രാമനവമി ആഘോഷങ്ങളും വർഗീയ കലാപങ്ങളും; ചരിത്രവും വർത്തമാനവും

Update: 2025-04-07 07:55 GMT
രാമനവമി ആഘോഷങ്ങളും വർഗീയ കലാപങ്ങളും; ചരിത്രവും വർത്തമാനവും

ജവഹർ സിർക്കാർ

വർത്തമാനകാല ഇന്ത്യയിൽ കലാപങ്ങൾ ഉണ്ടാകുന്നത് രോഷാകുലരും എടുത്തുചാട്ടക്കാരുമായ ജനക്കൂട്ടത്തിൻ്റെ അക്രമപ്രവർത്തനമായല്ല, മറിച്ച് ശ്രദ്ധാപൂർവമായ ആസൂത്രണം, ധനസഹായം, ക്രൂരത, ഏതാനും വർഷങ്ങൾക്ക് മുമ്പ് ബഹുസ്വര ഇന്ത്യക്ക് ഒരിക്കലും സ്വപ്നം കാണാൻ പോലും കഴിയാത്ത ശിക്ഷാ ഇളവ് എന്നിവ മൂലമാണ്.

ഇത്തരം കാര്യങ്ങളിൽ അവഗാഹമുള്ള ഒരു വ്യക്തിയുടെ വരവിനു ശേഷമാണ് കലാപങ്ങൾ പൊട്ടിപ്പുറപ്പെടാൻ തുടങ്ങിയതെന്ന് മിക്കപ്പോഴും വിശ്വസിക്കാൻ തോന്നുന്നത്. എന്നാൽ, അദ്ദേഹത്തോടും ചരിത്രത്തോടും നീതി പുലർത്തണമെങ്കിൽ, ഈ പ്രതിഭാസത്തിന്റെ തുടക്കം ഒരു പതിറ്റാണ്ട് മുമ്പ്, ബാബരി മസ്ജിദ് തകർത്ത് നിലംപരിശാക്കിയ ദിവസം മുതൽ കാണാൻ കഴിയും.

നിസ്സാരകാര്യങ്ങളെ പരാമർശിക്കുന്ന ചരിത്രകാരന്മാർ പോലും, ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തുതന്നെ രാമക്ഷേത്രം വേണമെന്ന ആവശ്യമുയർത്തി 1990 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ എൽ കെ അദ്വാനി നടത്തിയ രഥയാത്രയ്ക്കും പിന്നിലേക്കാണ് പോയത്. ഈ രഥയാത്രയെത്തുടർന്ന് വർഗീയ സംഘർഷങ്ങൾ ക്രമാതീതമായി വർധിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രാദേശിക തലത്തിലും ചെറിയ തരത്തിലുമുള്ള വ്യാപകമായ കലാപങ്ങൾ അതിന്റെ ഉച്ചസ്ഥായിയിലെത്തി.

വാസ്തവത്തിൽ, നാം കൂടുതൽ പിന്നോട്ട് പോവുമ്പോൾ എന്താണ് കാണുന്നത്? സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശനിൽ (ജനുവരി 1987 മുതൽ ജൂലൈ 1988 വരെ) രാമാനന്ദ് സാഗറിന്റെ രാമായണം സീരിയൽ സംപ്രേഷണം ചെയ്തുകൊണ്ട് രാജീവ് ഗാന്ധിയുടെ സർക്കാർ രാമ ഭക്തിക്ക് മുമ്പെങ്ങുമില്ലാത്ത വിധം ജനപ്രിയത്വം നേടിക്കൊടുക്കുന്ന മണ്ടത്തരം ചെയ്തില്ലായിരുന്നുവെങ്കിൽ, ഇന്ന് നമ്മൾ കാണുന്നതുപോലെ, സർക്കാർ പിന്തുണയോടെ പുറംകരാർ ഏറ്റു നടത്തുന്ന വർഗീയ അക്രമ പരമ്പരകളുടെ വർത്തമാന പ്രതിഭാസത്തിലൂടെ ഒരിക്കലും നാം കടന്നുപോകുമായിരുന്നില്ല എന്ന് നിസ്സംശയം പറയാം. 

