ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം: മുന്നറിയിപ്പ് സംവിധാനത്തിന്റെ അഭാവം ദുരന്ത വ്യാപ്തി വര്‍ദ്ധിപ്പിച്ചു
തപോവന്‍ പവര്‍ പ്രോജക്റ്റ് 15 വര്‍ഷത്തിനിടെ മൂന്ന് വലിയ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴും ആവശ്യമായ മുന്നറിയിപ്പ് സംവിധാനമില്ല.
ഛമോലി: ഉത്തരാഖണ്ഡിലെ ഛമോലി ജില്ലയില്‍ മുന്നറിയിപ്പ് സംവിധാനം ഉണ്ടായിരുന്നെങ്കില്‍ മിന്നല്‍ പ്രളയത്തിന്റെ ദുരന്ത വ്യാപ്തി കുറക്കാമായിരുന്നെന്ന് വിദഗ്ധരും ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവരും പറഞ്ഞു. മലമുകളില്‍ നിന്ന് ഭയാനകമായ ശബ്ദം കേട്ട് ഓടിയതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട മനീഷ് കുമാര്‍ എന്നയാള്‍ പറഞ്ഞു. കിലോമീറ്ററുകള്‍ മുകളിലുള്ള ഋഷിഗംഗ ഹൈഡല്‍ പദ്ധതി പൂര്‍ണമായും തകര്‍ന്നിരുന്നു.
ഈ പ്രദേശത്ത് കാമറ-സെന്‍സര്‍ സംവിധാനം ഉണ്ടായിരുന്നെങ്കില്‍ മിനിറ്റുകള്‍ക്ക് മുന്നേ അപകട മുന്നറിയിപ്പ് അധികൃതര്‍ക്ക് നല്‍കാമായിരുന്നു.
അഞ്ചോ പത്തോ മിനിറ്റ് മുമ്പുതന്നെ മുന്നറിയിപ്പ് പോയിരുന്നുവെങ്കില്‍ നിരവധി ജീവന്‍ രക്ഷിക്കാമായിരുന്നു.
തപോവന്‍ പവര്‍ പ്രോജക്റ്റ് 15 വര്‍ഷത്തിനിടെ മൂന്ന് വലിയ അപകടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇപ്പോഴും ആവശ്യമായ മുന്നറിയിപ്പ് സംവിധാനമില്ല. മുന്‍ അപകടങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ വെള്ളപ്പൊക്കത്തെ കുറിച്ച് തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാന്‍ കഴിയുമായിരുന്നെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ചമോലി ദുരന്തം കേന്ദ്രത്തിന്റെ വീഴ്ച്ചയായി വിമര്‍ശനം ഉയരുന്നുണ്ട്. മുന്‍ കാലങ്ങളിലെ ദുരന്തങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് സുരക്ഷാ നടപടികള്‍ എടുത്തിരുന്നെങ്കില്‍ വലിയ ദുരന്തം ഒഴിവാക്കായിരുന്നെന്ന് തൊഴിലാളികളും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരും പറയുന്നു.
'റെയ്‌നി ഗ്രാമത്തില്‍ അപകട സൂചന ലഭിച്ചാല്‍ താഴേത്തട്ടിലുള്ളവര്‍ക്ക് ഉടന്‍ മുന്നറിയിപ്പ് നല്‍കുന്ന ഒരു സംവിധാനം ഉണ്ടായിരിക്കണം. അത് തപോവാനിലും മറ്റ് സ്ഥലങ്ങളിലും ജീവന്‍ രക്ഷിക്കാമായിരുന്നു'. പരിസ്ഥിതി പ്രവര്‍ത്തകനും ജലവിദഗ്ദ്ധനുമായ ഹിമാന്‍ഷു താക്കര്‍ ദി വയറിനോട് പറഞ്ഞു.
ദുര്‍ബല പ്രദേശങ്ങളിലെ ചില അരുവികളില്‍ കാമറകള്‍ സ്ഥാപിക്കാമെന്ന് താക്കൂര്‍ പറഞ്ഞു. അപകട സൂചന മൂന്‍കൂട്ടി ലഭിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍, ഇത്തരം സംവിധാനങ്ങളൊന്നും പ്രദേശത്ത് ഒരുക്കിയിട്ടില്ല.
മിന്നല്‍പ്രളയത്തിലും മഞ്ഞുമല ഇടിച്ചിലിലും കാണാതായവരുടെ എണ്ണം 197ആയി. ഇതുവരെ 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രളയവും മലയിടിച്ചിലും നിരവധി മരണങ്ങള്‍ക്ക് കാരണമായതിനു പുറമെ എന്‍ടിപിസിയുടെ 480 മെഗാവാട്ട് തപോവന്‍വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെയും ഋഷിഗംഗ ഹൈഡല്‍ പദ്ധതിയുടെയും തുരങ്കങ്ങള്‍ക്ക് വലിയ കേടുപാടുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
ഇപ്പോഴും 2535 പേര്‍ തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് കുറച്ചുദൂരം വരെ തുരങ്കത്തിലെ മണ്ണ് നീക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തുരങ്കത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.
തുരങ്കത്തില്‍ കനത്ത ഇരുട്ടായതിനാല്‍ ടോര്‍ച്ച് ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കോണ്‍ക്രീറ്റും മണ്ണും കൊണ്ട് പ്രദേശം മൂടിയിരിക്കുകയാണ്. തുരങ്കത്തിന് ഒരു കവാടമാണ് ഉള്ളത്. തുരങ്കത്തില്‍ 120 മീറ്ററോളം മണ്ണ് നീക്കിക്കഴിഞ്ഞതായി ഐടിബിപി വക്താവ് വിവേക് കുമാര്‍ പാണ്ഡെ പറഞ്ഞു.
തുരങ്കത്തിന്റെ ചുമരുകള്‍ക്ക് വിള്ളലുണ്ട്. വെള്ളം വീഴുന്ന ശബ്ദവും കേള്‍ക്കാം. പരസ്പരം ഒച്ചവച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പരസ്പരം ബന്ധപ്പെടുന്നത്. ഇനിയും 80, 180 മീറ്റര്‍ നീളത്തില്‍ ചളി നീക്കിയാലേ അകത്തേക്ക് സുഗമമായി പ്രവേശിക്കാനാവൂ.