുള്ള ഭരണഘടനാപരമായ പ്രതിബദ്ധതയ്ക്ക് ഗുരുതരമായ വെല്ലുവിളികള്‍ ഉയര്‍ന്നിരിക്കുന്നു' എന്ന് റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

2004ല്‍ പ്രകടിപ്പിച്ച അത്തരം ഭയങ്ങള്‍ കഴിഞ്ഞ 11 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമായി. 2025ല്‍, രാജ്യം മുസ്‌ലിംകള്‍ക്ക് സാംസ്‌കാരിക സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നു. ഈദ് ദിനത്തില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണഘടനാ ബാധ്യതയുള്ള ഉദ്യോഗസ്ഥര്‍ മുസ്‌ലിംകള്‍ക്കു മേല്‍ ക്രൂരമായി അടിച്ചേല്‍പ്പിച്ച നിയന്ത്രണങ്ങള്‍ പൗരന്മാര്‍ എന്ന നിലയിലുള്ള അവരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ തെളിവാണ്.

(മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫിസര്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്)

കടപ്പാട് : ദ വയര്‍

Similar News