മതപരമായ ആക്രമണത്തെ മന്ദിർ-മസ്ജിദ് തർക്കവുമായി ബന്ധിപ്പിക്കുമ്പോൾ നമുക്ക് പറ്റുന്ന പിഴവ്, രാമക്ഷേത്രത്തേക്കാൾ രാമനാണ് ഈ ചർച്ചയിൽ കൂടുതൽ നിർണായകമാകുന്നത് എന്നതാണ്. 1967 മുതൽ രാമനവമിയാണ്  പതിവായി ഒരു ഉത്തേജക ബിന്ദു. വാസ്തവത്തിൽ, ഹിന്ദുക്കളുടെ മുപ്പത്തിമുക്കോടി ദൈവങ്ങളിൽ, പുരുഷോത്തമനായ രാമനെ, പരമാവധി അക്രമങ്ങളെയും വർഗീയ കലാപങ്ങളെയും  ന്യായീകരിക്കാൻ എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്ന് നമ്മൾ ചിന്തിച്ചേക്കാം. ദുർഗാ പൂജ വിഗ്രഹങ്ങളുടെ നിമജ്ജന വേളയിലും ഗണേശ ചതുർത്ഥിയുമായി ബന്ധപ്പെട്ടും ചില കലാപങ്ങൾ ഉണ്ടാകാറുള്ളതിനെ കുറിച്ച് നമ്മൾ കേൾക്കാറുണ്ടെങ്കിലും ശിവകേന്ദ്രീകൃതമായ കലാപങ്ങളോ ലക്ഷ്മി പ്രചോദിതമായ കലാപങ്ങളോ നമ്മൾ കേൾക്കാറില്ല. രാമൻ ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന രാമനവമി ദിനത്തിലെ സംഭവങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മറ്റ് ദൈവങ്ങളുമായി ബന്ധപ്പെട്ട കലാപങ്ങളുടെ എണ്ണം വളരെ തുച്ഛമാണ്.

ആദ്യം, മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെയും മുഴുവൻ സംഘപരിവാരത്തിന്റെയും, പ്രത്യേകിച്ച് ബിജപിയുടെയും നിലനിൽപ്പിന് രാമൻ എത്രത്തോളം കേന്ദ്രബിന്ദുവാണെന്ന് മനസ്സിലാക്കണം. രാമൻ അതിന്റെ അസ്തിത്വത്തിൽ വളരെ ആഴത്തിലും അഭേദ്യമായും ഉൾച്ചേർന്നിരിക്കുന്നതിനാൽ, അത് തീർച്ചയായും ഹിന്ദു വലതുപക്ഷത്തിന്റെ സ്പന്ദിക്കുന്ന രാഷ്ട്രീയ ആത്മാവാണ്. രാമന്റെ മഹത്തായ വിജയ ദിനമായ 1925 ലെ വിജയദശമി ദിനത്തിലാണ് (സെപ്റ്റംബർ 27) ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാർ ഹിന്ദു ദേശീയവാദികളുടെ 'സംഘം' സ്ഥാപിച്ചത്. അടുത്ത വർഷം രാമനവമിയിൽ ( ഏപ്രിൽ 17) അദ്ദേഹം സംഘടനയെ രാഷ്ട്രീയ സ്വയംസേവക് സംഘ് എന്ന് നാമകരണം ചെയ്തു. അദ്ദേഹം ആർ‌എസ്‌എസിന് നിയോഗിച്ച ആദ്യത്തെ പൊതു ദൗത്യം രാമനുമായി ബന്ധപ്പെട്ട രാംടെക് ക്ഷേത്രത്തിലായിരുന്നു. ആർ‌എസ്‌എസിന്റെ കാവി പതാക രാമന്റേതാണെന്ന് വിശ്വസിക്കപ്പെടുന്നു, അത് ജനപ്രിയമാക്കിയത് ശിവജിയാണ്.

