കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം ഒഴിവാക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്‌റ്റേ ചെയ്തു. സര്‍ക്കാരിന്റെ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചിന്റേതാണ് നടപടി. ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയക്കും.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസില്‍ നരഹത്യക്കുറ്റം നിലനില്‍ക്കുമോയെന്നതില്‍ വിശദമായ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. വിചാരണ കോടതി ശ്രീറാമിന്റെ വിടുതല്‍ ഹരജി പരിഗണിച്ചപ്പോള്‍ സംഭവം നടന്ന ദിവസം അദ്ദേഹത്തെ ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴിയെ ഗൗരവമായി പരിഗണിച്ചിരുന്നില്ലെന്ന് പ്രോസിക്യൂട്ടഷന്‍ ചൂണ്ടിക്കാട്ടി.
ആശുപത്രി ജീവനക്കാരുടെ മൊഴിയും ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന പശ്ചാത്തലത്തില്‍ വകുപ്പ് 304 നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. പ്രതിയായ ശ്രീറാം ഒരു ഡോക്ടറായിട്ടുകൂടി തെളിവുകള്‍ നശിപ്പിക്കാനായി പരിശ്രമിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. അപകടത്തിന് ശേഷം സര്‍ക്കാര്‍ ഡോക്ടര്‍ നിര്‍ദേശിച്ച ആശുപത്രിയിലേക്കല്ല ശ്രീറാം പോയത്. വിടുതല്‍ ഹരജിയില്‍ ഐപിസി വകുപ്പ് 304 ഒഴിവാക്കിയത് തെറ്റാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
ഒക്ടോബര്‍ 19ാം തിയ്യതിയിലെ തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ ഉത്തരവാണ് സ്‌റ്റേ ചെയ്തത്. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി പരിഗണിച്ചാണ് നേരത്തെ വിചാരണ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തങ്ങള്‍ക്കെതിരേര 304ാം വകുപ്പ് നിലനില്‍ക്കില്ലെന്ന പ്രതിഭാഗം വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍, 304 (എ) പ്രകാരം മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം നിലനില്‍ക്കും.
10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാമായിരുന്ന കുറ്റത്തില്‍നിന്നാണ് പ്രതികള്‍ അന്ന് രക്ഷപ്പെട്ടത്. ശ്രീറാമിന്റെയും വഫയുടെയും വിടുതല്‍ ഹരജികള്‍ ഭാഗികമായി അനുവദിച്ചായിരുന്നു വിചാരണ കോടതി ഉത്തരവ്. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ വകുപ്പ് 185 പ്രകാരം മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം നിലനില്‍ക്കണമെങ്കില്‍ 100 മി.ലിറ്റര്‍ രക്തത്തില്‍ 30 മി.ഗ്രാം ആല്‍ക്കഹോള്‍ അംശം വേണമെന്നിരിക്കെ, പ്രോസിക്യൂഷന്‍ ഹാജരാക്കിയ 13ാം രേഖയായ കെമിക്കല്‍ അനാലിസിസ് റിപോര്‍ട്ടില്‍ പ്രതിയുടെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നത് നിരീക്ഷിച്ചായിരുന്നു അന്നത്തെ കോടതി ഉത്തരവ്.
എന്നാല്‍, അപകടത്തിന് തൊട്ടുപിന്നാലെ, രക്തസാംപിള്‍ എടുക്കുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ വൈകിപ്പിച്ചെന്നും ഡോക്ടറായ പ്രതി ബോധപൂര്‍വം തെളിവ് നശിപ്പിക്കാനാണിത് ചെയ്തതെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഇത് നിരാകരിച്ചാണ് അന്ന് കോടതി പ്രതികളുടെ വിടുതല്‍ ഹരജിയിലെ ആവശ്യം അംഗീകരിച്ചത്.