ജോഷിമഠില്‍ വിള്ളല്‍ കണ്ടെത്തിയത് 678 കെട്ടിടങ്ങള്‍ക്ക്; ഇന്ന് കെട്ടിടങ്ങള്‍ പൊളിച്ച് തുടങ്ങും

Update: 2023-01-10 06:38 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ജോഷിമഠിലെ വിള്ളല്‍വീണതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങള്‍ ഇന്ന് പൊളിച്ചുതുടങ്ങും. പൊളിഞ്ഞ് വീഴാറായ കെട്ടിടങ്ങള്‍ മറ്റ് കെട്ടിടങ്ങള്‍ക്കുകൂടി ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നീക്കം. വിള്ളല്‍ വീണ രണ്ട് ഹോട്ടലുകളാണ് ആദ്യം പൊളിച്ചുനീക്കുക. അടിത്തറ പൊളിഞ്ഞ മലാരി ഇന്‍, മൗണ്ട് വ്യൂ എന്നീ ഹോട്ടലുകള്‍ പൊളിക്കാനുള്ള നടപടി തുടങ്ങി. സംസ്ഥാന ദുരന്ത നിവാരണസേനയുടെ നേതൃത്വത്തിലാണ് നടപടികള്‍.

പ്രദേശത്തെ ഭൂമിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഡേയ്ഞ്ചര്‍, ബഫര്‍, സേഫ് എന്നീ മൂന്ന് സോണുകളായി തിരിച്ചാണ് പൊളിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ നടക്കുന്നത്. ജോഷിമഠില്‍ രൂപപ്പെട്ട വിള്ളല്‍ കൂടുതല്‍ കെട്ടിടങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇതിനകം 678 കെട്ടിടങ്ങളില്‍ വിള്ളലുണ്ടായി. രണ്ട് ഹോട്ടലുകളും നിരവധി വീടുകളും ക്ഷേത്രങ്ങളും വിള്ളലിന്റെ ഭീഷണിയിലാണ്. 81 കുടുംബങ്ങളെ ഇതിനകം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം റൂര്‍ക്കി സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദഗ്ധസംഘം ഇന്ന് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.

ജോഷിമഠിലെ 200 ഓളം വീടുകള്‍ താമസിക്കാന്‍ കഴിയാത്ത വിധം വിണ്ടുകീറിയെന്നാണ് റിപോര്‍ട്ട്. ഈ വീടുകളില്‍ ജില്ലാ ഭരണകൂടം റെഡ് ക്രോസ് അടയാളപ്പെടുത്തി. ഇവിടെ താമസിക്കുന്നവര്‍ ഉടന്‍തന്നെ വാടക വീടുകളിലേക്കോ താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കോ മാറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നിരവധി പ്രദേശവാസികള്‍ അവിടെ താമസിക്കുകയാണെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി പറഞ്ഞു. വീട് ഒഴിഞ്ഞുപോവുന്നവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് 4000 രൂപ വീതം സഹായം നല്‍കുമെന്ന് ഭരണകൂടം അറിയിച്ചിരുന്നു.

ദുരന്തസാധ്യത കണക്കിലെടുത്ത് പ്രദേശത്തെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവച്ചിട്ടുണ്ട്. ഇതുവരെ നാലായിരത്തോളം ആളുകളെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ചമോലിയില്‍ ജില്ലാ ഭരണകൂടം വീടുവീടാന്തരം കയറിയിറങ്ങി സര്‍വേ നടത്തുകയാണ്. ചമോലയിലെ ഉയര്‍ന്ന മേഖലകയില്‍ കനത്ത മഞ്ഞും മഴയുമുണ്ടാവുമെന്ന് മുന്നറിയിപ്പുണ്ട്.

ജോഷിമഠിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന സെക്രട്ടേറിയറ്റ് ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ഓരോ മിനിറ്റും പ്രധാനമായതിനാല്‍' ഒഴിപ്പിക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറി എസ് എസ് സന്ധു അവരോട് അഭ്യര്‍ഥിച്ചു. ദുരിതബാധിതര്‍ക്കായി ജോഷിമഠത്തിന് ചുറ്റുമുള്ള 16 സ്ഥലങ്ങളില്‍ താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. ഇവയ്‌ക്കൊപ്പം ജോഷിമഠിലെ മറ്റ് 19 ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍, വിദ്യാഭ്യാസ സൗകര്യങ്ങള്‍ എന്നിവയും പട്ടണത്തിന് അപ്പുറത്തുള്ള 20 എണ്ണം പിപാല്‍കോട്ടിയിലെ താമസക്കാര്‍ക്കായി സ്ഥാപിച്ചിട്ടുണ്ട്.

Tags:    

Similar News