ഹിന്ദി മേഖലയിലും പരിസര പ്രദേശങ്ങളിലുമുള്ള ഹിന്ദുക്കളിൽ വലിയൊരു വിഭാഗം വസന്തകാലത്തും (ചൈത്രം) ശരത്കാലത്തും രണ്ട് നവരാത്രികൾ (ഒമ്പത് ദിവസങ്ങൾ) എപ്പോഴും വളരെയധികം ആവേശത്തോടെ ആഘോഷിക്കാറുണ്ട്. അതിശയകരമെന്നു പറയട്ടെ, രാമനവമിയോടെ അവസാനിക്കുന്ന വസന്തത്തിലെ ആദ്യത്തേതിനാണ് വർഗീയ സംഘർഷത്തിന്റെയും കലാപത്തിന്റെയും നീണ്ട ചരിത്രമുള്ളത്. മുസ്‌ലിം പ്രദേശങ്ങളിലൂടെ മനപ്പൂർവം നടത്തപ്പെടുന്ന രാമനവമി ഘോഷയാത്രകളിലൂടെ 'ഹിന്ദു ശക്തി' പ്രകടിപ്പിക്കുന്ന പാരമ്പര്യമാണ് ഇതിന് കാരണം, പലപ്പോഴും ശരത്കാല നവരാത്രി ദസറയിൽ പടക്കം പൊട്ടിച്ചും രാവണന്റെയും കൂട്ടാളികളുടെയും കോലം കത്തിച്ചും അവസാനിക്കുന്നു - ഇത് നിരുപദ്രവകരമായ ഒരു വിനോദമായിരുന്നു. എന്നാൽ, രാമനവമിയിൽ രാമന്റെ പേരിൽ നടത്തുന്ന പല ഘോഷയാത്രകളും ഇതിനകം തന്നെ ധാരാളം രക്തച്ചൊരിച്ചിലുകൾക്ക് കാരണമായിട്ടുണ്ട്. മാത്രമല്ല കൂടുതൽ വ്യാപിക്കാനും സാധ്യതയുണ്ട്.

രാമനവമി ഘോഷയാത്രയെച്ചൊല്ലിയുള്ള കലാപം ആദ്യം വാർത്തയായത് 1871ൽ ബറേലിയിലാണ്. അവിടെ ഒരു മുസ്‌ലിം ജനക്കൂട്ടം മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണം നടത്തി ഒരു ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തി. ഒരു നൂറ്റാണ്ടിനുശേഷം എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അവർക്ക് ഒരു ധാരണയുമില്ലായിരുന്നു. ആധുനിക കാലത്തെ രാമനവമി ശോഭ യാത്രയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയും ആയുധപ്രദർശനത്തോടെയും 1967 ഏപ്രിലിൽ ആർ‌എസ്‌എസിന്റെ ആസ്ഥാനമായ നാഗ്പൂരിൽ നടന്ന ശോഭയാത്രയെക്കുറിച്ചാണ്(നാഗ്പൂരിലും മറ്റും പ്രചാരത്തിലുള്ള ഹിതവാദ പത്രത്തിൽ നിന്നാണ് ഈ വിവരം നമുക്ക് ലഭിക്കുന്നത്). തുടർന്ന്, 1979ൽ, ആർ‌എസ്‌എസ് മേധാവി ബാലാസാഹെബ് ദേവറസ് ജംഷഡ്പൂരിൽ ഒരു പ്രകോപനപരമായ പ്രസംഗം നടത്തിയതിനെ തുടർന്നാണ് ആർഎസ്എസ് രാമനവമി ദിനത്തിലെ പ്രധാന ശക്തി പ്രകടനത്തിനായി ഹിന്ദുക്കളെ അണിനിരത്താൻ തുടങ്ങിയത്. രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് ഉദ്ദേശിച്ച കലാപം പൊട്ടിപ്പുറപ്പെട്ടു. അതിൽ 108 പേർ മരിച്ചു. അതിൽ 79 മുസ്‌ലിംകളെയും 25 ഹിന്ദുക്കളെയും തിരിച്ചറിയാൻ കഴിഞ്ഞു. ജിതേന്ദ്ര നരേൻ അന്വേഷണ കമ്മീഷൻ ആർ‌എസ്‌എസും ആർ‌എസ്‌എസുമായി ബന്ധപ്പെട്ട പ്രാദേശിക എംഎൽഎ ദിനനാഥ് പാണ്ഡെയും കുറ്റക്കാരാണെന്ന് കണ്ടെത്തി.

ഇന്ത്യ കലാപകാരികളെയും ആൾക്കൂട്ട കൊലപാതകികളെയും തൂക്കിലേറ്റാത്തതിനാലും (അവരെ മന്ത്രിമാരുടെയും അതിലും ഉയർന്ന നിലയിലുള്ളവരുടെയും പദവികളിൽ എത്തിക്കുകയാണ് പതിവ്) രാമനവമിയോടനുബന്ധിച്ച് ആയുധങ്ങൾ ഉപയോഗിച്ചുള്ള പ്രകോപനപരമായ ഘോഷയാത്രകൾക്ക് മതപരമായ ഒഴിവുകഴിവ് നൽകുന്നതിനാലും കലാപങ്ങൾക്ക് വേദി ഒരുങ്ങിയിരുന്നു.

1980കളിൽ, സാമുദായിക ധ്രുവീകരണത്തിനും 'ഹിന്ദുവോട്ട്' സൃഷ്ടിക്കുന്നതിനുമായി വികാരങ്ങൾ ഇളക്കിവിടുകയും കലാപങ്ങൾ ഇളക്കിവിടുകയും ചെയ്യുന്ന ചുമതല ആർ‌എസ്‌എസ് വിശ്വ ഹിന്ദു പരിഷത്തിന് (വിഎച്ച്പി) വിട്ടുകൊടുത്തു. അയോധ്യയിലെ ജന്മഭൂമി (രാമന്റെ ജന്മസ്ഥലം) ബാബരി മസ്ജിദിന്റെ അധിനിവേശത്തിൽനിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പി നിരവധി സമ്മേളനങ്ങൾ (ധർമ സൻസദ്) നടത്തി. 1983 മുതൽ 1993 വരെ ഇത്തരം ആക്രമണങ്ങൾ അനിയന്ത്രിതമായി തുടർന്നു, വർഗീയ കലാപങ്ങൾ സാധാരണമായി. ഒടുവിൽ ബാബരി മസ്ജിദ് തകർക്കപ്പെടുകയും അനുബന്ധ കലാപങ്ങൾ ഇന്ത്യയുടെ ശരീരത്തെയും ആത്മാവിനെയും അഗ്നിയിലാഴ്ത്തുകയും ചെയ്തു. രാമൻ, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ നവമിയും ജന്മഭൂമിയും, തീയും വാളും മിന്നിമറഞ്ഞുകൊണ്ട് കലാപത്തിന്റെ മുന്നണിയിലായിരുന്നു. പരാമർശിക്കാൻ പോലും കഴിയാത്തത്ര സ്ഥലങ്ങളും സംഭവങ്ങളുമുണ്ട്. 257 നിരപരാധികളുടെ മരണത്തിനും 700ലധികം പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായ 1993ലെ ഭീകരമായ ബോംബെ സ്ഫോടനങ്ങൾ, വിദ്വേഷത്തിന്റെ സുനാമിയെ കുറച്ചുകാലത്തേക്ക് തടഞ്ഞു.

എന്തായാലും, രാമനവമി ഇപ്പോഴും പ്രകോപനപരവും ആശങ്കാജനകവുമാണ്. 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബംഗാളിൽ തടുക്കാനാവാത്ത ശക്തിയെന്ന പ്രതീതി ബിജെപിക്ക് ഇല്ലാതാവുകയും 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി പൂർണമായും പരാജയപ്പെടുകയും ചെയ്തതിനുശേഷം, എല്ലാ അവസരങ്ങളിലും വർഗീയ വിഭജനത്തിൻ്റെ വിളഭൂമിയാക്കാൻ ബംഗാളിനെ പ്രത്യേകമായി ലക്ഷ്യം വച്ചു. രസകരമെന്നു പറയട്ടെ, ബംഗാൾ ചൈത്രം നവരാത്രി ആചരിക്കുന്നില്ലെങ്കിലും, ഈ കാലയളവിൽ അശോക ഷഷ്ഠി, ബസന്തി ദുർഗ, അന്നപൂർണ പൂജ തുടങ്ങി സംസ്ഥാനത്തിന് അതിന്റേതായ പരമ്പരാഗത ആഘോഷമുണ്ട്. എവിടെയും രാമനെക്കുറിച്ച് ഒരു പരാമർശവുമില്ല എന്നത് ബിജെപിക്ക് ഒരു നിന്ദ്യമായ പ്രവൃത്തിയായി തോന്നി. 2017 മുതൽ, ബിജെപി ശോഭ യാത്രകൾ തുടങ്ങി വച്ചു. കാവി പതാകകൾ കൊണ്ട് അലങ്കരിച്ച നൂറുകണക്കിന് മോട്ടോർ സൈക്കിളുകളും ത്രിശൂലങ്ങളും ഊരിപ്പിടിച്ച വാളുകളുമൊക്കെ ആയിട്ടായിരുന്നു ഈ യാത്രകളൊക്കെയും. രാഷ്ട്രീയ അക്രമത്തിന്റെ അസൂയാവഹമായ ചരിത്രം ബംഗാളിന് ഉണ്ടായിരുന്നിട്ടു പോലും പൊതുജനങ്ങളുടെയെന്നല്ല, ഗുണ്ടകളുടെ പോലും സംഘടിത പൊതു പ്രതിഷേധങ്ങളോ ആയുധങ്ങളേന്തിയ പ്രകടനങ്ങളോ ഉണ്ടായില്ല. മതവിശ്വാസം ചരിത്രത്തിന്റെയും പാരമ്പര്യത്തിന്റെയും കാര്യമാണന്ന് ബംഗാളികൾക്ക്. ഹിന്ദി കേന്ദ്രീകൃത പാർട്ടിയായ ബിജെപിക്ക് രാമനെ ഇഷ്ടമില്ലാത്ത ഒരു ജനതയുടെ മേൽ രാമനെ അടിച്ചേൽപ്പിക്കാൻ കഴിയില്ല. വോട്ടർമാരെ കൂടുതൽ അകറ്റുകയായിരിക്കും അതുമൂലം ഫലത്തിലുണ്ടാവുക.

പശ്ചിമ ബംഗാളിലും മതപരമായ ഭിന്നതകളും യുദ്ധങ്ങളും സൃഷ്ടിക്കുന്നതിനോ ശക്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ടുള്ള സംസ്ഥാനങ്ങളിലും ഇപ്പോൾ കടുത്ത പിരിമുറുക്കത്തിന്റെ കാലഘട്ടമാണ് രാമനവമി ആഘോഷങ്ങൾ. 2017 മുതൽ, ഈ ഉത്സവത്തിനിടെ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ വർധിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. 2018ൽ രാജ്യത്തുടനീളം 17 ഏറ്റുമുട്ടലുകളോ കലാപങ്ങളോ റിപോർട്ട് ചെയ്യപ്പെട്ടു, 2022 വരെ ആറ് സംസ്ഥാനങ്ങളിൽ അക്രമം റിപോർട്ട് ചെയ്യപ്പെട്ടു. ജാർഖണ്ഡ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഡൽഹി എന്നിവയാണവ. തുടർന്ന്, 2023ൽ, കുറഞ്ഞത് ആറ് സംസ്ഥാനങ്ങളിലെങ്കിലും - പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, ബിഹാർ, ഗുജറാത്ത് എന്നിവിടങ്ങളിൽ - രാമനവമി ആഘോഷങ്ങൾ അക്രമാസക്തമായി. കഴിഞ്ഞ വർഷത്തെ രാമനവമി ആഘോഷങ്ങളിൽ ഇന്ത്യയിലുടനീളം, പ്രത്യേകിച്ച് പശ്ചിമ ബംഗാൾ, ബിഹാർ, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിരവധി അക്രമ സംഭവങ്ങൾ അരങ്ങേറി.

ഈ വർഷം രാമനവമി ഏപ്രിൽ 6 ന് ആണ്, ഇന്ത്യയുടെ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടായിരുന്നു. വഖ്ഫ് നിയമത്തിൽ വരുത്തിയ ഭേദഗതി അന്തരീക്ഷത്തെ ചൂടാക്കിയിട്ടുണ്ട്. കാരണം ഒരു വിഭാഗം വളരെയധികം വേദനിക്കുകയും രോഷാകുലരാകുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളിൽ പോലിസ് സേനകൾ കൂടുതൽ ജാഗ്രതയിലാണ്. ഇതിനുപുറമെ, പശ്ചിമ ബംഗാളിൽ 2,000 റാലികൾ നടത്തിയതായി ബംഗാളിലെ ഉന്നത ബിജെപി നേതാവ് സുവേന്ദു അധികാരി അവകാശപ്പെടുന്നു. മോട്ടോർ ബൈക്കുകളിൽ ആയുധങ്ങളുമേന്തിയായിരുന്നു ഈ റാലികൾ. അദ്ദേഹത്തിന്റെ ഇന്നത്തെ ഏറ്റവും പുതിയ പ്രസ്താവന "1.5 കോടിയിൽ കുറയാത്ത ഹിന്ദുക്കൾ രാമനവമിയുടെ പുണ്യദിനത്തിൽ റോഡിലിറങ്ങും. ദയവായി വീട്ടിൽ വെറുതെ ഇരിക്കരുത്. നിങ്ങളുടെ ശക്തി കാണിക്കുക" എന്നായിരുന്നു.

വർത്തമാനകാല ഇന്ത്യയിൽ കലാപങ്ങൾ ഉണ്ടാകുന്നത് രോഷാകുലരും എടുത്തുചാട്ടക്കാരുമായ ജനക്കൂട്ടത്തിൻ്റെ അക്രമപ്രവർത്തനമായല്ല, മറിച്ച് ശ്രദ്ധാപൂർവമായ ആസൂത്രണം, ധനസഹായം, ക്രൂരത, ഏതാനും വർഷങ്ങൾക്ക് മുമ്പ് ബഹുസ്വര ഇന്ത്യക്ക് ഒരിക്കലും സ്വപ്നം കാണാൻ പോലും കഴിയാത്ത ശിക്ഷാ ഇളവ് എന്നിവ മൂലമാണ്.

(തൃണമൂൽ കോൺഗ്രസിന്റെ മുൻ രാജ്യസഭാ എംപിയാണ് ജവഹർ സിർക്കാർ. അദ്ദേഹം മുമ്പ് ഇന്ത്യാ ഗവൺമെന്റിന്റെ സെക്രട്ടറിയും പ്രസാർ ഭാരതിയുടെ സിഇഒയും ആയിരുന്നു)

കടപ്പാട്: ദ വയർ

Similar News